വായ്പകൾക്ക് മോറട്ടോറിയം: വഴങ്ങാതെ ബാങ്കുകൾ; ജപ്തി നടപടി തുടരുന്നു

Representational image

തിരുവനന്തപുരം∙ പ്രളയം കണക്കിലെടുത്തു വായ്പകൾക്ക് ഒരു വർഷ മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ചില ബാങ്കുകൾ സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ തുടരുന്നു. ഇത് അടിയന്തരമായി നിർത്തിവയ്ക്കാൻ ധനവകുപ്പ് ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലും ചില ബാങ്കുകൾ വഴങ്ങുന്നില്ല. മൂന്നു മാസത്തേക്കു ജപ്തി നടപടികളിൽനിന്നു വിട്ടുനിൽക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയത്തിനു മുൻപുതന്നെ വായ്പകൾ മുടക്കിയവർക്കു മോറട്ടോറിയം ബാധകമല്ലെന്നു വാദിച്ചാണു ബാങ്കുകൾ ജപ്തി നോട്ടിസ് അയയ്ക്കലും ജപ്തി ചെയ്യലും തുടരുന്നത്. ഇത്തരത്തിൽ നോട്ടിസ് ലഭിക്കുന്നവരിൽ പ്രളയബാധിതരുമുണ്ട്.

ബാങ്കിങ് മേഖലയെത്തന്നെ ഇത്തരം നടപടികൾ ബാധിക്കുമെന്നു കണ്ടാണു സംസ്ഥാനതല ബാങ്കേഴ്സ് സമിതി വിഷയത്തിൽ ഇടപെട്ടത്. മറ്റു വായ്പകൾ എന്ന ഗണത്തിൽപെടുന്നത് ഒഴികെയുള്ള വായ്പകൾക്കെല്ലാം മോറട്ടോറിയം ബാധകമാണ്.