Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറ്റി ഗ്യാസ് പദ്ധതി: ഏഴു ജില്ലയിൽക്കൂടി ലൈസൻസ്

PTI2_20_2016_000239B

കൊച്ചി ∙ കേരളത്തിലെ ഏഴു ജില്ലയിൽക്കൂടി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നതിനുള്ള ലൈസൻസ് ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് ലിമിറ്റഡിന്. പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കു പുറമേ കണ്ണൂരിനെ തൊട്ടുകിടക്കുന്ന മാഹിയിലും കമ്പനി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കും. 17 ലക്ഷം അടുക്കളകളിൽ വാതകം ലഭ്യമാകുന്നതിനാണു സാധ്യത തെളിയുന്നത്. വാഹന ഇന്ധനമായ സിഎൻജി ലഭ്യമാക്കുന്നതിനായി ഈ ജില്ലകളിൽ 597 ഗ്യാസ് സ്റ്റേഷനുകളും സ്ഥാപിക്കും.

കേരളത്തിൽ  കുത്തക ഐഒഎജിപിഎല്ലിന്

പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി അതോറിറ്റി (പിഎൻജിആർബി) രാജ്യത്തെ 86 മേഖലകളിൽ പദ്ധതി നടപ്പാക്കുന്നതിനായി വിളിച്ച ടെൻഡറിലാണ് ഇന്ത്യൻ ഓയിൽ–അദാനി ഗ്രൂപ് സംയുക്ത സംരംഭമായ ഐഒഎജിപിഎൽ കേരളം പിടിച്ചത്. കേരളത്തിലെ ആദ്യ സിറ്റി ഗ്യാസ് പദ്ധതി എറണാകുളത്തു നടപ്പാക്കുന്നതും ഐഒഎജിപിഎല്ലാണ്. 

പദ്ധതിക്കായി ടെൻഡർ വിളിച്ച മറ്റ് ഏഴു ജില്ലകളിലെക്കൂടി ലൈസൻസ് സ്വന്തമാക്കിയതോടെ കേരളത്തിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ കുത്തകയാണു കമ്പനിക്കു ലഭിക്കുന്നത്. 2016 ഫെബ്രുവരിയിൽ തന്നെ കൊച്ചിയിൽ സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ 1500ൽ താഴെ ഗാർഹിക കണക്‌ഷൻ മാത്രമാണു നൽകാനായത്. 

പൈപ് ലൈൻ ഈ വർഷം

കൊച്ചി-മംഗളൂരു വാതക പൈപ് ലൈൻ കടന്നുപോകുന്നതോ സാമീപ്യമുള്ളതോ ആയ ജില്ലകളിലാണു സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. പൈപ് ലൈൻ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണു ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ. പാചക ആവശ്യത്തിനുള്ള പ്രകൃതിവാതകം പൈപ്പിലൂടെ (പിഎൻജി-പൈപ്ഡ് നാച്ചുറൽ ഗ്യാസ്) അടുക്കളകളിൽ എത്തിക്കുന്നതിനൊപ്പം വാഹനങ്ങൾക്കു സിഎൻജി ലഭ്യമാക്കുന്നതും സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമാണ്. 

രാജ്യത്ത് 2020–നകം ഒരു കോടി വീടുകളിൽ സിറ്റി ഗ്യാസ് എത്തിക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 86 മേഖലകളിൽ കൂടി ടെൻഡർ നൽകിയതോടെ 70,000 കോടി രൂപയുടെ നിക്ഷേപമാണു കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. അദാനി ഗ്യാസിനാണ് ഏറ്റവും കൂടുതൽ മേഖലകളിൽ ലൈസൻസ് ലഭിച്ചത്; 13 എണ്ണം. കേരളം ഉൾപ്പെടെ മറ്റ് ഒൻപതു മേഖലകളിൽ ഇന്ത്യൻ ഓയിലുമായി ചേർന്നും അദാനി ലൈസൻസ് നേടി.