Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂചിക 505 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും ഇടിവ്

sensex

മുംബൈ ∙ രൂപ വീണ്ടും ഇടിഞ്ഞതും വ്യാപാര യുദ്ധം ഉയർത്തുന്ന ആശങ്കയും ഓഹരി വിപണിക്ക് തിരിച്ചടിയായി. സെൻസെക്സ് 38,000 ന് താഴെ 37,585.51ൽ അവസാനിച്ചു. നഷ്ടം 505.13 പോയിന്റ്. നിഫ്റ്റി 137.45 പോയിന്റ് കുറഞ്ഞ് 11,377.75ൽ എത്തി. രൂപയെ രക്ഷിക്കാൻ പ്രഖ്യാപിച്ച നടപടികൾക്കും വിപണിയെ രക്ഷിക്കാനായില്ല. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് സൂചികകളെ താഴ്ത്തിയത്.

വിലത്തകർച്ചയെത്തുടർന്ന് നിക്ഷേപകരുടെ ആസ്തിയിൽ ഒരു ലക്ഷം കോടിയുടെ നഷ്ടം രേഖപ്പെടുത്തി. 140 ഓഹരികൾ 52 ആഴ്ചത്തെ താഴ്ന്ന നിലവാരത്തിലെത്തി.

കഴിഞ്ഞ രണ്ട് പ്രവൃത്തിദിവസങ്ങളിൽ സെൻസെക്സ് 677 പോയിന്റ് ഉയർന്നിരുന്നു. ഏഷ്യൻ, യൂറോപ്യൻ വിപണികളും മാന്ദ്യത്തെ നേരിട്ടു. നഷ്ടം നേരിട്ട പ്രമുഖ സെക്ടറുകൾ: ഊർജം 1.30%, എഫ്എംസിജി 1.20%, ബാങ്കെക്സ് 1.08%, ഓട്ടമൊബീൽ 1%, മെറ്റൽ 0.29%, പിഎസ്‌യു 0.25%, ഓയിൽ ആൻഡ് ഗ്യാസ് 0.21%.

രൂപ ഇടിഞ്ഞു; 72.51

മുംബൈ ∙ രണ്ടു ദിവസം കരുത്തു കാട്ടിയ രൂപയ്ക്കു തിരിച്ചടി. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 67 പൈസ കുറഞ്ഞ് 72.51ൽ എത്തി. 72.50ൽ വ്യാപാരം ആരംഭിച്ച രൂപ 72.70 വരെ എത്തിയിരുന്നു. 72.30 വരെ ഉയർന്നെങ്കിലും പിന്നീടു താഴ്ന്നു. എണ്ണവിലയിലെ കയറ്റവും തിരിച്ചടിയായി. വിദേശനാണ്യ കരുതൽ ശേഖരം ഒരു വർഷത്തിനിടെ ആദ്യമായി 40000 കോടി ഡോളറിനു താഴെയെത്തി; 39928 കോടി ഡോളർ. രൂപയെ പിടിച്ചുനിർത്താൻ ആർബിഐ ഡോളർ വിറ്റഴിക്കുന്നതു മൂലമാണ് കരുതൽ ശേഖരം കുറയുന്നത്.