Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവില വർധന: ഒറ്റവർഷം 40%

oil-price-up-image

ദോഹ ∙ ഒരുവർഷത്തിനിടെ രാജ്യാന്തര എണ്ണവിലയിൽ 40 ശതമാനത്തിലേറെ വർധന. എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും ചേർന്ന് ഉൽപാദന നിയന്ത്രണം നടപ്പാക്കിയതിനുശേഷം വില ഏറ്റവും ഉയർന്നനിലയിലാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 82.55 ഡോളറായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 56.86 ഡോളറായിരുന്നു. ഒരു വർഷത്തിനിടെ, 25 ‍ഡോളറിലേറെ വർധന.

2016 ജനുവരിയിൽ എണ്ണവില ബാരലിന് 30 ഡോളറിലേക്കു താഴ്ന്നതിനെ തുടർന്നാണ് ഒപെക് ഉൽപാദന നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ചത്. 2017 ജനുവരി മുതൽ ഒപെകും റഷ്യയും സംയുക്തമായി ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തി. പ്രതിദിനം 18 ലക്ഷം ബാരൽ ഉൽപാദനം കുറച്ചു. അന്ന് ബ്രെന്റ് ക്രൂഡ് ബാരലിനു വില 56.82 ഡോള‍ർ. 2017 ജൂൺ മുതൽ ഒപെക് നിയന്ത്രണം ശക്തമാക്കിയതോടെ വില ഉയരാനും തുടങ്ങി. 2018 ജനുവരിയിൽ വില 70 ഡോളർ കടന്നു. തുടർന്നുള്ള ഒൻപതു മാസത്തിനുള്ളിൽ വില 80 ഡോളർ എന്ന കടമ്പയും പിന്നിട്ടു.

ഉൽപാദന നിയന്ത്രണത്തിലൂടെ രാജ്യാന്തര വിപണിയിൽ എണ്ണവില വർധിപ്പിക്കാമെന്ന ഒപെക് ലക്ഷ്യം കൃത്യമായി ഫലം കണ്ടു. ഉൽപാദനം ഉയർത്തണമെന്ന യുഎസ് ആവശ്യത്തിന് ഒപെകും റഷ്യയും വഴങ്ങാത്തതിന്റെ കാരണവും മറ്റൊന്നല്ല, ബാരലിന് 80 ഡോളർ എന്നതു മികച്ച വിലയായാണ് ഒപെക് പരിഗണിക്കുന്നത്. അതേസമയം, യുഎസ് ഉപരോധത്തെ തുടർന്ന് ഇറാനിൽനിന്നുള്ള എണ്ണലഭ്യത കുറയുന്ന പശ്ചാത്തലത്തിൽ വില 100 ഡോളർ കടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.