Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോർ’ ഇടപാട്: ആമസോണിൽ എത്തുന്നത് ആദ്യ ഇന്ത്യൻ ഇ–കൊമേഴ്സ് കമ്പനിയും

k-vaitheeshwaran കെ.വൈതീശ്വരൻ

തിരുവനന്തപുരം∙ ആദിത്യ ബിർള ഗ്രൂപ്പിന്റെ റീട്ടെയ്ൽ ശൃംഖലയായ 'മോർ' ഇ–കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഭാഗമാകുമ്പോൾ തൊണ്ണൂറുകളിൽ ആരംഭിച്ച രാജ്യത്തെ ആദ്യ ഇ–കൊമേഴ്സ് കമ്പനി കൂടിയാണ് ആമസോണിന്റെ പാളയത്തിലെത്തുന്നതെന്നത് അധികമാർക്കുമറിയാത്ത കഥ! പരാജയത്തിന്റെ രുചിയറിയാനായിരുന്നു ഫ്ലിപ്കാർട്ടിനും സ്നാപ്ഡീലിനുമൊക്കെ മുൻപ് 1999ൽ ആരംഭിച്ച ആദ്യ ഇ–കൊമേഴ്സ് സ്ഥാപനമായ ഫാബ്മാർട്ടിന്റെ വിധി. പ്രമുഖ ഐടി കമ്പനിയായ വിപ്രോയിൽ നിന്നു രാജിവച്ച അഞ്ച് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഫാബ്മാർ‌ട്ടിന്റെ റീട്ടെയ്ൽ ശൃംഖലയായ ഫാബ്മാളാണു 2007ൽ ആദിത്യ ബിർള ഗ്രൂപ്പ് ഏറ്റെടുത്ത് 'മോർ' എന്ന ബ്രാൻഡ് ആക്കിയത്. ഹൈദരാബാദ് ആസ്ഥാനമായ ത്രിനേത്ര ഗ്രൂപ്പിനെയും ഫാബ്മാളിനെയും ഒരുമിച്ചാണു ബിർള ഏറ്റെടുത്തത്.

റീട്ടെയ്ൽ‌ ശൃംഖല ബിർളയ്ക്കു വിറ്റശേഷവും ഇന്ത്യാപ്ലാസ എന്ന പേരിൽ ഓൺലൈൻ വ്യാപാരം തുടർന്നെങ്കിലും ഫ്ലിപ്കാർട്ടിനോടുള്ള മത്സരത്തിൽ ചുവടുപിഴച്ചു 2013ൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. ഫാബ്മാർട്ടിന്റെ പരാജയത്തെക്കുറിച്ചു സ്ഥാപകരിലൊരാളായ കെ.വൈതീശ്വരൻ എഴുതിയ 'ഫെയ്‍ലിങ് ടു സക്സീഡ്' എന്ന പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുന്നത് ആമസോണിലും ഫ്ലിപ്കാർട്ടിലുമാണെന്നതു മറ്റൊരു കൗതുകം. ബെംഗളൂരുവിലെ പുതുതലമുറ സ്റ്റാർട്ടപ്പുകൾക്ക് ഉപദേശം നൽകുന്ന തിരക്കിലാണു വൈതീശ്വരനിപ്പോൾ. നിലവിൽ ഏറ്റെടുക്കലിൽ ഉൾപ്പെട്ട ബ്രാൻഡുകളുമായി യാതൊരു ബന്ധവുമില്ലെങ്കിലും ആമസോണിന്റെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം 'മനോരമ'യോടു പറഞ്ഞു.

ഫാബ്മാർട്ടിന്റെ സ്ഥാപകരിൽ പലരും ചേർന്നു പിന്നീട് തുടങ്ങിയ ബിഗ് ബാസ്കറ്റ് കമ്പനിയാണ് ഇനി ഓൺലൈൻ പലചരക്ക് വ്യാപാരരംഗത്ത് ആമസോണിന്റെ പ്രധാന എതിരാളിയെന്നതും യാദൃശ്ചികമാകാം. ചൈനീസ് ഇ–വ്യാപാരകമ്പനിയായ ആലിബാബ ഫെബ്രുവരിയിൽ 1980 കോടി രൂപയാണ് ബിഗ് ബാസ്കറ്റിൽ നിക്ഷേപിച്ചത്. ആലിബാബയാകട്ടെ രാജ്യാന്തര രംഗത്ത് ആമസോണിന്റെ മുഖ്യ എതിരാളിയും!