ഇന്ധന വിലവർധന: ബിജെപിയിൽ അതൃപ്തി; വിജയസാധ്യതകൾക്കു മങ്ങലേൽപിക്കുമെന്ന് ആശങ്ക

ന്യൂഡൽഹി ∙ പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരെ ബിജെപിക്കുള്ളിൽ അതൃപ്തി ശക്തിപ്പെട്ടു. എന്നാൽ, എക്സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കാനുള്ള കരുത്തു രാജ്യത്തിനില്ല. രൂപയുടെ മൂല്യം തകർന്നതും ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർധിച്ചതും കൂനിന്മേൽ കുരു.

ഇതേസമയം, തിരഞ്ഞെടുപ്പു വർഷം വില വർധിച്ചുകൊണ്ടിരിക്കുന്നതു പാർട്ടിയുടെ വിജയസാധ്യതകൾക്കു മങ്ങലേൽപിക്കുമെന്ന ആശങ്ക ‌പാർട്ടിയിൽ ശക്തമാണ്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നത്തിനു പരിഹാരം കാണാതിരിക്കില്ല. ജനങ്ങളുടെ അമർഷം അദ്ദേഹം മനസിലാക്കുന്നുണ്ടെ’ന്ന ആ‌ത്മവിശ്വാസമാണു പാർട്ടി നിർവാഹക സമിതിയിൽ പങ്കെടുത്ത നേതാക്കളിലൊരാൾ പ്രകടിപ്പിച്ചത്.

ഇന്ധനവിലയെച്ചൊല്ലി ജനങ്ങളുടെ ആശങ്ക പാർട്ടി പങ്കുവയ്ക്കുന്നുവെന്നു കഴിഞ്ഞ ദിവസം നിയമമന്ത്രി രവിശങ്കർ പ്രസാദും വെളിപ്പെടുത്തിയിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായി നടത്തിയ ചർച്ചയിലെ പ്രധാന വിഷയവും ഇതായിരുന്നു. എങ്കിലും, വിലക്കയറ്റത്തിനു കാരണമായ രാജ്യാന്തര കാരണങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നാണു പാർട്ടിയുടെയും സർക്കാരിന്റെയും പരസ്യ നിലപാട്.

മുൻ സർക്കാരിന്റെ കാലത്ത് ഇന്ധനവില വർധിച്ചപ്പോൾ മുൻ യുപിഎ സർക്കാർ പറഞ്ഞതും ഇതേ ന്യായമാണ്. അന്നു ക്രൂഡോയിൽ വില വീപ്പയ്ക്ക് 140 ഡോളർ വരെയെത്തിയിരുന്നു. എന്നാൽ, രാജ്യാന്തര കാരണമെന്ന വാദം അംഗീകരിക്കാൻ ബിജെപി അന്നു തയാറായില്ല. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായിരുന്ന സുഷമ സ്വരാജും അരുൺ ജയ്റ്റ്‌ലിയുമായിരുന്നു വിമർശകരുടെ മുൻനിരയിൽ. ഇന്ന്, സമാന സാഹചര്യത്തിൽ സർക്കാരിനെ ന്യായീകരിക്കേണ്ട മുഖ്യ ചുമതല ധനമന്ത്രിയായ ജയ്റ്റ്‌ലിക്കു തന്നെ.

‘ഗേറ്റ് പ്രൈസ്’ 40 രൂപ

ഇന്നലെ 14 പൈസ വീതം കൂടിയ പെട്രോൾ, ഡീസൽ വില ഇന്നു കൂടിയില്ല. മുംബൈയിൽ ലീറ്ററിന് 88.26 രൂപ വിലയായി.  മഹാരാഷ്ട്രയിലെ മറാ‌‌ഠ്‌വാഡ മേഖലയിൽ കഴിഞ്ഞ ദിവസം തന്നെ വില 90 രൂപ പിന്നിട്ടിരുന്നു. ഡൽഹിയിൽ 80.87 രൂപയാണു പെട്രോൾ വില. ഡീസൽ: മുംബൈ– 77.47, ഡൽഹി–72.97.

ശുദ്ധീകരണശാലയിൽനിന്നു പുറത്തെത്തുന്ന പെട്രോളിനു വില (ഗേറ്റ് പ്രൈസ്) 40.45 രൂപയാണ്. ഡീസലിന് 44.28 രൂപയും. ഉപയോക്താവു നൽകേണ്ടി വരുന്ന ബാക്കി തുക കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്നു പിഴിഞ്ഞെടുക്കുന്ന നികുതികളും വിൽപനക്കാർക്കുള്ള കമ്മിഷനും.

∙ രാജസ്ഥാനും ആന്ധ്രാപ്രദേശും  വില കുറച്ചതിനു പിന്നാലെ പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം കുറച്ചു. രാജസ്ഥാൻ രണ്ടര രൂപയും ആന്ധ്രപ്രദേശ് രണ്ടു രൂപയും വീതം വില കുറയുന്ന രീതിയിലാണു നികുതി പരിഷ്കരിച്ചത്.

നികുതി കുറയ്ക്കാൻ എളുപ്പമല്ല

നിലവിലെ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ നികുതികൾ കുറ‌യ്ക്കാൻ കേന്ദ്ര സർക്കാരിന് എളുപ്പമല്ല. നികുതി നാലു രൂപയോളം കുറച്ചാൽ 60,000 കോടി രൂപയോളം വരുമാനം കുറയും. അങ്ങനെയായാൽ, ആയുഷ്മാൻ ഭാരത്, എല്ലാവർക്കും പാർപ്പി‌ടം, സ്വച്ഛ് ഭാരത്, റോഡ് വികസനം, ഗ്രാമീണ വൈദ്യുതീകരണം, ഉജ്വല തുടങ്ങി പ്ര‌ധാന പദ്ധതികൾക്കു പണമില്ലാതാകും. രൂപയുടെ മൂല്യമിടിഞ്ഞതിനൊപ്പം ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കൂടിനി‌ൽക്കുന്നു. അധികാരമേറ്റ ശേഷം ഏറ്റവും വലിയ സാമ്പത്തിക വെല്ലുവിളിയാണു ‌സർക്കാർ നേരിടുന്നത്.