Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശങ്കയില്ലാതെ ആധാർ പങ്കുവയ്ക്കാൻ

Aadhaar

ആധാർ നമ്പർ നൽകുന്ന കാരണത്താൽ വ്യക്തിഗത വിവരമോഷണം സംഭവിക്കുമോ എന്ന ആശങ്കയാണ് ആധാറിനെ സംബന്ധിക്കുന്ന പ്രധാന ഭയപ്പാട്. ആധാറിൽ കൂട്ടിച്ചേർക്കപ്പെട്ട വെർച്വൽ ആധാർ എന്ന സാങ്കേതിക സവിശേഷത ഈ ആശങ്ക മറികടക്കാൻ ഉപകരിക്കും.

വെർച്വൽ ആധാർ എന്നാൽ

തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കാൻ 12 അക്കമുള്ള യഥാർഥ ആധാറിനു പകരം 16 അക്കമുള്ള വെർച്വൽ ആധാർ നമ്പർ നൽകാം. തിരിച്ചറിയൽ പൂർത്തിയാക്കേണ്ടുന്ന സ്ഥാപനങ്ങൾക്ക് ഇതുപയോഗിച്ച് കംപ്യൂട്ടർ സംവിധാനത്തിലൂടെ ആളെ തിരിച്ചറിയാം. യഥാർഥ വിവരങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്കോ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ള വ്യക്തികൾക്കോ ലഭ്യമാകുന്നുമില്ല. 

ലളിതമായി സൃഷ്ടിക്കാം

ആധാർ കാർഡ് ഉള്ളവർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെ ബദൽ ആധാർ നമ്പർ സൃഷ്ടിച്ചെടുക്കാം. ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്‌ക്രീനിൽ വെർച്വൽ ഐഡി ജനറേറ്റർ എന്ന ബട്ടൺ ക്ലിക് ചെയ്യുമ്പോൾ ലഭിക്കുന്ന സ്‌ക്രീനിൽ യഥാർഥ ആധാർ നമ്പർ രേഖപ്പെടുത്തി ഒടിപി ആവശ്യപ്പെടുക. മുൻകൂട്ടി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിൽ ലഭിച്ച ഒടിപി നമ്പർ കൂടി രേഖപ്പെടുത്തി ജനറേറ്റ് വിഐഡി എന്ന് സെലക്ട് ചെയ്യുക. സബ്മിറ്റ് ബട്ടൺ അമർത്തിയാൽ 16 അക്കങ്ങളുള്ള ബദൽ ആധാർ നമ്പർ ഹ്രസ്വ സന്ദേശമായി മൊബൈൽ ഫോണിൽ ലഭിക്കും. ആധാർ നമ്പർ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് വെർച്വൽ ആധാർ നമ്പർ നൽകാം. 

എങ്ങനെ ഉപയോഗിക്കാം

ആധാർ നിർബന്ധമാക്കിയില്ലെങ്കിൽക്കൂടി തിരിച്ചറിയൽ സംവിധാനമായി ആധാർ ഉപയോഗിക്കാൻ തീരുമാനിക്കുന്നവർക്ക് വെർച്വൽ ആധാർ നമ്പർ ഉപയോഗിക്കാം. ഓൺലൈൻ സേവനങ്ങൾ, ബാങ്കിതര ഫൈനാൻസ് കമ്പനികൾ, ബാങ്കുകൾ, ഇൻഷുറൻസ് എന്നിവയിലെല്ലാം യഥാർത്ഥ ആധാർ നമ്പരിനു പകരമായി വെർച്വൽ ആധാർ നമ്പർ നൽകി സേവനങ്ങൾ സ്വന്തമാക്കാം. വെർച്വൽ ആധാർ നമ്പർ താൽക്കാലികമാണ്. ആധാർ ഉടമ ഒരു പുതിയ വെർച്വൽ നമ്പർ വീണ്ടും സൃഷ്ടിച്ചാൽ പഴയത് കാലഹരണപ്പെടും. ഒരു സമയത്ത് ഒരു ആധാർ നമ്പരിൽ ഒരു വെർച്വൽ നമ്പർ മാത്രമേ നിലവിലുണ്ടാകൂ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആധാർ നമ്പർ സ്വാഭാവികമായി ഉപയോഗിക്കേണ്ടുന്ന കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ, പാൻകാർഡ് എന്നിങ്ങനെയുള്ള സന്ദർഭങ്ങളിലെല്ലാം വെർച്വൽ ആധാർ നമ്പർ ഉപയോഗിക്കാം.

സ്ഥാപനങ്ങളും സജ്ജരാകും

യഥാർഥ ആധാർ നമ്പരിനു പകരം വെർച്വൽ നമ്പർ ഉപയോഗിക്കുന്നതിനു തിരിച്ചറിയൽ പൂർത്തിയാക്കേണ്ടുന്ന സ്ഥാപനങ്ങളും തങ്ങളുടെ കംപ്യൂട്ടർ സംവിധാനത്തിൽ ആവശ്യമായ ഭേദഗതികൾ നടപ്പാക്കണമെന്ന് യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. ആധാർ നിയമത്തിനു നിയമപരമായ അംഗീകാരം ലഭിച്ചതോടെ അതു നിർബന്ധമായി നടപ്പാക്കേണ്ടിവരും. 

മൊബൈൽ നമ്പർ ബന്ധിപ്പിക്കൽ

ഒരു മൊബൈൽ നമ്പരെങ്കിലും ആധാറുമായി ബന്ധപ്പെടുത്തിയാൽ മാത്രമേ യുഐഡിഎഐ യുടെ വെബ്‌സൈറ്റിൽ ലഭ്യമായ വെർച്വൽ ഐഡി ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്താനാകൂ. ഡിജിറ്റൽ വോലറ്റിലും ആപ്പുകളിലുമൊക്കെയുള്ള ഡിജിറ്റൽ പണമിടപാട് സേവനങ്ങൾക്ക് ആധാർ നമ്പർ നൽകുന്നതിനുപകരം വെർച്വൽ ആധാർ സൃഷ്ടിച്ചു നൽകുന്നതാണു കൂടുതൽ സുരക്ഷിതം. ഓൺലൈൻ ഇൻഷുറൻസ് പോളിസികൾ, ബാങ്കിതര ധനസ്ഥാപനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ എന്നിവകൾക്കും വെർച്വൽ ആധാർ ഉപയോഗിക്കാം.