രൂപയുടെ മൂല്യത്തകർച്ച, എണ്ണ വിലക്കയറ്റം: സംസ്ഥാനങ്ങൾക്ക് അപ്രതീക്ഷിതനേട്ടം 23,000 കോടി

കൊച്ചി ∙ രൂപയുടെ മൂല്യത്തകർച്ചയും അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും മൂലം ഈ സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് 22,702 കോടി രൂപ അധിക നികുതി ലാഭമുണ്ടാകുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം. ബജറ്റിൽ ഉൾപ്പെടാത്ത ഈ അധിക ലാഭം ഉപയോഗിച്ചു സംസ്ഥാനങ്ങൾക്ക് പെട്രോൾ, ഡീസൽ വിലകളിൽ കുറവു വരുത്താനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.  ഇന്ധനത്തിനേർപ്പെടുത്തുന്ന ഉയർന്ന വാറ്റ് നികുതിയാണ് ഈ ലാഭത്തിനു പിന്നിൽ. ഇന്ധനവില ഒരു ഡോളർ കൂടുമ്പോൾ 19 പ്രമുഖ സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന ശരാശരി അധികലാഭം 1513 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതു സംസ്ഥാനങ്ങളുടെ കറന്റ് അക്കൗണ്ട് കമ്മി 0.15 മുതൽ 0.20 വരെ ശതമാനം കുറയ്ക്കും.

ഈ ലാഭമുപയോഗിച്ച്, ബജറ്റിനെ ബാധിക്കാത്ത തരത്തിൽ പെട്രോൾ വില ലീറ്ററിന് ശരാശരി 3.20 രൂപ വരെയും ഡീസൽ വില 2.5 രൂപ വരെയും കുറയ്ക്കാനാകുമെന്നാണു പഠനം. എസ്ബിഐ ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ. സൗമ്യകാന്തി ഘോഷിന്റെ നേതൃത്വത്തിലാണു പഠനം നടത്തിയത്. ശരാശരി എണ്ണവില ബാരലിന് 75 ഡോളറും ഡോളർവില 72 രൂപയുമാണെന്നു കണക്കാക്കിയാണു തുക നിർണയിച്ചത്.

39.12% വാറ്റ് ഉള്ള മഹാരാഷ്ട്രയ്ക്കാണു കൂടുതൽ വില കുറയ്ക്കാനാകുക. കേരളത്തിന് കഴിഞ്ഞ വർഷത്തേക്കാൾ 908 കോടിയുടെ അധിക വരുമാനമാണു വിലക്കയറ്റം കൊണ്ടുണ്ടാവുകയെന്നാണു കണക്ക്. ഇതനുസരിച്ചു പെട്രോൾ വിലയിൽ 3.3 രൂപയും ഡീസൽ വിലയിൽ 2.6 രൂപയും കുറയ്ക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.