Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോറസ്–എംബസി ഡൗൺടൗണിന്റെ ആദ്യഘട്ടം 2020ൽ

tvm-down-town തിരുവനന്തപുരം ടെക്നോപാർക്കിലെ ടോറസ്–എംബസി ഡൗൺടൗൺ പദ്ധതിയുടെ നിർമാണ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി മാതൃക വീക്ഷിക്കുന്നു. ശശി തരൂർ എംപി, ടോറസ് ഇന്ത്യ എംഡി അജയ് പ്രസാദ്, ചെയർമാൻ ലോറൻസ് റെയ്ബ്ലിങ്, അസറ്റ് ഹോംസ് എംഡി. വി.സുനിൽകുമാർ, മേയർ വി.കെ.പ്രശാന്ത്, എംബസി ഗ്രൂപ്പ് ചെയർമാൻ ജിത്തു വിർവാനി എന്നിവർ സമീപം. ചിത്രം:മനോരമ.

തിരുവനന്തപുരം∙ ടെക്നോപാർക്കിലെത്തുന്ന 2,000 കോടി രൂപയുടെ ഐടി അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ടോറസ്–എംബസി ഡൗൺടൗണിന്റെ ആദ്യഘട്ടം 2020 ഓഗസ്റ്റിൽ യാഥാർഥ്യമാകും. 33 ലക്ഷം ചതുരശ്ര അടിയിലുള്ള ആദ്യ എ ഗ്രേഡ് ഐടി കോപ്ലംക്സ്, 12 ലക്ഷ ചതുരശ്ര അടിയിലുള്ള ഷോപ്പിങ് മാൾ, ഐമാക്സ് തിയറ്റർ അടങ്ങിയ കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ്, 315 സർവീസ്ഡ് അപാർട്ട്മെന്റുകൾ എന്നിവ അടങ്ങുന്നതാണ് ആദ്യഘട്ടം.

രണ്ടാമത്തെ ഐടി കെട്ടിടവും 200 മുറികളുള്ള ബിസിനസ് ക്ലാസ് ഹോട്ടലും 2021 ഏപ്രിലിൽ പൂർത്തിയാകുമെന്നു ടോറസ് ഗ്രൂപ്പ് ചെയർമാൻ ലോറൻസ് റെയ്ബ്ലിങ് പറഞ്ഞു. 30,000 പേർക്കു നേരിട്ടുള്ള തൊഴിലവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. 

നിർമാണം പൂർത്തിയാകാൻ കാത്തുനിൽക്കാതെ താൽക്കാലികമായി നിർമിക്കുന്ന കീസ്റ്റോൺ പ്രീഫാബ്രിക്കേറ്റഡ് കെട്ടിടത്തിൽ അടുത്ത മാർച്ച് മുതൽ മുൻനിര ഐടി കമ്പനികളെത്തും. ഐടി കോംപ്ലക്സ് പൂർത്തിയാകുമ്പോൾ അങ്ങോട്ട് മാറും. പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 

ടെക്നോപാർക് മൂന്നാം ഘട്ടത്തിലെ 20 ഏക്കറിലെ 50 ലക്ഷം ചതുരശ്രയടിയിലാണ് പദ്ധതി. ജിയോതെർമൽ കൂളിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ പ്രോജക്ടാണു ഡൗൺടൗൺ. ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗിച്ചുള്ള സ്മാർട് സിറ്റി സങ്കൽപമാണു നടപ്പാക്കുക.

ഒരു മേശയ്ക്കു ചുറ്റുമിരുന്നു പല കമ്പനികൾ പ്രവർത്തിക്കുന്ന കോ–വർക്കിങ് സ്പെയ്സുകൾക്കും പദ്ധതിയിൽ ഇടമുണ്ടാകും. ഇതിനായി കോ–വർക്കിങ് രംഗത്തെ ഭീമനായ വീവർക്കിന്റെ ഒരു ലക്ഷം ചതുരശ്ര അടിയിലുള്ള പദ്ധതിയുമെത്തും. യുഎസിലെ ബോസ്റ്റൺ ആസ്ഥാനമായ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിങ്സും ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ എംബസി ഗ്രൂപ്പിന്റെ എംബസി പ്രൊപ്പർട്ടി ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നുള്ള ജോയിന്റ് വെഞ്ച്വർ കമ്പനിയാണു പദ്ധതി നടപ്പാക്കുന്നത്. അസറ്റ് ഹോംസാണു സർവീസ്ഡ് അപാർട്ട്മെന്റുകൾ നിർമിക്കുന്നത്. 

ശശി തരൂർ എംപി, ടോറസ് ചെയർമാൻ ലോറൻസ് റെയ്ബ്ലിങ്, ഇന്ത്യ എംഡി അജയ് പ്രസാദ്, എംബസി ഗ്രൂപ്പ് ചെയർമാൻ ജിത്തു വിർവാനി, അസറ്റ് ഹോംസ് എം.ഡി. വി. സുനിൽകുമാർ, മേയർ വി.കെ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

ഒറ്റനോട്ടത്തിൽ:

∙ എംബസി–ടോറസ് ടെക്സോൺ– മൊത്തം 33 ലക്ഷം ചതുരശ്ര അടി (30 ലക്ഷം ചതുരശ്ര അടിയും പ്രത്യേക സാമ്പത്തിക മേഖലയിൽ).

∙ ടോറസ് സെൻട്രം മാൾ– 12 ലക്ഷം ചതുരശ്ര അടിയിൽ. മൾട്ടിപ്ലക്സ്, മാളിനു പുറമേ 200 മുറികളുള്ള ബിസിനസ് ക്ലാസ് ഹോട്ടൽ. 

∙ അസറ്റ് ടോറസ് ഐഡന്റിറ്റി– 315 സർവീസ്ഡ് അപാർട്ട്മെന്റുകൾ. 100 ചതുരശ്രഅടിയുള്ള 'സെൽഫി അപാർട്ട്മെന്റുകളും', 300 ചതുരശ്രയടിയുള്ള 'സെൽഫി പ്ലസ്' അപാർട്ട്മെന്റുകളും.

∙ കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റർ– 15 സ്ക്രീനുകളുമായി കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് തിയറ്ററാണു ഡൗൺടൗണിൽ ആരംഭിക്കുന്നത്. സിനിമ പ്രദർശന കമ്പനിയായ സിനിപോളിസ് ആണ് ഐമാക്സ് ഇവിടെത്തിക്കുന്നത്. കനേഡിയൻ കമ്പനിയായ ഐമാക്സ് കോർപറേഷന്റെ സാങ്കേതികവിദ്യയിൽ സാധാരണ ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളെക്കാൾ കൂടുതൽ വലുപ്പത്തിലും റെസല്യൂഷനിലും ദൃശ്യങ്ങൾ കാണാം.