Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധിമുട്ട് വരാതിരിക്കാൻ

Author Details
462284433, knee-replacement-surgery

പ്രായമുള്ളവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പ്രശ്നമുണ്ട്. ‘കസേരയിൽ നിന്ന് എഴുന്നേൽക്കാൻ വയ്യ... നടക്കുമ്പോൾ വല്ലാത്ത മുട്ടു വേദന... പടി കയറാനും പ്രയാസം.’ പലരും ഈ വേദനകൾ കടിച്ചിറക്കി കാലം കഴിക്കും. കാൽമുട്ടുകൾ കൈകൊണ്ട് വലിച്ചു വച്ചും വളഞ്ഞുപുളഞ്ഞു നടന്നും അവർ മറ്റുള്ളവരുടെ കണ്ണിലും വേദനയുടെ കണ്ണികളാവും. രണ്ടു മണിക്കൂർ മാത്രം നീളുന്ന ആധുനിക ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് അവർ ജീവിതകാലം മുഴുവൻ കൊണ്ടു നടക്കുന്നതെന്ന് ഓർക്കുന്നില്ല. 

കാൽമുട്ടുകൾക്കു തേയ്മാനമോ സന്ധിവാതമോ ആണ് വേദനയ്ക്കു കാരണം. നടക്കാനും പടികയറാനും ദിനചര്യകൾ നിർവഹിക്കാൻ പോലും ബുദ്ധിമുട്ടും. കുറച്ചു കൂടി കഴിഞ്ഞാൽ ഇരിക്കുമ്പോഴും കിടക്കുമ്പോഴും പോലും വേദന അനുഭവപ്പെടും. മരുന്നുകൾ കൊണ്ടോ ഫിസിയോതെറപ്പി കൊണ്ടോ വേദന മാറിയെന്നു വരില്ല. മുട്ടിന്റെ ഈ വേദന മാറ്റാൻ മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വൈദ്യശാസ്ത്രം നിർദേശിക്കുന്നത്.

1968 ൽ ആണ് ആദ്യമായി മുട്ടു മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ചെയ്യുന്നത്. അതിനു ശേഷം ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിലവാരം വളരെയേറെ വർധിച്ചു. വൈദ്യശാസ്ത്രത്തിൽ തന്നെ ഏറ്റവും ഫലപ്രദമായ ശസ്ത്രക്രിയകളിൽ ഒന്നായി മാറി മുട്ടുമാറ്റിവയ്ക്കൽ. 

ശരീരത്തിലെ ഏറ്റവും വലിയ സന്ധിയാണ് കാൽമുട്ട്. തുടയെല്ലും കാലിന്റെ എല്ലും കൂടിച്ചേരുന്ന ഭാഗമാണിത്. കാൽമുട്ടിന്റെ ആരോഗ്യം നമ്മുടെ ദൈനംദിനചര്യകളിൽ ഏറ്റവും പ്രധാനമാണ്. കാൽമുട്ടിന്റെ മുൻഭാഗത്താണ് മുട്ട്ചിരട്ട. ഈ എല്ലുകളുടെ അറ്റത്തു കാർട്ടിലേജ് എന്ന മിനുസമായ ഒരു പ്രതലമുണ്ട്. എല്ലുകൾ തമ്മിൽ ഉരസാതെയും വേദനയില്ലാതെയും ചലിപ്പിക്കാൻ സഹായിക്കുന്നതാണ് കാർട്ടിലേജ്. എല്ലുകൾക്കിടയിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ രണ്ട് മെനിസ്കസുകളാണ് ഷോക്അബ്സോർബർ ആയി പ്രവർത്തിക്കുന്നത്. എല്ലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിഗമന്റ്സ് ആണു മുട്ടിന് ഉറപ്പു നൽകുന്നത്. മുട്ടിനു ചുറ്റുമുള്ള മാംസ പേശികൾ ശക്തിയും പകരുന്നു. എല്ലാ ഭാഗങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോഴാണ് വേദനയില്ലാതെ കാൽമുട്ടുകൾ ചലിപ്പിക്കാൻ സാധിക്കുന്നത്. തേയ്മാനത്തിലൂടെ ഒത്തൊരുമയാണ് നഷ്ടപ്പെടുന്നത്. അതോടെ വേദന കൊണ്ട് പുളയാൻ തുടങ്ങും. 

 തേയ്മാനത്തിന്റെ  കാരണങ്ങൾ

1. ഒസ്റ്റിയോ ആർത്രൈറ്റിസ്

പ്രായാധിക്യം കൊണ്ട് മുട്ടിൽ സംഭവിക്കുന്ന തേയ്മാനമാണിത്. എല്ലുകളെ പൊതിയുന്ന കാർട്ടിലേജ് നശിക്കുകയോ, നഷ്ടപ്പെടുകയോ ചെയ്യുന്നു. അപ്പോൾ എല്ലുകൾ തമ്മിൽ ഉരയുന്നു, കാൽമുട്ടിൽ വേദനയും ഉണ്ടാകും. ഭാരക്കൂടുതൽ ഉള്ളവർക്കു തേയ്മാനം വേഗം സംഭവിക്കുന്നു. 

2. സന്ധിവാതം

കാൽമുട്ടിനു ചുറ്റും കാണുന്ന സൈനോവിയൽ മെംബ്രേൻ എന്ന ആവരണത്തിൽ നീർക്കെട്ട് വരുന്നു. ഈ നീർക്കെട്ട് കാർട്ടിലേജിലോട്ട് പടരുകയും പതുക്കെ കാർട്ടിലേജ് നഷ്ടപ്പെടുകയും ചെയ്യുന്നു. അപ്പോഴാണ് മുട്ടിനു വേദനയും ചലിപ്പിക്കാൻ വിഷമവും ഉണ്ടാകുന്നത്. 

3. മുട്ടിലെ പരുക്കുകൾ

മുട്ടിലെ എല്ലുകൾക്കുണ്ടാകുന്ന പരുക്കുകൾ, ലിഗമന്റ്സിനു സംഭവിക്കുന്ന കേടുപാടുകൾ എന്നിവ മൂലവും കാർട്ടിലേജ് നഷ്ടപ്പെടാം. വേദനയും ചലനക്ഷമത കുറയുകയുമാണ് ഇവിടെയും സംഭവിക്കുന്നത്. 

  മുട്ട് മാറ്റി വയ്ക്കൽ വേണ്ടി വരുന്നതെപ്പോൾ

– മുട്ടിന് ഉണ്ടാകുന്ന കഠിനമായ വേദന

– നടക്കുമ്പോഴും പടി കയറുമ്പോഴും കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോഴും വേദന.

– വെറുതേ ഇരിക്കുമ്പോഴും മുട്ടിൽ വേദന. 

– മരുന്നു കൊണ്ടോ വിശ്രമം കൊണ്ടോ വേദന പരിഹരിക്കപ്പെടാതെ വരിക. 

– കാൽമുട്ടുകൾക്കു വളവ് ഉണ്ടാവുക. 

 ശസ്ത്രക്രിയക്കു മുൻപു  നടത്തേണ്ട പരിശോധനകൾ, ചികിൽസകൾ

രക്തസമ്മർദം, ഇസിജി എന്നിവ ചെയ്യണം. മരുന്നുകളോട് അലർജി ഉണ്ടോ എന്നതു പരിശോധിക്കണം. പല്ലുകളിൽ കേടോ പോടോ ഉണ്ടെങ്കിൽ അവ ചികിൽസിക്കണം. മൂത്രത്തിൽ അണുബാധയുണ്ടെങ്കിൽ ചികിൽസിക്കണം. ജനറൽ അനസ്തേഷ്യയോ സ്പൈനൽ അനസ്തേഷ്യയോ നൽകിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. രോഗിക്ക് അനുയോജ്യമായ അനസ്തേഷ്യ ഏതെന്നു കണ്ടെത്തണം. 

ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ മാത്രം നീളുന്നതാണ് ശസ്ത്രക്രിയ. കേടുപാടു സംഭവിച്ച കാർട്ടിലേജ് നീക്കം ചെയ്ത് അതേ ആകൃതിയിലുള്ള ലോഹഭാഗം ഒട്ടിക്കും. 

മുട്ടിന്റെ വളവുകൾ മാറ്റിയ ശേഷമായിരിക്കും ഇതു ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം കാലിന്റെ ഞരമ്പിനു ചുറ്റും കത്തീറ്റർ കടത്തി വേദനസംഹാരി കുത്തിവയ്ക്കും. ഞരമ്പുകൾ മരവിക്കുന്നതോടെ വേദന അറിയാത്ത അവസ്ഥയിലാവും. ഇവിടെ ഒരു ചെറിയ പമ്പ് കൂടി ഘടിപ്പിച്ച് ഘട്ടംഘട്ടമായി മരുന്നു കുത്തിവയ്ക്കും. വേദനയില്ലാതെ നടക്കാനും ഇതോടെ രോഗിക്കു സാധിക്കും. 

ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ ഫിസിയൊതെറപ്പിയും ആരംഭിക്കും. മുട്ടിനു ചുറ്റുമുള്ള മാംസപേശികളെ ശക്തിപ്പെടുത്തും. അടുത്ത ദിവസം തന്നെ രോഗിയെ നടത്താൻ തുടങ്ങും. കട്ടിലിൽ കിടന്നു കൊണ്ടുതന്നെ മുട്ട് മടക്കാൻ യന്ത്ര സഹായവും ലഭ്യമാക്കും. കാലിലെ നീരു കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും ഇതു സഹായകമാണ്. 

രോഗിക്കു തനിയെ നടക്കാൻ കഴിയുന്ന അവസ്ഥയിൽ എത്തിയാൽ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യും. പരമാവധി ഒരാഴ്ച. രണ്ട് ആഴ്ചയ്ക്കുള്ളിൽ സ്റ്റിച്ചും എടുക്കും. വീട്ടിൽ എത്തിയ ശേഷം വ്യായാമം തുടരേണ്ടതുണ്ട്.

 വീട്ടിലെ വ്യായാമ രീതികൾ

– ആദ്യം വീട്ടിനുള്ളിലും പിന്നീട് പുറത്തും നടക്കണം. 

– പടി കയറുക.

– ഫിസിയൊതെറപ്പിസ്റ്റ് പരിശീലിപ്പിച്ച വ്യായാമങ്ങളും ചെയ്യുക. 

– ആറ് ആഴ്ചയ്ക്കുള്ളിൽ രോഗി സാധാരണ നിലയിലാവും. വാഹനം ഓടിക്കാൻ പോലും സാധിക്കും. 

  പ്രശ്നങ്ങൾ

ഒരു ശതമാനത്തിൽ താഴെ രോഗികളിൽ മാത്രമേ ശസ്ത്രക്രിയയ്ക്കു ശേഷം പ്രശ്നങ്ങൾ ഉണ്ടാവാറുള്ളൂ. രാത്രിയിലെ നേരിയ വേദനയും പ്രവൃത്തികൾക്കു ശേഷമുള്ള വേദനയും ഓന്നോ രണ്ടോ മാസം വരെ തുടർന്നേക്കാം. കാലിലെ ഞരമ്പിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയും അപൂർവമായി കാണാറുണ്ട്. വ്യായാമങ്ങൾ കൊണ്ട് ഇതും പരിഹരിക്കാവുന്നതേ ഉള്ളൂ.