Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂസ്ഡ് കാർ വിപണിയിൽ വേണം, വേണ്ട

Car Showroom

കേരളത്തെ നനച്ചുകളഞ്ഞ പ്രളയത്തിൽനിന്നു മുങ്ങി നിവരുകയാണ് പ്രധാന സാമ്പത്തിക മേഖലകളെല്ലാം. അതിൽ ഒന്നാണ് സെക്കൻഡ് ഹാൻഡ് കാർ വിപണി. കേരളത്തിന്റെ കാർ വിൽപനയിൽ ഏറിയ പങ്കും നടക്കുന്ന കൊച്ചിയിൽ പ്രളയവും വൻ സംഭവമായതോടെ വാഹനവിപണിയിലും അതിന്റെ ഏറ്റക്കുറച്ചിൽ സ്വാഭാവികം. ഓണം ഓഫറുകളുടെ കുത്തൊഴുക്കിൽ കാറുകൾ ബുക്ക് ചെയ്ത പലരും വെള്ളം കയറി ഇറങ്ങിയതോടെ ബുക്കിങ്ങുകൾ റദ്ദാക്കി. ഏറ്റവും കൂടുതൽ റദ്ദാക്കൽ നടന്നത് പ്രളയബാധിത മേഖലകളിൽ തന്നെ. ഓണക്കാലത്തെ കൂടുതൽ ഓഫറുകൾക്കായി കാത്തിരുന്നവർ പിന്നെ അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല. എങ്കിലും യൂസ്ഡ് കാർ വിപണി പ്രളയത്തിനു ശേഷം കരകയറുകയാണ്.

ആശങ്ക

ഓണക്കാലം വാഹനവിപണിക്കു ടോപ് ഗിയറിലേക്കുള്ള കാലമാണ്. പക്ഷേ, ഇത്തവണ ആ പ്രതീക്ഷ വെള്ളം കൊണ്ടുപോയെന്നു ഹ്യുണ്ടായ് ഡപ്യൂട്ടി മാനേജർ അനീഷ് കുമാർ പറയുന്നു. പ്രളയബാധിത മേഖലകളിൽ വാഹന ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ കുറവു വന്നു. കൊച്ചിയിൽ തന്നെ പറവൂർ, ആലുവ, അങ്കമാലി മേഖലയിലും ആലപ്പുഴ, ചെങ്ങന്നൂർ, തൃശൂർ എന്നിവിടങ്ങളിലുമാണ് സ്ഥിതി രൂക്ഷം. പ്രളയം ഏറെ ബാധിച്ച ജില്ലകളിൽ വിൽപനയിൽ 10–20 ശതമാനമാണ് ഇടിവുണ്ടായത്. ജിഎസ്ടി നടപ്പാക്കിയതിനു ശേഷം കച്ചവടം പച്ചപിടിച്ചു വരുമ്പോഴായിരുന്നു ഇതെന്നും അനീഷ് പറഞ്ഞു. വിൽപനയ്ക്കെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവു വരുന്നതിനാൽ അതു ഭാവി വിപണിയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

ആനുകൂല്യങ്ങളിൽ കുറവില്ല

മാരുതിയുടെ യൂസ്ഡ് കാർ വിപണിക്കു കഴിഞ്ഞ ഒരു മാസത്തിനിടെ വിൽപനയിലുണ്ടായ ഇടിവ് അഞ്ചു ശതമാനമാണ്. എന്നാൽ, മാരുതിയുടെ വാഹനങ്ങളോട് പൊതുവെ മലയാളികൾക്കുള്ള താൽപര്യക്കൂടുതലും പ്രളയത്തിൽ കേടുപറ്റിയ വാഹനങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ നൽകുന്ന ബോണസ് പോലുള്ള ആനുകൂല്യങ്ങളും കൈത്താങ്ങായെന്ന് ട്രൂ വാല്യൂ കൊച്ചി ഹെഡ് മെബിൻ പറയുന്നു. പ്രളയമുണ്ടായ ദിവസങ്ങളിലെ ഇടിവ് ഒഴിച്ചാൽ വിപണിയെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ ഷോറൂം മുഴുവൻ വെള്ളത്തിൽ മുങ്ങിയ കമ്പനികൾക്കു നഷ്ടം ഉണ്ടായിട്ടുണ്ട്. നിലവിൽ അത്യാവശ്യത്തിനു വാഹനങ്ങളുടെ സ്റ്റോക് ഉണ്ടെന്നും മെബിൻ.
നഷ്ടം ഒഴിവാക്കാൻ പല കമ്പനികളും ബോണസ് പോലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.. പ്രളയത്തിൽ കാറുകൾ നഷ്ടമായവർ യൂസ്ഡ് കാറുകളോട് കാണിക്കുന്ന താൽപര്യമാണ് ഇപ്പോൾ വിപണിയെ സഹായിക്കുന്നത്. ഇതിനിടെ പ്രളയത്തിൽ കേടുവന്ന വണ്ടികൾ കുറഞ്ഞ വിലയ്ക്കു വാങ്ങാൻ കച്ചകെട്ടി ഇറങ്ങിയവരുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം വാഹനങ്ങൾ കേടുപാടുകൾ തീർത്ത് വിപണിയിൽ വീണ്ടും എത്തുമെന്ന കാര്യം ഉറപ്പ്.

വാങ്ങാനാളുണ്ട്, വിൽക്കാനില്ല

വാഹനകൈമാറ്റം നടക്കാത്തതാണ് യൂസ്ഡ് കാർ വിപണി നേരിടുന്ന വലിയ പ്രതിസന്ധി. കാർ വാങ്ങാനാളുണ്ട്. പക്ഷേ വിൽപനയ്ക്ക് എത്തുന്നില്ല. സാമ്പത്തികമായി അത്ര നല്ല അവസ്ഥയല്ലാത്തതിനാൽ പലരും കാർ വിൽക്കാനുള്ള മോഹം മാറ്റിവച്ചു. പ്രതീക്ഷിച്ച വില കിട്ടില്ല എന്ന ചിന്തയും ഇതിനുപിന്നിലുണ്ട്. ഇതു വരും മാസങ്ങളിൽ യൂസ്ഡ് കാർ വിപണയിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. യൂസ്ഡ് കാറിന്റെ വില ഇനിയും കുറയും എന്ന ചിന്തയിൽ കാർ വാങ്ങാനായി കാത്തിരിക്കുന്നവരുമുണ്ട്. വെള്ളം കയറിയ വാഹനങ്ങളായിരിക്കും യൂസ്ഡ് കാർ വിപണിയിൽ എന്ന ചിന്തയും പലരെയും പിന്നോട്ടുവലിക്കുന്നു.

എന്നാൽ നിലവിൽ അത്തരം വാഹനങ്ങളൊന്നും പല ഷോറൂമുകളും സ്വീകരിക്കുന്നില്ല. മാത്രമല്ല വിദഗ്ധരായ മെക്കാനിക്കുകൾ പരിശോധന നടത്തിയാണ് വാഹനങ്ങൾ ഷോറൂമുകൾ വാങ്ങുന്നതെന്നും ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ടെന്നും ഫോഡ് അഷ്വേഡ് മാനേജർ സന്തോഷ് പറയുന്നു. വെള്ളപ്പൊക്കത്തിൽ കാർ മുങ്ങി ഇൻ‍ഷുറൻസ് ക്ലെയിം ചെയ്ത പലരും യൂസ്ഡ് കാർ വിപണിയെ തേടി വരുന്നുണ്ടെന്നതാണ് അൽപം ആശ്വാസം. അത്യാവശ്യക്കാർ കുറഞ്ഞ തുക കൊണ്ട് തൽക്കാലത്തേക്ക് സെക്കൻഡ് ഹാൻഡ് കാർ സ്വന്തമാക്കുന്നതു വിപണിക്ക് ഊർജമാകുന്നു.  

related stories