Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈന–യുഎസ് വ്യാപാര സംഘർഷം: ഇന്ത്യയ്ക്ക് ആശങ്കയും അൽപം ആശ്വാസവും

China-US-flag

ചൈനയുമായി യുഎസിനുള്ള സൗന്ദര്യപ്പിണക്കം തുടങ്ങിയിട്ട് മാസങ്ങളായി .നീതിയുക്തമല്ലാത്ത വ്യാപാര രീതി, ബൗദ്ധികാവകാശ ലംഘനം; ചൈനയ്ക്കെതിരെ യുഎസ് നിരത്തുന്ന പ്രധാന ആരോപണങ്ങൾ ഇവയാണ്. തുടക്കത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ജൂണിൽ എല്ലാ രാജ്യങ്ങളിൽനിന്നുള്ള ഉരുക്ക്, അലുമിനിയം ഇറക്കുമതിക്ക് 10%, 25% തീരുവ ചുമത്തി.

ഇതുവഴി 10000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി പ്രതിസന്ധി നേരിട്ടു. ഏറ്റവും ഒടുവിലായി ചൈനയെ പിടിച്ചു കുലുക്കി ചൈനയിൽ നിന്നുള്ള 20000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്കുകൂടി ഇറക്കുമതി തീരുവ ചുമത്തി. വ്യാപാര യുദ്ധം ഈ രണ്ടു രാജ്യങ്ങളെ മാത്രമല്ല ബാധിക്കുക. സാമ്പത്തിക വളർച്ചയിൽ കുതിപ്പിനു തയാറെടുക്കുന്ന ഇന്ത്യയെയും ഇതു സ്വാധീനിക്കും.

us-china-exim

രൂപ ആശങ്കയിൽ

കഴിഞ്ഞ ഒരു മാസമായി രൂപയുടെ മൂല്യം ഇടിയുകയാണ്. ചില അവസരങ്ങളിൽ 1968 കാലഘട്ടത്തിലെ മൂല്യത്തിന് അടുത്തുവരെ എത്തിയിരുന്നു. വ്യാപാര യുദ്ധം മുറുകുന്നതോടെ രൂപയുടെ ചാഞ്ചാട്ടം തുടരുമെന്നാണു വിദഗ്ധരുടെ കണക്കുകൂട്ടൽ. വ്യാപാര കമ്മി ഉയരും. ഇത് സാമ്പത്തിക രംഗത്ത് പ്രകടമായ ചലനങ്ങൾക്ക് വഴിവയ്ക്കും.

രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ആർബിഐ ഡോളർ വിറ്റഴിക്കുന്നത് വിദേശനാണ്യ കരുതൽ ശേഖരത്തെ ബാധിച്ചുതുടങ്ങി. കരുതൽ ശേഖരം ഒരു വർഷത്തിനിടെ ആദ്യമായി 40000 കോടി ഡോളറിനു താഴെയെത്തി; 39928 കോടി ഡോളർ.

നികുതിഭാരം

അലുമിനിയം, ഉരുക്ക് ഉൽപന്നങ്ങൾക്ക് യുഎസ് തീരുവ ചുമത്തിയതോടെ ഇന്ത്യയ്ക്ക് ഏകദേശം 24 കോടി ഡോളർ അധിക തീരുവയായി നൽകണം. മറുപടി നൽകി യുഎസിൽ നിന്നുള്ള 30 ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ ചുമത്തി. ഇതുവഴി 23.8 കോടി ഡോളർ ഇന്ത്യയ്ക്കു കിട്ടും. എന്നാൽ തീരുവ വർധന ബാധിക്കുന്നത് ഉപയോക്താക്കളെയാണ്. ഉൽപന്ന വില കൂടും. അസംസ്കൃത ഉൽപന്ന വില വർധിക്കും. മോട്ടോർ ബൈക്ക്, ഭക്ഷ്യ ഉൽപന്ന വിലയും ഉയരും.

ഓഹരികൾക്കും തിരിച്ചടി

വ്യാപാര യുദ്ധം മുറുകുന്നത് ഓഹരി വിപണിക്കും തിരിച്ചടിയാവുകയാണ്. കരുതലോടെയാണു നിക്ഷേപകർ നീങ്ങുന്നത്. ആഗോള വിപണികളുടെ ചലനം ഇന്ത്യൻ വിപണിയെ സ്വാധീനിക്കും. വിദേശ നിക്ഷേപവും കുറഞ്ഞേക്കും.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ നിർബന്ധിതമാകും. ഇറക്കുമതി ചെലവ് കൂടുമ്പോൾ ആഭ്യന്തര ഉൽപന്ന വില കൂടും. ഇത് നാണ്യപ്പെരുപ്പം ഉയർത്തും. ഫലം പലിശനിരക്ക് ഉയർത്തേണ്ടി വരും. ഇത് ഇന്ത്യയിലെ ഓഹരി, കടപ്പത്ര വിപണികൾക്കു ഭീഷണിയാകും. ഈ വർഷം രണ്ടു തവണ പലിശ ഉയർത്തിക്കഴിഞ്ഞു. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഏകദേശം നാലു ലക്ഷം കോടി ഡോളറിന്റെ കടപ്പത്രങ്ങളും, പണയപ്പെടുത്തിയ ഓഹരികളും ഫെഡറൽ റിസർവിന്റെ കയ്യിലുണ്ട്. ഇതിന്റെ ഘട്ടം ഘട്ടമായുള്ള വിൽപന തുടങ്ങി. യുഎസ് സാമ്പത്തിക രംഗത്തുണ്ടാകുന്ന നേരിയ ചലനംപോലും ഇന്ത്യയെ ബാധിക്കും. പ്രധാനമായും മൂന്നു ഘടകങ്ങളാണുള്ളത്; ഉയർന്ന തീരുവ, പലിശനിരക്കിലെ വർധന, കടപ്പത്ര വിൽപന.

കയറ്റുമതിക്കു നേട്ടം

ചൈനയിൽനിന്നുള്ള കയറ്റുമതി കുറഞ്ഞാൽ ഈ വിടവ് നികത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞേക്കാം. ജെം ആൻഡ് ജ്വല്ലറി, തുണിത്തരങ്ങൾ, ടെക്സ്റ്റൈൽ മേഖലകൾ ഇന്ത്യയ്ക്ക് ഗുണകരമാകും. എന്നാൽ ചൈനയെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കേണ്ടി വരും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 42% കയറ്റിറക്കുമതിയാണ്.

സോയാബീൻ കയറ്റുമതിക്കും ഇന്ത്യയിൽ വൻ സാധ്യതയുണ്ട്. ചൈന പ്രതിവർഷം 10 കോടി ടൺ സോയാബീൻ ഇറക്കുമതി നടത്തുന്നുണ്ട്. ഇതിൽ നല്ല പങ്കും സോയാബീൻ എണ്ണ, ഭക്ഷ്യവസ്തുക്കൾ എന്നിവയാക്കി കയറ്റുമതി നടത്തുകയാണ്. ഇറക്കുമതി തീരുവ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ചൈനയിൽനിന്നുള്ള കയറ്റുമതി കുറയും. മറ്റു രാജ്യങ്ങളിൽനിന്നുള്ള ആവശ്യം നിറവേറ്റാൻ ഇതുവഴി ഇന്ത്യയ്ക്കു കഴിയും.

എണ്ണ വില

യുഎസിൽ നിന്നുള്ള എണ്ണ കയറ്റുമതി നിലച്ചാലും ചൈനയ്ക്കു പേടിക്കാനില്ല. മറ്റു രാജ്യങ്ങളിൽനിന്ന് എണ്ണ കിട്ടും. ലോകത്തിൽ എണ്ണ ഇറക്കുമതിയിൽ മുന്നിലാണു ചൈന. ഇതോടെ യുഎസിൽ ഇന്ധനം കെട്ടിക്കിടക്കും. രാജ്യാന്തര വിപണിയിൽ എണ്ണ വില കുറയാനും വഴിയൊരുക്കും.  ഇന്ത്യയ്ക്ക് ഇതു നേട്ടമാകും. എന്നാൽ ആഗോള വ്യാപാര മേഖല പ്രതിസന്ധിയിലാകുമെന്നതിനാൽ എത്രകാലം വിലക്കുറവിൽ ലഭിക്കുമെന്നു വ്യക്തമല്ല.

വിദേശ നിക്ഷേപത്തെ ബാധിക്കും

ആഗോള വിപണികളിലെ ആശങ്ക നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ബാധിച്ചേക്കാം. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള നീക്കത്തിലാണ്. പലിശനിരക്ക് ഉയർന്നതോടെ യുഎസ് വിപണിയിലുള്ള നിക്ഷേപവും ആകർഷകമായിത്തുടങ്ങിയിട്ടുണ്ട്. വരുമാനം 2.8 ശതമാനം വരെ എത്തി. ഇതോടൊപ്പം ഇന്ത്യയിൽ നാണ്യപ്പെരുപ്പം ഉയരുന്നതും ഇന്ത്യൻ വിപണിയിലെ നിക്ഷേപത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. യുഎസിൽ പലിശ ഇനിയും ഉയർന്നാൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള കൂടുതൽ പണം പുറത്തേക്ക് ഒഴുകും.