Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവില 80 ഡോളറിലേക്ക്

oil-price-hike

ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 80 ഡോളറിലേക്ക് അടുക്കുന്നു. യുഎസ് എണ്ണ ലഭ്യതയിൽ കുറവുണ്ടായതോടെ വില ബാരലിന് 79.66 ഡോളർ ആയി. മേയിൽ എണ്ണവില 80 ഡോളർ മറികടന്നതിനുശേഷമുള്ള ഉയർന്ന നിരക്കാണിത്. യുഎസ് എണ്ണശേഖരത്തിൽ സെപ്റ്റംബർ ആദ്യ ആഴ്ചയിൽ 86 ലക്ഷം ബാരലിന്റെ കുറവുണ്ടായി. അതേ സമയം, യുഎസിന്റെ കിഴക്കൻതീരം ലക്ഷ്യമിട്ടു നീങ്ങുന്ന ചുഴലിക്കാറ്റ് എണ്ണ ഉൽപാദനത്തെ നേരിട്ടു ബാധിക്കില്ലെന്നാണു വിലയിരുത്തൽ.

ഇറാനെതിരെ ഉപരോധമേർപ്പെടുത്തിയ യുഎസ് നടപടി എണ്ണലഭ്യതയിൽ കുറവുണ്ടാക്കുമെന്ന് റഷ്യൻ ഊർജമന്ത്രി അലക്സാണ്ടർ നൊവാക് മുന്നറിയിപ്പു നൽകി. ഇറാനിൽനിന്നു വൻതോതിൽ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇതു വിപണിയിൽ അനിശ്ചിതത്വം ഉണ്ടാക്കും.

രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര എണ്ണവിപണി ദുർബലമാണ്. റഷ്യ എണ്ണ ഉൽപാദനം വർധിപ്പിക്കും. ഇടക്കാലത്തേക്ക് പ്രതിദിനം മൂന്നുലക്ഷം ബാരൽവരെ ഉൽപാദനം നടത്താനുള്ള ശേഷി റഷ്യയ്ക്കുണ്ടെന്നു നൊവാക് പറഞ്ഞു. ഇപ്പോൾ പ്രതിദിനം 110 ലക്ഷം ബാരൽ എണ്ണയാണ് റഷ്യ ഉൽപാദിപ്പിക്കുന്നത്.

യുഎസ് ഉപരോധം ഇറാനിൽനിന്നുള്ള എണ്ണ ലഭ്യത എത്രത്തോളം കുറയ്ക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും വില. പ്രതിദിനം കുറഞ്ഞതു 15 ലക്ഷം ബാരലിന്റെയെങ്കിലും കുറവുണ്ടായേക്കും. ഈ കുറവു നികത്താനായി ഒപെക് (എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടന) 10 ലക്ഷം ബാരലെങ്കിലും അധികം ഉൽപാദിപ്പിച്ചേക്കും.

ഇന്നത്തെ വർധന: പെട്രോൾ –13 പൈസ, ഡീസൽ –12 പൈസ

കൊച്ചി ∙ പെട്രോൾ, ഡീസൽ വിലകളിൽ വീണ്ടും വർധന. പെട്രോളിനു 13 പൈസയും ഡീസലിനു 12 പൈസയുമാണ് ഇന്നു കൂടിയത്. ഇതോടെ കൊച്ചി നഗരത്തിൽ പെട്രോൾ വില 83 കടന്നു. 83.08 രൂപയാണ് ഇന്നത്തെ വില. നഗരത്തിനു പുറത്ത് വില 84 കടന്നു. ഡീസൽ വില 77.07 ആയും ഉയർന്നു. നഗരത്തിനു പുറത്ത് ഒരു ലീറ്റർ ഡീസലിനു വില 78 കടന്നു. തിരുവനന്തപുരം നഗരത്തിൽ 84.16 രൂപയാണ് ഇന്നത്തെ വില. നഗരത്തിനു പുറത്ത് വില 85 കടന്നു. ഡീസൽ വില നഗരത്തിൽ 78.09 രൂപയാണ്. കോഴിക്കോട് നഗരത്തിൽ 83.86 രൂപയാണു പെട്രോൾ വില. ഡീസലിന് 77.82 രൂപ.