Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനോദസഞ്ചാരം: കേരളം സജ്ജമെന്ന് കണ്ണന്താനം

tourism-kannamthanam ഇന്ത്യാ ടൂറിസം മാർട്ട് 2018 ന്റെ ഉദ്ഘാടനവേളയിൽ പഞ്ചാബ് ടൂറിസം മന്ത്രി നവജോത് സിങ് സിദ്ദു, കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം, പീയൂഷ് ഗോയൽ എന്നിവർ.

ന്യൂഡൽഹി ∙ പ്രളയകാലത്തെ അതിജീവിച്ച കേരളം വിനോദസഞ്ചാരികളെ വരവേൽക്കാൻ സജ്ജമായതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ടൂറിസം മന്ത്രാലയം ആദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യ ടൂറിസം മാർട്ടില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മുന്നൂറോളം ടൂറിസം സംരംഭകരെ കണ്ണന്താനം കേരളത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ടൂറിസം മാർട്ട് ഉദ്ഘാടനം ചെയ്തു. 

ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കു കൈകോർക്കാൻ അവസരമൊരുക്കുന്ന ടൂറിസം മാ‌ർട്ട് ഇന്നു സമാപിക്കും. മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണു ലക്ഷ്യം. കേരള ടൂറിസം വകുപ്പിന്റെ സ്റ്റാളും മാർട്ടിലുണ്ട്. ടൂറിസം മന്ത്രാലയം 27 വരെ നടത്തുന്ന പര്യടൻ പർവ് പ്രദർശനത്തിൽ ഇക്കുറി കേരള സ്റ്റാളുകളില്ല. പ്രളയക്കെടുതിയെ തുടർന്നാണ് ആരും വരാത്തതെന്നാണു ടൂറിസം സംഘാടകർ നൽകുന്ന വിശദീകരണം.  കുടുംബശ്രീ അടക്കം മുൻവർഷങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. 

ടൂറിസം പ്രചാരത്തിനു  ഹബ്ബുകൾ 

ന്യൂഡൽഹി ∙ ഇന്ത്യയുടെ ടൂറിസം പ്രചാരത്തിന് എട്ടു ഹബ്ബുകൾ  കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ശക്തിപ്പെടുത്താൻ ടൂറിസം മന്ത്രാലയം. ഇതിന്റെ ഭാഗമായി നേരത്തേ മന്ത്രാലയം നേരിട്ടു നടത്തിയിരുന്ന നാൽപതോളം കേന്ദ്രങ്ങൾ പൂർണമായും നിർത്തി. എട്ട് ഓഫിസുകൾ നിലനിർത്തി ഇവയെ മേഖലാടിസ്ഥാനത്തിൽ ശക്തിപ്പെടുത്താനാണു തീരുമാനം. ഓഫിസുകളിൽ ഉന്നത പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ മാത്രമേ നിയോഗിക്കൂവെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. ഇവയ്ക്കു പുറമേ,  മറ്റു രാജ്യങ്ങൾക്കു പൊതുവായി പിആർ കൺസോർഷ്യത്തെ നിയോഗിക്കാനും തീരുമാനമുണ്ട്. 

ചൈനയിൽ നിന്നു കൂടുതൽ ടൂറിസ്റ്റുകളെ എത്തിക്കുന്നതിന്റെ ഭാഗമായി ചൈനയിൽ പ്രത്യേക ഉപദേശകനെ നിയോഗിക്കുമെന്നും കണ്ണന്താനം അറിയിച്ചു.   കഴിഞ്ഞ വർഷം മാത്രം 2.4 ലക്ഷം സഞ്ചാരികൾ ചൈനയിൽ നിന്നെത്തി.  ഈ വർഷം ഇതു 10 ശതമാനമെങ്കിലും വർധിപ്പിക്കുകയാണു ലക്ഷ്യം.