Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തില്‍ നഷ്ടം 113 കോടി; ഇൻഷുറൻസ് വാങ്ങാൻ സപ്ലൈകോയ്ക്കു മടി

SUPPLYCO

കണ്ണൂർ∙ കർഷകരിൽ നിന്നു സംഭരിച്ച നെല്ലും സംസ്കരിച്ചെടുത്ത അരിയും വെള്ളപ്പൊക്കത്തിൽ നശിച്ചു 112.94 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടും ഇൻഷുറൻസ് തുക നേടിയെടുക്കുന്നതിനുള്ള സപ്ലൈകോ നീക്കം ഇഴയുന്നു. മില്ലുകളിൽ അവശേഷിക്കുന്ന ധാന്യം അനുദിനം ഈർപ്പം കയറി നശിക്കുമ്പോൾ, കേടാവാത്ത അരി തിരിച്ചറിയാൻ ലാബ് പരിശോധന പോലും പൂർത്തിയാക്കിയില്ല. ക്ലെയിം അനുവദിക്കുന്ന കാര്യത്തിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനി അനുകൂല നിലപാടെടുത്തിട്ടും ഇടനിലക്കാരായി (ഇൻഷുറൻസ് ബ്രോക്കർ) കൊച്ചിയിലെ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയതിലും ദുരൂഹത.

നെല്ലു സംഭരണ പദ്ധതിയിലെ നെല്ലിനും അരിക്കുമായി ഓരോ മാസവും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയിൽ സപ്ലൈകോ ലക്ഷങ്ങളുടെ  പ്രീമിയം അടയ്ക്കുന്നുണ്ട്. സംസ്ഥാനത്തെ 27 മില്ലുകളിലായി 24216.19 ടൺ നെല്ലും 26131.61 ടൺ അരിയുമാണു വെള്ളപ്പൊക്കത്തിൽ നശിച്ചത്. 5115 ടൺ നെല്ലും 2401 ടൺ അരിയും ബാക്കിയുണ്ടെന്നാണു കഴിഞ്ഞ 29നു സർക്കാരിനു സമർപ്പിച്ച കണക്ക്. വെള്ളം കയറാത്ത മേൽത്തട്ടിലെ ചാക്കുകൾ സുരക്ഷിതമാക്കണമെന്നു സപ്ലൈകോ വിളിച്ച യോഗത്തിൽ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. അതിനാൽ പുതിയ കണക്കെടുപ്പിൽ നഷ്ടം കൂടും. ഇൻഷുറൻസ് കമ്പനിയുടെ കണക്കെടുപ്പ് ഇന്ന് അവസാനിക്കും. എട്ടു മില്ലുകളിലെ മോശമായ നെല്ലും അരിയും ഒഴിവാക്കാൻ സമ്മതമറിയിച്ചിട്ടുണ്ടെങ്കിലും, ഉപയോഗിക്കാവുന്നതും ഉപയോഗിക്കാൻ കഴിയാത്തതുമായ ധാന്യം പരിശോധിച്ചു കണക്കെടുക്കാൻ ഭക്ഷ്യവകുപ്പു നിയോഗിച്ച സംയുക്ത സാങ്കേതിക സമിതി, സംയുക്ത പരിശോധനാ സമിതി എന്നിവയുടെ നടപടികൾ എങ്ങുമെത്തിയിട്ടില്ല. 

ഇൻഷുറൻസ് കമ്പനിയിൽനിന്നു പരമാവധി തുക വാങ്ങിയെടുക്കാൻ നിയമപ്രകാരമാണു സ്വകാര്യ കമ്പനിയെ ഇൻഷുറൻസ് ബ്രോക്കറായി നിയമിച്ചതെന്നാണു ഭക്ഷ്യവകുപ്പ് വിശദീകരണം. സാങ്കേതിക സമിതിയെയും പരിശോധനാ സമിതിയെയും നിയോഗിച്ചത് എഫ്സിഐ മാനദണ്ഡപ്രകാരമാണ്. ഇൻഷുറൻസ് കമ്പനിയുമായി തർക്കമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണു സ്വീകരിച്ചിട്ടുള്ളതെന്നും ഭക്ഷ്യവകുപ്പ് പറയുന്നു.

related stories