Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽവിപണിക്ക് പ്രിയം ഐടിക്കാരെ

IT-representational-image

കൊച്ചി∙  രാജ്യത്ത് ഏറ്റവുമധികം ആവശ്യമുള്ളത് സാങ്കേതികവിദ്യയിൽ കഴിവുള്ള യുവാക്കളെ. ഇക്കൊല്ലം ആദ്യ 6 മാസം ഏറ്റവും കൂടുതൽ തൊഴിൽ ലഭിച്ചത് സോഫ്റ്റ്‌വെയർ എൻജിനീയർമാർക്ക്. ആപ്ലിക്കേഷൻ ഡെവലപ്പർമാർ തൊട്ടുപിന്നിൽ. ലോകത്തെ ഏറ്റവും വലിയ പ്രഫഷനൽ ശൃംഖലയായ ലിങ്ക്ഡിൻ(LinkedIn) ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യ തൊഴിൽസേനാ റിപ്പോർട്ടിലാണ് രാജ്യത്തെ തൊഴിൽസാധ്യതയുടെ ദിശ വ്യക്തമാകുന്നത്.

തൊഴിലുകൾ സംബന്ധിച്ചു കമ്പനികൾ നടത്തിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ, സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ആപ്ലിക്കേഷൻ ഡെവലപ്പർമാർക്കുംശേഷം ഏറ്റവും സാധ്യത സൊലൂഷൻസ് കൺസൽറ്റന്റുമാർ, ജാവ സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ബിസിനസ് വിശകലനക്കാർ തുടങ്ങിയവർക്കായിരുന്നു ഇതിനു പിന്നാലെയുണ്ടായിരുന്നത്. കൊച്ചിയടക്കം 14 നഗരങ്ങളിലായിരുന്നു പഠനം‌. എട്ടിലും സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കായുള്ള പോസ്റ്റുകളായിരുന്നു ഏറ്റവും കൂടുതൽ.

സാങ്കേതികവിദ്യാ അനുബന്ധ ജോലികൾക്കായുള്ള ആവശ്യം പല സാധ്യതകൾ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ക്ലൗഡ്, അനലിറ്റിക്സ്, നിർമിത ബുദ്ധി, മെഷീൻ ലേണിങ് തുടങ്ങിയവയിലൂടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ വഴിയൊരുക്കുന്ന വിധത്തിൽ വ്യവസായങ്ങൾ ഡിജിറ്റൽ മേഖലയിലേക്കു നടത്തുന്ന ചുവടുവയ്പ് വ്യക്തമാണ്. ഇന്ത്യയിൽനിന്നു മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലൂടെ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നതും ഈ കഴിവുകളുടെ രംഗത്താണെന്നതു മറ്റൊരു സൂചന. രാജ്യത്ത് മുംബൈ, ബെംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളാണ് മറ്റിടങ്ങളിൽനിന്നുള്ളവർക്ക് ഏറ്റവും കൂടുതൽ ജോലി നൽകിയത്. 10 ലക്ഷത്തോളം കമ്പനികളിൽ നിന്നായി 50,000 കഴിവുവിഭാഗങ്ങളിൽ 5 കോടിയോളം അംഗങ്ങളുടെ വിപുലമായ സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്താണു റിപ്പോർട്ട് തയാറാക്കിയത്.

∙ വ്യാവസായിക വളർച്ച- വിദ്യാഭ്യാസ നിയമ വ്യവസായങ്ങൾ മുന്നേറുന്നു. ഹാർഡ്‌വെയർ, നെറ്റ്‌വർക്കിങ് മേഖല പിന്നിൽ

∙ ഓരോ വ്യവസായത്തിലേക്കുമുള്ള നിയമനത്തിന്റെ കണക്കുകൾ (ലിങ്ക്ഡിൻ പ്രൊഫൈലുകളിൽ നിന്നുള്ള വിശകലനം) 2017 ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് വ്യാവസായിക വളർച്ച നിരക്കുകൾ കുറവായിരുന്നു. 

∙ പഠനം നടത്തിയ 14 നഗരങ്ങളിൽ ഏഴിലും 2018 ന്റെ ആദ്യ പകുതിയിൽ വിദ്യാഭ്യാസ മേഖല വ്യാവസായിക മേഖലയേക്കാൾ മുന്നിലായിരുന്നു. അടിസ്ഥാന സൗകര്യ നിർമാണം, സോഫ്റ്റ്വെയർ, ഐടി. സേവനം, സാമ്പത്തിക മേഖല, ഉൽപ്പന്ന നിർമാണം, കോർപറേറ്റ് സേവനങ്ങൾ, ഗതാഗതും ചരക്കു നീക്കവും, വിനോദവും യാത്രയും, ആരോഗ്യ സേവനങ്ങൾ തുടങ്ങിയവ നാമമാത്രമായ തോതിലാണെങ്കിലും ഈ കാലഘട്ടത്തിൽ വളരുകയുണ്ടായി. 

∙ ചെറുകിട വ്യാപാരം, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, റിയൽ എസ്റ്റേറ്റ്, വിനോദ വ്യവസായം തുടങ്ങിയ മേഖലകൾ പിന്നാക്കം പോയി.

∙ ജോലികൾക്കായി ആവശ്യപ്പെട്ടിരുന്ന കഴിവുകളിൽ കോഡിങ്, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയവ പോലുള്ള പ്രധാന സാങ്കേതികവിദ്യാ ശേഷികളും മാനേജ്മെന്റ് നേതൃത്വം, ടീം മാനേജ്മെന്റ് എന്നിവ പോലുള്ള സോഫ്റ്റ് സ്‌കില്ലുകളും ഉൾപ്പെട്ടിരുന്നു.