Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണി കരകയറുന്നു

മുംബൈ ∙ രണ്ടു ദിവസത്തെ വൻ തകർച്ചയ്ക്കു ശേഷം ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 304.83 പോയിന്റും നിഫ്റ്റി 82.40 പോയിന്റും ഉയർന്നു. എഫ്എംസിജി, മെറ്റൽ, ക്യാപ്പിറ്റൽ ഗുഡ്സ് ഓഹരികളിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതും രൂപയുടെ മൂല്യത്തിലെ ഇടിവിനു നേരിയ ശമനമുണ്ടായതുമാണു വിപണികൾക്കു കരുത്തായത്. രൂപയുടെ മൂല്യം അന്യായമായി ഇടിയാൻ അനുവദിക്കില്ലെന്നു കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അവലോകനം ഈയാഴ്ച പ്രധാനമന്ത്രി നടത്തുമെന്നതും ഓഹരി ഇടപാടുകാർക്ക് ആശ്വാസകരമായി.

ഡോളർ വിനിമയത്തിൽ 72.91 എന്ന നിലയിലേക്കു പതിച്ചശേഷം രൂപ തിരിച്ചുവന്നതും ഓഗസ്റ്റിലെ കയറ്റുമതിയിൽ വളർച്ചയുണ്ടായതുമെല്ലാം വിപണിയെ സ്വാധീനിച്ചു. രണ്ടുദിവസം കൊണ്ട് 977 പോയിന്റ് ഇടിഞ്ഞ ശേഷമാണ് സെൻസെക്സിന്റെ തിരിച്ചുവരവ്. 11,300 പോയിന്റിനു മുകളിലെത്താനായി എന്നതാണു നിഫ്റ്റിയുടെ ആശ്വാസം. വിനായക ചതുർഥി കാരണം ഇന്ന് ഓഹരി വിപണികൾക്ക് അവധിയാണ്.

സെൻസെക്സിൽ നേട്ടം കൊയ്ത ഓഹരിഇനങ്ങൾ: എഫ്എംസിജി (2.40%), മെറ്റൽ (1.52), ക്യാപ്പിറ്റൽ ഗുഡ്സ് (1.06), ഹെൽത്ത് കെയർ (0.76), കൺസ്യൂമർ ഡ്യൂറബിൾസ് (0.66), ഇൻഫ്രാസ്ട്രക്ചർ (0.49), ഐടി (0.46), ടെക് (0.34), ഓട്ടോ (0.25). ടെലികോം, റിയൽറ്റി, ബാങ്ക് ഓഹരികൾക്കു നഷ്ടത്തിലായിരുന്നു ക്ലോസിങ്.