Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടമകളുടെ മനസ്സിൽ കാർ മേഘം

Car

എവിടെ പറയണം, ഇനി എന്തു ചെയ്യണം– പ്രളയത്തിൽ കാർ മുങ്ങിപ്പോയ ഉടമകളുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ഡീലർമാരും ഇൻഷുറൻസുകാരും വ്യക്തമായ ഉത്തരം നൽകുന്നില്ലെന്നാണു വ്യാപക പരാതി. ടോട്ടൽ ലോസായി കണക്കാക്കിയ കാറുകളുടെ കാര്യത്തിൽ ഒരു കേസ് പോലും തീർപ്പാക്കാത്തതും ഉടമകളിൽ ആശങ്കയേറ്റിയിട്ടുണ്ട്. വിവിധ സർവീസ് സെന്ററുകളിൽ നിന്ന് പ്രളയം ബാധിച്ച വെറും നാലും അഞ്ചും വാഹനങ്ങൾ വീതം മാത്രമാണ് ഇതുവരെ അറ്റകുറ്റപ്പണി കഴിഞ്ഞ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ പലതും സ്വന്തമായി കാശുമുടക്കിയവരുടേതാണ്. സുരക്ഷിതത്വമില്ലാതെ സർവീസ് സെന്ററുകളിൽ കിടക്കുന്ന വാഹനങ്ങൾക്ക് ദിവസം ചെല്ലുന്തോറും കൂടുതൽ നാശം നേരിടുമോ എന്ന വേവലാതിയിലാണ് ഉടമകൾ. ഇതോടെ ടാക്സി ഓടിച്ച് ഉപജീവനം കഴിക്കുന്നവരും വെട്ടിലായിരിക്കുകയാണ്.

എന്നാൽ‌ സർവേ ജോലികൾ പൂർത്തിയാക്കി സർവേയർമാർ റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ച മുതൽ സമർപ്പിച്ചു തുടങ്ങിയിട്ടുള്ളതിനാൽ ക്ലെയിം തീരുമാനങ്ങൾക്ക് ഒക്ടോബർ ആദ്യത്തോടെ വേഗം വർധിച്ചേക്കും. ശരാശരി 500 പ്രളയ ബാധിത വാഹനങ്ങൾ വീതം ഓരോ സർവീസ് സെന്ററുകളിലും അറ്റകുറ്റപ്പണിക്ക് എത്തിയിട്ടുണ്ടെന്നാണു കണക്ക്. സ്വകാര്യ വർക്‌ഷോപ്പുകളുടെ കണക്ക് ഇതിനു പുറമേയാണ്. ചേരാനല്ലൂരിൽ ഒരു വ്യക്തി മൂന്ന് വർക്‌ഷോപ്പ് ഒറ്റയടിക്കു തുടങ്ങിയിട്ടും പ്രളയബാധിത വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നു പറയുന്നു.

എന്നാൽ, ഉടമകൾ കൃത്യമായ രേഖകൾ സമർപ്പിക്കാത്തതും സ്വാഭാവിക നടപടിക്രമങ്ങളുടെ താമസവുമാണ് ഇതിന്റെ കാരണമെന്നും ഇൻഷുറൻസ് കമ്പനിക്കാർ പറയുന്നു. ഇതിനിടയിൽ നൂറുകണക്കിനു പ്രളയബാധിത വാഹനങ്ങൾ പാർക്ക് ചെയ്യാൻ അധികം സ്ഥലം വാടകയ്ക്കെടുത്തിട്ടും തികയാതെ ചക്രശ്വാസം വലിക്കുകയാണ് സർവീസ് സെന്ററുകൾ. ഇൻഷുറൻസിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ വണ്ടികൾ യാർഡിൽ പാർക്ക് ചെയ്യുന്നതിന് 500 രൂപ വരെ ഒരു ദിവസം ഈടാക്കുന്നെന്ന പരാതിയുമുണ്ട്. ഏഴര ലക്ഷം രൂപ വിപണി വിലയുള്ള കാറിന് 15 ലക്ഷം രൂപ അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് നൽകിയതും വാർത്തയായിരുന്നു.

ഏറ്റെടുക്കുന്ന വാഹനങ്ങൾ സ്ക്രാപ്പ് ഏജൻസികൾക്ക് (salvage agency) ലേലം ചെയ്തു കൊടുക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതാണു നിലവിലെ പ്രതിസന്ധിയിൽ പ്രധാന വില്ലൻ. മൂന്നു ഏജൻസികളിൽ നിന്നെങ്കിലും ക്വട്ടേഷൻ ക്ഷണിച്ചു മാത്രമേ കരാർ ഉറപ്പിക്കാൻ നിയമപരമായി സാധിക്കൂ. നിലവിൽ മുപ്പത്തഞ്ചോളം ഏജൻസികൾ കേരളത്തിലുണ്ട്. സർവേയർ ഏജന്റുമാർക്കാണ് ഇതിന്റെ ഉത്തരവാദിത്തം. ഓൺലൈൻ വഴിയും സ്ക്രാപ്പ് വിൽപനയുടെ സാധ്യത പരിശോധിക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾ അവർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽക്കൂടി തീരുമാനമായാൽ ടോട്ടൽ ലോസ് കേസുകൾ അതിവേഗം തീർപ്പായേക്കും. ഒക്ടോബർ പകുതിയോടെ വലിയ ക്ലെയിമുകളിലെ തീരുമാനം ഉടമകളെ അറിയിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ഇൻഷുറൻസ് കമ്പനികൾ.

അൽപം ശ്രദ്ധിക്കണം ഉടമകളും

വാഹനത്തോടൊപ്പം ആർസി ബുക്ക്, ഇൻഷുറൻസ് കടലാസ് എന്നിവ നൽകി ഇൻഷുറൻസ് ക്ലെയിം ഫോം ഒപ്പിട്ടു നൽകാത്തതു താമസത്തിനു കാരണമാകുന്നുണ്ട്. കൂടാതെ സെക്കൻഡ് ഹാൻഡ് വാങ്ങിയ വാഹനങ്ങളുടെ ആർസിയും ഇൻഷുറൻസും സ്വന്തം പേരിലേക്കു മാറ്റാത്തതും വിലങ്ങുതടിയാണ്. പ്രളയം ബാധിച്ച സ്ഥലത്തെ ഉടമയുടെ വിലാസമല്ല ആർസിയിൽ എന്നത് ഇൻഷുറൻസ് നടപടിക്രമങ്ങൾ സങ്കീർണമാക്കുന്നു.

ഇൻഷുറൻസ് പ്രീമിയം തുക ലാഭിക്കാൻ ഐഡിവി(വാഹനം ഇൻഷുർ ചെയ്യുന്ന മൊത്തം മൂല്യം) കുറച്ചു കാട്ടിയതും പലർക്കും നഷ്ടമുണ്ടാക്കിയിരിക്കുകയാണ്. ഇത്തരം വാഹനങ്ങൾ ലോൺ എടുത്ത് വാങ്ങിയതാണെങ്കിൽ നഷ്ടപരിഹാരത്തുക ലോണിലേക്കു വരവുവയ്ക്കാനേ തികയൂ. അതിനാൽ ടോട്ടൽ ലോസ് കണക്കാക്കാതെ നന്നാക്കാനുള്ള തുക അനുവദിച്ചുകിട്ടാൻ ഉപഭോക്താക്കളുടെ സമ്മർദമുണ്ടെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു.

ഉടമകളുടെ ആശങ്ക

പ്രളയ വാഹനങ്ങൾ സർവീസ് സെന്ററിൽ എത്തിക്കാൻ ഒട്ടുമിക്ക കാർ കമ്പനിക്കാരും സൗജന്യ സേവനം നൽകിയിരുന്നു. സർവീസ് സെന്ററിലെത്തിച്ച വാഹനങ്ങളുടെ നഷ്ടം വിലയിരുത്താൻ സർവേയർമാർ വരുന്നതു തൊട്ടാണ് പരാതി തുടങ്ങുന്നത്. ആകെ എഴുപതോളം സർവേയർമാരാണ് എറണാകുളം ജില്ലയിൽ ഉള്ളത്. കേരളത്തിലാകെ 280ഉം. ഒരാൾക്ക് ഒരു ദിവസം പരമാവധി 13–15 റിപ്പോർട്ടുകൾ മാത്രമേ തയാറാക്കാൻ സാധിക്കൂ. തമിഴ്നാട്ടിൽ നിന്നുവരെ അധിക സർവേയർമാരെ ഇറക്കിയിട്ടും തികയാത്ത അവസ്ഥയാണ്. സർവേ ജോലിക്ക് ഏജൻസികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ടയർവരെ മുങ്ങിയ എ കാറ്റഗറി, ഡാഷ് ബോർഡ് വരെ മുങ്ങിയ ബി കാറ്റഗറി, മുഴുവൻ മുങ്ങിയ സി കാറ്റഗറി എന്നിങ്ങനെയാണ് കാറിന്റെ നഷ്ടം കണക്കാക്കുന്നത്. ഇതിൽ എ കാറ്റഗറി ഇൻഷുറൻസ് അപ്രൂവ് ചെയ്യാൻ സർവേയർക്ക് നേരിട്ടു സാധിക്കും. ഏകദേശം 50,000 രൂപ വരെയുള്ള അറ്റകുറ്റപ്പണിയാണ് ഇതിൽ പെടുക. ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ തീർപ്പു കൽപിച്ചതും ഈ വിഭാഗത്തിലാണ്. എന്നാൽ ബി, സി കാറ്റഗറികൾ തീർപ്പാക്കുന്നത് സർവേയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികളാണ്. ഈ വിഭാഗത്തിലുള്ള ക്ലെയിമുകളിൽ എന്തു തീർപ്പാണ് ഇൻഷുറൻസ് കമ്പനികൾ നടത്തുകയെന്നു സർവേയർമാർക്ക് പറയാൻ കഴിയാത്തതാണ് ഉടമകളെ അനിശ്ചിതത്വത്തിൽ നിർത്തുന്നത്.

ലോൺ എടുത്തു വാങ്ങിയ വാഹനം ടോട്ടൽ ലോസ് ആണെങ്കിൽ ബാങ്കിൽനിന്ന് നിരാക്ഷേപ പത്രം ലഭിച്ചാൽ മാത്രമേ ഇൻഷുറൻസ് കമ്പനികൾക്ക് തുക കൈമാറാൻ സാധിക്കൂ. ഇതും കാലതാമസത്തിന് ഇടയാക്കുന്നു. ഇതു വേഗത്തിലാക്കാൻ ഐഡിവി തുകയുടെ 50% ആദ്യമേ ഉടമയ്ക്കു നൽകാൻ തയാറാണെന്നു ചില ഇൻഷുറൻസ് കമ്പനികൾ അറിയിച്ചിട്ടുണ്ട്. അപ്പോഴും ബാങ്കിൽ അടയ്ക്കേണ്ട ബാക്കി തുക ഉടമ തൽക്കാലത്തേക്കു കണ്ടെത്തേണ്ടി വരും. പേപ്പറുകൾ എല്ലാം ശരിയായാൽ 7–10 ദിവസത്തിനുള്ളിൽ മുഴുവൻ തുകയും ഉടമയുടെ അക്കൗണ്ടിൽ എത്തുമെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ വാഗ്ദാനം.

ടോട്ടൽ ലോസ് അടുത്തമാസം തീർക്കും

ഇതുവരെ സർവേയർമാർ നൽകിയ റിപ്പോർട്ടിന്മേൽ 50,000 രൂപ വരെയുള്ള 1800 ക്ലെയിമുകളാണു തീർപ്പു കൽപിച്ചത്. ഈ മാസം അവസാനത്തോടെ ഇത് 2500ൽ എത്തിക്കും. സ്പെയർ‌ പാർട്സിന്റെ ലഭ്യതക്കുറവും ആവശ്യമായ രേഖകൾ ഉടമകൾ സമർപ്പിക്കാത്തതുമാണ് നടപടികൾ നീണ്ടുപോകാൻ കാരണം. സർക്കാർ നിർദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാൽ ഏതാനും ദിവസം പിന്നെയും താമസം വന്നേക്കാം. ഓഫിസ്തല ജോലികൾ തീർക്കാൻ ചെന്നൈയിൽ നിന്നടക്കം ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ടോട്ടൽ ലോസ് കേസുകൾ ഒക്ടോബർ പകുതിയോടെ പൂർണമായും തീർപ്പാക്കാൻ സാധിക്കുമെന്നാണു കരുതുന്നത്.

അറ്റകുറ്റപ്പണി ക്ലെയിമുകൾക്കായിരിക്കും പിന്നീട് തിരക്ക് അനുഭവപ്പെടുക. ടോട്ടൽ ലോസ് വാഹനങ്ങൾ ഡിസ്പോസ് ചെയ്യേണ്ട ഉത്തരവാദിത്തം സർവേയർമാർക്കാണ്. ക്വട്ടേഷൻ ക്ഷണിച്ചാണ് അതിന് ആളെ തിരഞ്ഞെടുക്കുക. കൂടാതെ ടോട്ടൽ ലോസ് കേസുകളിൽ വിവിധ തലത്തിലുള്ള വെരിഫിക്കേഷൻ നിർബന്ധമാണ്. അതിന്റെകൂടി താമസമാണ് ഇപ്പോൾ നേരിടുന്നത്. ചെന്നൈ പ്രളയത്തിൽ പെട്ട കാറുകൾ 5, 6 മാസം കഴിഞ്ഞാണ് തീർപ്പു കൽപിച്ചു നൽകിയത്.

ജോൺ ഫിലിപ്
ന്യൂ ഇന്ത്യ അഷുറൻസ്
കേരള ഹെഡ്

പ്രതികരണങ്ങൾ...

25 ദിവസമായി വണ്ടി ഡീലറെ ഏൽപിച്ചിട്ട്. ടോട്ടൽ ലോസ് ആണെന്നാണു പറഞ്ഞത്. ഇൻഷുറൻസ് സർവേയർ റിപ്പോർട്ട് തയാറാക്കി പോയിട്ട് പിന്നെ അനക്കമൊന്നുമില്ല. ഒക്ടോബർ ആകും ഒരു തീരുമാനം വരാനെന്നാണ് അറിയാൻ കഴിഞ്ഞത്. ടോട്ടൽ ലോസ് ആയ വണ്ടി ഞാൻ തന്നെ തിരിച്ചെടുത്ത് നിയമപരമായ 60% നഷ്ടപരിഹാരം തരണമെന്ന് ഇൻഷുറൻകാരോടു പറഞ്ഞിട്ട് അവർ സമ്മതിക്കുന്നില്ല. 30% മാത്രമേ തരാനാവൂ എന്നാണു പറയുന്നത്. വണ്ടി അവർ എടുത്ത് 100% തുക തന്നാൽ ലോൺ അടച്ചുതീർക്കാനേ തികയൂ. മറ്റതാകുമ്പോൾ ആ 60% തുക ഉപയോഗിച്ച് വണ്ടി എങ്ങനെയെങ്കിലും നന്നാക്കിയെടുക്കുകയെങ്കിലും ചെയ്യാം. – ഡി.അനിൽകുമാർ, മേക്കാലടി

ഓഗസ്റ്റ് 28–നാണ് വണ്ടി സർവീസ് സെന്ററിൽ കൊടുത്തത്. നിലവിൽ വിപണി വില ഏഴര ലക്ഷം രൂപയുള്ള എന്റെ വണ്ടിക്ക് 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഡീലർ തന്നത്. ഇൻഷുറൻസ് സർവേയർ വന്ന് ടോട്ടൽ ലോസ് എന്നു പറഞ്ഞുപോയ പോക്കാണ്. പിന്നെ ഒരു അറിവുമില്ല. വിളിച്ചാലും മറുപടിയില്ല. സമയമെടുക്കുമെന്നാണു പറയുന്നത്. വണ്ടി ഇപ്പോൾ സർവീസ് സെന്ററിൽ കിടക്കുകയാണ്. അതിന് ഒരു ദിവസം എന്റെ കയ്യിൽ നിന്ന് 500 രൂപ അവർ വാടക ഈടാക്കുന്നുണ്ട്. ടോട്ടൽ ലോസിന്റെ നഷ്ടപരിഹാരം കിട്ടിയാൽ തന്നെ ഒരു വലിയ തുക ആ വടക കൊടുക്കാൻ ഉപയോഗിക്കേണ്ടി വരും. ഇൻഷുറൻസിൽ ഇനിയും തീരുമാനം ആയില്ലെങ്കിൽ കയ്യിൽ നിന്നു കാശെടുത്ത് അവർക്കു കൊടുക്കേണ്ടിവരും. – ഫ്രെഡി ഫിലിപ്, പറവൂർ

സ്റ്റിയറിങ്ങിനൊപ്പം വെള്ളം കയറിയിരുന്നു. കുറേ വിളിച്ചിട്ടാണ് ഇൻഷുറൻസ് സർവേയർ വന്നു നോക്കിയത്. പിന്നെ കുറേ ദിവസം മറുപടിയൊന്നും ഉണ്ടായില്ല. പല തവണ വിളിച്ചപ്പോൾ തിരക്കിലാണെന്നും ഉടനെ ഇൻഷുറൻസ് കിട്ടുന്ന കാര്യം സംശയമാണെന്നും പറഞ്ഞു. ഇൻഷുറൻസിന്റെ കാര്യം അനിശ്ചിതത്വത്തിലായതിനാൽ കയ്യിൽനിന്നു പണംമുടക്കി അടുത്തുള്ള വർക്‌ഷോപ്പിൽ കൊണ്ടുപോയി നന്നാക്കാമെന്നാണ് ഇപ്പോൾ വിചാരിക്കുന്നത്. എന്നാൽ വർക്‌ഷോപ്പുകളിൽ അടുക്കാൻ പറ്റാത്തത്ര തിരക്കാണ്. – സുമിത്ര സത്യൻ, ചേരാനല്ലൂർ

വണ്ടി മുങ്ങിക്കിടക്കുന്ന ചിത്രം ഇല്ലെന്ന കാരണത്താൽ ഇൻഷുറൻസ് നൽകാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. എല്ലാം സ്ഥലവും മുങ്ങിയിരുന്നതിനാൽ വണ്ടി കിടന്ന സ്ഥലത്തേക്കു പോകാനോ, ഫോട്ടോ എടുക്കാനോ പ്രളയ സമയത്ത് സാധിച്ചിരുന്നില്ല. ഡാഷ്ബോർഡ് ലെവലിൽ വാഹനം മുങ്ങിപ്പോയിരുന്നു. ഇനി കയ്യിൽ നിന്നു പണം മുടക്കി വാഹനം നന്നാക്കുകയേ രക്ഷയുള്ളു എന്നു സർവീസ് സെന്ററുകാർ പറഞ്ഞിട്ടുണ്ട്. – എം.എ. ജയചന്ദ്രൻ, മലയാറ്റൂർ

ഇൻഷുറൻസുകാരുടെ ഭാഗത്തുനിന്നു തീരുമാനമൊന്നും വരാത്തതിനാൽ വാഹനങ്ങൾ കെട്ടിക്കിടക്കുകയാണ്. 134 വണ്ടികളാണ് ഇവിടെ മാത്രം പ്രളയം ബാധിച്ച് എത്തിച്ചത്. അതിൽ 4 വണ്ടികൾ മാത്രമാണ് പണികഴിഞ്ഞ് ഇറക്കാൻ സാധിച്ചത്. ഇൻഷുറൻസുകാർ റിപ്പോർട്ട് തന്നാൽ മാത്രമേ അറ്റകുറ്റപ്പണി തുടങ്ങാൻ സാധിക്കൂ. പാർക്ക് ചെയ്യാൻ സ്ഥലമില്ല. രണ്ടും മൂന്നും ലക്ഷം രൂപ വാടകയ്ക്ക് യാർഡുകൾ പ്രളയ വണ്ടികൾക്കു മാത്രമായി എടുത്തിരിക്കുകയാണ്. കൂടാതെ ദിവസം ഒരു വണ്ടിക്ക് നൂറു രൂപ നിരക്കിൽ പാർക്കിങ്ങ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. പ്രളയം ബാധിക്കാത്ത വണ്ടികളുടെ റഗുലർ സർവീസും ഇതുമൂലം തടസ്സപ്പെടുകയാണ്. ആൾ ക്ഷാമവും രൂക്ഷം. ഇൻഷുറൻസ്കാരുടെ ഭാഗത്തുനിന്ന് ജോലികൾ വേഗത്തിലാക്കിയാലേ ഇതിനെല്ലാം പരിഹാരമാകൂ. – ജിയോ പാത്താടൻ, സർവീസ് ഹെഡ് മലയാളം ടാറ്റ

സർവേകൾ പൂർത്തിയാക്കി റിപ്പോർട്ടുകൾ ഇപ്പോൾ സമർപ്പിക്കുന്നതേയുള്ളു. ഇരുപതിനായിരത്തോളം വാഹനങ്ങളാണ് സർവേ ചെയ്യേണ്ടിയിരുന്നത്. സ്ക്രാപ്പുകൾ ഏറ്റെടുക്കാൻ ഏജൻസികളുമായി കരാറിലെത്താൻ വൈകുന്നതാണ് ടോട്ടൽ ലോസ് കേസുകൾ തീർപ്പാക്കാൻ വൈകുന്നത്. അതിനും വേഗം കൂട്ടിയിട്ടുണ്ട്. ഒരു ഏജൻസി ചിലപ്പോൾ ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രമായിരിക്കും എടുക്കുക. എന്നാലും നിയമമനുസരിച്ച് മൂന്ന് ഏജൻസികളിൽ നിന്നെങ്കിലും ക്വട്ടേഷൻ ക്ഷണിക്കണം. കാലതാമസത്തിന്റെ പ്രധാന കാരണം അതാണ്. വീടുകളിൽ ചെന്നുള്ള സർവേകൾക്കാണ് കൂടുതൽ സമയമെടുത്തത്. പലപ്പോഴും വീട്ടുകാർ അവിടെയില്ലാത്തതിനാൽ മടങ്ങിപ്പോരേണ്ടിവന്നു. വർക്‌ഷോപ്പുകളിൽ സ്പെയർ പാർട്സ് ലഭ്യമല്ലാത്തതും തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഒക്ടോബർ പകുതിയോടെ ഏതാണ്ടെല്ലാ കേസിലും തീർപ്പു കൽപ്പിക്കും.

പി.എ. സന്തോഷ്
കേരള ചാപ്റ്റർ സെക്രട്ടറി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഇൻഷുറൻസ് സർവേയേഴ്സ് ആൻഡ് ലോസ് അസസ്സർ
 

related stories