പ്രളയം: തേയില ഉൽപാദനം കുറഞ്ഞു; വില കൂടി

കൊച്ചി ∙ കനത്ത മഴയിൽ തേയില ഉൽപാദനം കുറഞ്ഞതോടെ തേയില വില കൂടി. സാദാ തേയിലയ്ക്കു കിലോയ്ക്ക് എട്ടു രൂപ വരെയും മേൽത്തരം തേയിലയ്ക്കു 15 രൂപ മുതൽ 20 രൂപ വരെയുമാണു വർധന.

മാസങ്ങൾ നീണ്ടുനിന്ന കനത്ത മഴയിൽ കൊളുന്തുകൾ നശിക്കുകയായിരുന്നു. വെള്ളം കെട്ടിനിന്നു തേയിലച്ചെടിക്കു പലയിടത്തും നാശമുണ്ടായി. മലിയിടിച്ചിലിൽ തേയിലച്ചെടികൾ നഷ്ടപ്പെടുകയും ചെയ്തു. ഒരാഴ്ചയിലേറെ മിക്ക തോട്ടങ്ങളിലും മഴമൂലം പണി നടന്നതുമില്ല. ഇതൊക്കെ കൊണ്ട് കൊളുന്ത് കുറഞ്ഞതോടെ മിക്ക ഫാക്ടറികളും ഉൽപാദനം മൂന്നു ഷിഫ്റ്റിൽ നിന്ന് ഒരു ഷിഫ്റ്റിലേക്കു മാറ്റി.

ഉൽപാദിപ്പിച്ച തേയില വിപണിയിലേക്കു കൊണ്ടുവരാൻ റോഡില്ലാത്ത സ്ഥിതിയും ചിലയിടങ്ങളിലുണ്ട്. നെല്ലിയാമ്പതിയിൽ റോഡ് തകർന്നതിനാൽ തേയില താഴേക്കു കൊണ്ടുവരാനാവുന്നില്ല. ലേലത്തിന് അയയ്ക്കാൻ തേയില ഇല്ലാത്ത അപൂർവ സ്ഥിതിയാണിപ്പോഴുള്ളത്.അതിനാൽ വില കൂടിയിട്ടും ഉൽപാദകർക്ക് അതുകൊണ്ടു നേട്ടമില്ലാത്ത സ്ഥിതിയാണ്. പ്രളയക്കെടുതികൾ മൂലം തേയില ഉൽപാദനത്തിൽ 70 ലക്ഷം കിലോയുടെ കുറവാണു കണക്കാക്കുന്നത്.