Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമരകം ഉണർന്നു, സഞ്ചാരികൾ വന്നുതുടങ്ങി

kumarakom വിനോദ സഞ്ചാരികളുമായി കുമരകം ചീപ്പുങ്കൽ ബോട്ട് ജെട്ടിയിലേയ്ക്ക് അടുക്കുന്ന വഞ്ചിവീട്. ചിത്രം: റെജു അർനോൾഡ്∙ മനോരമ

കോട്ടയം ∙ പ്രളയവും തകർത്ത കുമരകത്തേക്കു സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. 25 മുതൽ 40 ശതമാനം വരെ നിരക്കു കുറച്ചും  കുമരകം സുരക്ഷിതമാണെന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും റിസോർട്ടുകൾ നടത്തിയ നീക്കമാണു സഞ്ചാരികളെ  ആകർഷിക്കുന്നത്.

കേരളത്തിലേക്കുള്ള യാത്ര സംബന്ധിച്ചു വിദേശ സഞ്ചാര വെബ്സൈറ്റുകളും സർക്കാരുകളും നൽകിയിരുന്ന മുന്നറിയിപ്പുകൾ പിൻവലിച്ചതും സഹായകമായി. റിസോർട്ടുകളിൽ 25 ശതമാനത്തിൽ ഏറെ മുറികൾ നിറഞ്ഞു. 125 വഞ്ചിവീടുകളിൽ 25  വഞ്ചിവീടുകൾ ശനി, ഞായർ ദിവസങ്ങളിൽ കായലിൽ സഞ്ചാരികളുമായി പോയി. ഉത്തരേന്ത്യൻ സഞ്ചാരികൾ കൂടുതലായി എത്തുന്ന നവരാത്രി അവധി ദിനങ്ങളിലേക്ക് ബുക്കിങ് ആരംഭിച്ചത് പ്രതീക്ഷ നൽകുന്നു. യുകെ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ബുക്കിങ്ങുകളും പുനരാരംഭിച്ചു.

നാലു മാസവും മൂന്നു സഞ്ചാര സീസണുമാണു വേമ്പനാട് കായൽ ടൂറിസം മേഖലയ്ക്ക് നഷ്ടമായത്. ജൂൺ മുതൽ ഒക്ടോബർ വരെ ഗൾഫ്, യൂറോപ്പ്, ഉത്തരേന്ത്യ എന്നിവിടങ്ങളിലെ സ്കൂൾ അവധിക്കാല സഞ്ചാരികളാണു കുമരകത്ത് എത്താറുള്ളത്. യൂറോപ്പിലെ ശൈത്യകാലത്ത് കുമരകത്തു വരുന്ന സഞ്ചാരികളും വന്നില്ല. 25 ഹോട്ടലുകളിലും നൂറ്റൻപതിലേറെ വഞ്ചിവീടുകളിലുമായി ആയിരത്തിലേറെ മുറികൾ കുമരകത്തുണ്ട്.