Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ഓർമിക്കാൻ 4 കാര്യങ്ങൾ

mutual-fund

ലോകത്തെങ്ങുമുള്ള നിക്ഷേപകരെ സംബന്ധിച്ച്, കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വിപണിയിലെ ചാഞ്ചാട്ടങ്ങൾ. ചാഞ്ചാട്ടകാലത്ത് തങ്ങളുടെ വിപണി അധിഷ്ഠിത നിക്ഷേപങ്ങളിൽനിന്നു കാലാവധിയെത്തും മുൻപേ പിൻവാങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്. ഇതിലൂടെ സ്ഥിരമായ ദീർഘകാല നിക്ഷേപങ്ങളുടെ നേട്ടവും അവർ ഉപേക്ഷിക്കും. പലപ്പോഴും നഷ്ടത്തോടെയാവും ഇങ്ങനെ അവർ നിക്ഷേപത്തിൽനിന്നു പിന്തിരിയുന്നതും. ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികൾ, ഓഹരി അടിസ്ഥാനത്തിലുള്ള ഹൈബ്രിഡ് പദ്ധതികൾ എന്നിവയെയെല്ലാം സംബന്ധിച്ച് ഇതു വസ്തുതയാണ്. ചാഞ്ചാട്ടത്തിന്റേതായ വിപണിയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപകർ എന്തു ചെയ്യണമെന്ന ഒരു ചോദ്യം സ്വാഭാവികമായും ഇവിടെ ഉയരും. ഇവിടെ ഓർമിക്കേണ്ട 4 കാര്യങ്ങൾ നമുക്കു പരിഗണിക്കാം.

∙ നിക്ഷേപ ലക്ഷ്യങ്ങളെക്കുറിച്ചു കരുതലുണ്ടാകണം

ചില നിക്ഷേപങ്ങളിൽനിന്നു പരമാവധി വരുമാനമുണ്ടാക്കുക എന്നതു മാത്രമല്ല നിങ്ങളുടെ നിക്ഷേപങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ലക്ഷ്യങ്ങൾ നേടാനായി ആവശ്യമായതു സമ്പാദിക്കുക കൂടിയാണ് അതിലൂടെ ചെയ്യേണ്ടത്. നിങ്ങളുടെ നിക്ഷേപങ്ങളുടെ ഒരു മിശ്രണത്തിലൂടെ ഇതു സാധ്യമാക്കാം. അതായത് ഓരോ വിപണി സാഹചര്യങ്ങളിലും നിക്ഷേപ തീരുമാനം കൈക്കൊള്ളുമ്പോൾ ഇതേക്കുറിച്ചുള്ള വിപുലമായ ധാരണ മനസ്സിലുണ്ടാകണം. ചാഞ്ചാടിക്കൊണ്ടിരിക്കുന്ന വിപണിയിൽ ആ സാഹചര്യങ്ങൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തെ ബാധിക്കുന്ന രീതിയിൽ നിക്ഷേപത്തെ ബാധിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. ഈ സാഹചര്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ യഥാർത്ഥത്തിൽ നിക്ഷേപ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ സഹായകമാകുമോ എന്നും വിലയിരുത്തണം. ഉദാഹരണത്തിനു നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി 5 വർഷമായി നിക്ഷേപിക്കുന്നു എന്നു കരുതുക. ഇനിയും 10 വർഷം കഴിഞ്ഞാണ് ഈ ലക്ഷ്യത്തിനായുള്ള പണം ആവശ്യമുള്ളതെന്നും കരുതുക. ഇത്തരമൊരു പശ്ചാത്തലത്തിൽ വിപണിയിലെ ഇപ്പോഴത്തെ കയറ്റിറക്കങ്ങൾ വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായിരിക്കും.

∙ നഷ്ടസാധ്യതയെ അല്ല നഷ്ടത്തെയാണു കണക്കിലെടുക്കേണ്ടത്

ചാഞ്ചാടിക്കൊണ്ടിരിക്കുന്ന വിപണിയിൽ നഷ്ടസാധ്യതയുള്ള നിക്ഷേപങ്ങൾ നഷ്ടം സൃഷ്ടിക്കണമെന്നു നിർബന്ധമില്ലെന്നതു പല നിക്ഷേപകരും മറക്കുന്നു. കൃത്യമായ കാലഘട്ടത്തിലേക്കാണു നിക്ഷേപമെങ്കിൽ ഇതിന്റെ പ്രസക്തി വീണ്ടും വർധിക്കുന്നു. എട്ടു മുതൽ പത്തു വർഷം വരെയോ അതിലേറെയോ കാലാവധിയുള്ള ഓഹരി നിക്ഷേപങ്ങൾ വൻ വരുമാനമാണു ലഭ്യമാക്കുന്നതെന്നാണു പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ, പലപ്പോഴും വിപണിയിലെ ചാഞ്ചാട്ടത്തിന്റെയോ വലിയൊരു ഇടിവിന്റെയോ പശ്ചാത്തലത്തിൽ പല നിക്ഷേപകരും ഭയപ്പാടോടെ നേരത്തേതന്നെ നിക്ഷേപം പിൻവലിക്കും. ഇതിലൂടെ വൻ നഷ്ടവുമുണ്ടാകും.

∙ കയറ്റിറക്കങ്ങളെ നിങ്ങളുടെ സുഹൃത്താക്കി മാറ്റുക

ചാഞ്ചാടിക്കൊണ്ടിരിക്കുന്ന വിപണി പ്രയോജനപ്പെടുത്താനും നേട്ടമുണ്ടാക്കാനും സാധിക്കും. പല നിക്ഷേപകരും വിപണി ഉയർന്നു നിൽക്കുന്ന വേളയിലായിരിക്കും ഓഹരികളിൽ നേരിട്ടു നിക്ഷേപം നടത്തുക. അതിനു ശേഷം എന്തെങ്കിലും ചാഞ്ചാട്ടം കാണുമ്പോൾ തന്നെ ആ നിക്ഷേപത്തിൽനിന്നു പുറത്തുകടക്കുകയും ചെയ്യും. നഷ്ടത്തെ നേരിടാനുള്ള ശേഷിയില്ലാത്തതാണിതിനു കാരണം. നേരിട്ട് ഓഹരികളിൽ നിക്ഷേപിക്കുന്നതിനു പകരം മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപം നടത്തുന്നത് നിക്ഷേപകർക്കു വൈവിധ്യവൽക്കരണത്തിന്റെ നേട്ടങ്ങൾ പ്രദാനം ചെയ്യും. പ്രത്യേക ഓഹരികളിൽ ഉണ്ടാകുന്ന ഇടിവിനുള്ള പരിരക്ഷയുടേതായ പശ്ചാത്തലമാവും ഇതു ലഭ്യമാക്കുക. ഇതിനു പുറമെ മ്യൂച്വൽ ഫണ്ടുകളുടെ എസ്ഐപി വിപണിയുടെ ചാഞ്ചാട്ടത്തിനിടയിലും നിങ്ങൾക്കു നേട്ടം കൊയ്യാനുള്ള അവസരമാണു നൽകുന്നത്. പല നിക്ഷേപകരും ചാഞ്ചാട്ടമുള്ള വിപണി സാഹചര്യങ്ങളിൽ എസ്ഐപിയിൽനിന്നു പിൻവാങ്ങുന്നതു കാണാം. യഥാർത്ഥത്തിൽ അവർ ചെയ്യേണ്ടതിനു വിരുദ്ധമായാണവർ നീങ്ങുന്നത്.

∙ പ്രകടനം വിലയിരുത്തുക

വിപണിയിലെ കയറ്റിറക്കങ്ങളുടെ പശ്ചാത്തലത്തിൽ പല നിക്ഷേപകരും വാർത്തകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിൽ കൃത്യമല്ലാത്ത നിഗമനങ്ങളിൽ എത്തുന്നതു പതിവാണ്. തങ്ങളുടെ നിക്ഷേപത്തിന്റെ പ്രകടനത്തെ അടിസ്ഥാന സൂചികകളുടെ പ്രകടനവുമായി താരതമ്യം ചെയ്യാതിരിക്കുക എന്നതാണു പല മ്യൂച്വൽ ഫണ്ട് നിക്ഷേപകരും പിന്തുടരുന്ന മറ്റൊരു തെറ്റായ രീതി. നിങ്ങളൊരു ലാർജ് ക്യാപ് ഇക്വിറ്റി പദ്ധതിയിലാണു നിക്ഷേപിച്ചിട്ടുള്ളതെങ്കിൽ പദ്ധതിയുടെ അടിസ്ഥാനമായിട്ടുള്ളവയുമായോ സമാനമായ ലാർജ് ക്യാപ് പദ്ധതികളുമായോ വേണം താരതമ്യം നടത്തുവാൻ.

ഒരേ വിഭാഗത്തിൽപ്പെട്ട മ്യൂച്വൽ ഫണ്ട് പദ്ധതികൾ അവയുടെ നഷ്ട സാധ്യതകളുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ രീതിയിലാവും പ്രതികരിക്കുകയെന്നതും പ്രധാനപ്പെട്ടതാണ്.
വിപണിയുടെ ചാഞ്ചാട്ടവേളയിൽ ഫണ്ട് മാനേജറിൽ വിശ്വാസമർപ്പിക്കുകയും ഇക്കാര്യത്തിൽ ആവശ്യമായതു ചെയ്യുമെന്നു കരുതുകയും ചെയ്യണം. ഓഹരി വിപണിയിൽ ഒരു തിരിച്ചടി ഉണ്ടായെന്നു കരുതുക. ഇതിൽ നിന്ന് ഒരു തിരിച്ചുവരവ് ഉണ്ടാകും. ഇവിടെ ഒരു പ്രത്യേക ഓഹരിയോ പ്രത്യേക വിഭാഗത്തിലോ ഇടിവുണ്ടാകുമ്പോൾ അതിൽ അനാവശ്യമായി പരിഭ്രാന്തരായി ദീർഘകാല നിക്ഷേപ പദ്ധതികളിൽ പ്രശ്‌നങ്ങളുണ്ടാക്കരുത്.

മഹേഷ് പാട്ടിൽ
കോ-ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫിസർ,
ഇക്വിറ്റി, ബിർള സൺലൈഫ്