പ്രളയദുരിതത്തിൽ നിന്ന് കേരളത്തിന്റെ ഉയിർപ്പിന് ‘നവകേരള’ ഭാഗ്യക്കുറി

തിരുവനന്തപുരം ∙ മഹാപ്രളയത്തിന്റെ ദുരിതത്തിൽ നിന്ന് കേരളം മടങ്ങിവരവിന്റെ പാതയിലാണ്. കൂട്ടായ പ്രവർത്തനത്തിനൊപ്പം വിവിധയിടങ്ങളിൽ നിന്നു ലഭിക്കുന്ന സഹായങ്ങളും കൂടിയാകുമ്പോൾ സംസ്ഥാനത്തിന് ഈ ദുരന്തത്തെ മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. ദുരിതബാധിതരുടെ പുനരധിവാസവും ദുരന്തമേഖലയുടെ പുനർനിർമാണവും ഒരു ബൃഹത്ദൗത്യമാണ്.

പൊതുജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവുമുണ്ടെങ്കിൽ മാത്രമേ നമുക്ക് കേരളത്തെ വീണ്ടെടുക്കാനാവു. പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന സഹായം അത് എത്ര ചെറുതായാലും ഈ ലക്ഷ്യം കൈവരിക്കുന്നതിന് വലിയ മുതൽക്കൂട്ടാകും. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 'നവകേരള'  എന്ന പേരിൽ പുതിയ ഭാഗ്യക്കുറി പുറത്തിറക്കിയത്. പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമിതിക്കുമാണ് ഈ ഭാഗ്യക്കുറിയിൽ നിന്നുള്ള ലാഭം പൂർണമായും വിനിയോഗിക്കുക.

നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കുന്നതിനാണ് ലക്ഷ്യം. ഈ തുക പൂർണമായും ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും. സാധാരണ ഭാഗ്യക്കുറിയിൽ നിന്നു വ്യത്യസ്തമായി വലിയ സമ്മാനത്തുകയുടെ നേട്ടമല്ല നവകേരള ഭാഗ്യക്കുറി വിജയികളെ കാത്തിരിക്കുന്നത്. ഏറെപ്പേർക്കു കൂടുതൽ സമ്മാനങ്ങൾ എന്ന ഘടനയാണ് സമ്മാനങ്ങൾക്ക്. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേർക്കു ലഭിക്കും. 5000 രൂപ വീതമുള്ള 1,00,800 സമ്മാനങ്ങളും നൽകും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബർ മൂന്നിനാണ് നറുക്കെടുപ്പ്.

നമ്മുടെ നാടിന്റെ പുനർനിർമാണത്തിനുള്ള സഹകരണവും പിന്തുണയും നൽകുന്നതിനുള്ള അവസരം കേരള ഭാഗ്യക്കുറി ഒരുക്കുകയാണ്. യഥാർഥത്തിൽ ഇതൊരു ഭാഗ്യക്കുറിയല്ല, നാടിനെ പുനർനിർമ്മിക്കുന്നതിനുള്ള നിക്ഷേപമായി വേണം കാണേണ്ടത്. –  മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. 

ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാർക്കു പുറമേ താൽപര്യമുള്ള വ്യക്തികൾ, സന്നദ്ധ സാംസ്കാരിക സംഘടനകൾ, സർവീസ് സംഘടനകൾ, ക്ലബുകൾ, സ്കൂൾ – കോളജ് പിടിഎകൾ, റസിഡന്റ് അസോസിയേഷനുകൾ, മറ്റു കൂട്ടായ്മകൾ എന്നിവർക്ക് 'നവകേരള' ഭാഗ്യക്കുറി വിൽപ്പനയ്ക്കായി താൽകാലിക ഏജൻസി ലഭിക്കും. സൗജന്യമായാണ് ഏജൻസി ലഭിക്കുക. ഇതിനായി ചുമതലപ്പെട്ടവർ ആധാർ കാർഡ്/വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ഭാഗ്യക്കുറി ജില്ല/സബ് ഓഫിസിൽ ബന്ധപ്പെട്ടാൽ മതിയാകും. ഇതിനായി പ്രത്യേക സംവിധാനം എല്ലാ ഭാഗ്യക്കുറി ഓഫിസുകളിലും ലഭ്യമാണ്. ടിക്കറ്റിന് 25 ശതമാനം ഇളവ് ലഭിക്കും.