Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ തകർന്നു; 74 കടന്നു

Rupee fall, Oil price hike

മുംബൈ ∙ തകർച്ചയുടെ വഴിയേ രൂപ വീണ്ടും. ആർബിഐ വായ്പാനയം പ്രഖ്യാപിച്ചതോടെ 74 കടന്ന് 74.23 വരെ ഡോളറുമായുള്ള വിനിമയത്തിൽ രൂപ എത്തി. പിന്നീട് നേരിയ തോതിൽ മെച്ചപ്പെട്ട് 73.76ൽ അവസാനിച്ചു. നഷ്ടം 18 പൈസ. 73.56ൽ ആരംഭിച്ച വിപണി സാവധാനം മെച്ചപ്പെടുന്നതിന്റെ സൂചനകൾ നൽകിയെങ്കിലും ആർ‌ബിഐ പലിശനിരക്ക് ഉയർത്തുന്നില്ലെന്ന വാർത്ത വന്നതോടെ വീണ്ടും ഇടിയുകയാണ് ചെയ്തത്.

എണ്ണവിലക്കയറ്റവും, രാജ്യത്തിനു പുറത്തേക്കുള്ള പണത്തിന്റെ ഒഴുക്കുമാണ് രൂപയ്ക്ക് പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കുന്നത്. രൂപയുടെ ഇടിവ് കണക്കിലെടുത്ത്, ആർബിഐ പലിശനിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി. ഓഹരി വിപണിയിലെ ഇടിവും, എണ്ണവില വർധനയും കണക്കിലെടുത്താൽ 75–76 നിലവാരത്തിലേക്ക് രൂപ എത്തുമെന്ന് വിലയിരുത്തുന്നു. ഇന്നലെ വിദേശ ധനസ്ഥാപനങ്ങൾ 3370 കോടിയുടെ ഓഹരി വിൽപന നടത്തി.

രൂപ ഇപ്പോഴും മെച്ചപ്പെട്ടുതന്നെ: ആർബിഐ

മുംബൈ ∙ വികസ്വര വിപണികളുടെ കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ, രൂപയുടെ മൂല്യം മികച്ച നിലയിലാണെന്ന് ആർബിഐ ഗവർണർ ഉർജിത് പട്ടേൽ. രൂപയുടെ മൂല്യം നിർണയിക്കുന്നതു വിപണിയാണ്. മൂല്യത്തിനു പ്രത്യേക പരിധി നിർണയിക്കാൻ ആർബിഐക്കു കഴിയില്ല. ഓഗസ്റ്റിനു ശേഷം രൂപയുടെ മൂല്യത്തിൽ പ്രകടമായ ചാഞ്ചാട്ടമാണ് ഉണ്ടായത്. ജനുവരിക്കു ശേഷം രൂപയുടെ മൂല്യത്തിൽ 17% ഇടിവാണ് ഉണ്ടായത്. വിദേശനാണ്യ കരുതൽ ശേഖരം ഏപ്രിലിൽ റെക്കോർഡ് നിലവാരത്തിൽ എത്തിയെങ്കിലും, രൂപയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിൽ കരുതൽ ശേഖരത്തിൽ കുറവു വന്നതായും ഗവർണർ പറഞ്ഞു.