Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ പണമിടപാടുകളിലെ വിവരമോഷണം

Security concept: Lock on digital screen

ഊബർ ഈറ്റ്‌സിൽ ആഹാരം വാങ്ങിയാൽ, ഒല ടാക്‌സി വിളിച്ചു സവാരി പോയാൽ, മൊബൈൽ വോലറ്റ് ഉപയോഗിച്ച് പണമിടപാട് നടത്തിയാൽ ഇടപാടുകാരുടെ ഒത്തിരി വിവരങ്ങൾ ഇലക്‌ട്രോണിക് സംവിധാനങ്ങളിലൂടെ ശേഖരിക്കപ്പെടുമല്ലോ? ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടോ? എന്ത് മുൻകരുതലുകൾ എടുക്കാം?

പഴ്‌സിൽ സൂക്ഷിച്ചിരുന്ന കറൻസി ഉപയോഗിച്ചു നടത്തുന്ന ഇടപാടുകളിൽ ബില്ലിടുമ്പോൾ മാത്രമാണു രേഖകൾ ഉണ്ടാകുന്നത്. ബില്ലുകളിലെ വിവരങ്ങളും മറ്റും എളുപ്പത്തിൽ കൈമാറ്റം ചെയ്യാനും ആ വിവരങ്ങൾ ഉപയോഗമോ ദുരുപയോഗമോ നടത്തുന്നതിനും പരിമിതികളുണ്ട്. മറിച്ചു മൊബൈൽ വോലറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പണം കൈമാറ്റ ആപ്പുകളിലൂടെ നടക്കുന്ന ഇടപാടുകളുടെ സകല വിവരങ്ങളും ശേഖരിക്കപ്പെടുന്നു. മാത്രമല്ല ബഹുശതം ഉപഭോക്താക്കളെ സംബന്ധിക്കുന്ന ഈ വിവരശേഖരം ആധുനിക വിവര സാങ്കേതിക വിദ്യയായ മെഷിൻ ലേണിങ്, നിർമിത ബുദ്ധി എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിവരശകലങ്ങളായി രൂപാന്തരപ്പെടുത്താനും സാധിക്കുന്നു.

ഇടപാടുകളുടെയും ഇടപാടുകാരന്റെയും വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമുകളിൽ നമ്മളറിയാതെ ശേഖരിക്കുമ്പോഴും കൈമാറ്റം ചെയ്യപ്പെടുമ്പോഴും ഒന്നും ഒളിച്ചുവയ്ക്കാൻ സാധിക്കുന്നില്ല. സർക്കാർ ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ വിവരശേഖരത്തിൽനിന്ന് തങ്ങൾക്ക് ആവശ്യമുള്ളവ ഉപയോഗപ്പെടുത്താനുമാകുന്നു. 

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും

പണമിടപാടുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായതോടെ ഉപഭോക്താക്കളുടെ വ്യക്തിഗതവും സാമ്പത്തിക സ്വഭാവവും ഒക്കെ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കപ്പെടുന്നതിന്റെ ഗുണം ലഭിക്കുന്നത് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമാണ്. യുപിഐ പ്ലാറ്റ്‌ഫോമിൽ ഓവർ ഡ്രാഫ്റ്റ് ഉൾപ്പെടെയുള്ള വായ്പാ വിവരങ്ങൾ ബന്ധപ്പെടുത്തിയതോടെ ഇടപാടുകൾ സംബന്ധിച്ച വിവരശേഖരം ഇവർക്കെല്ലാം പ്രിയപ്പെട്ടതായി. നേരത്തെയൊക്കെ ഇടപാടുകാരൻ സ്വമേധയാ നൽകുന്ന വിവരങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തി വായ്പാ തീരുമാനങ്ങളും മറ്റും എടുക്കേണ്ടിയിരുന്നു. ഇന്നിപ്പോൾ ഇടപാടുകാരന്റെ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള ശേഷി നിർമിത ബുദ്ധി ഉപയോഗിച്ചു ഡിജിറ്റൽ പണമിടപാട് വിവരശേഖരത്തിൽ നിന്ന് തുരന്നെടുക്കാൻ സാധിക്കുന്നു. ഇടപാടുകാരന്റെ മാത്രമല്ല കച്ചവട സ്ഥാപനങ്ങളിലെ ബിസിനസ്സ് സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ ബാങ്കുകൾക്ക് ലഭിക്കുന്നു. ചെറുകിട സൂക്ഷ്മ സംരംഭങ്ങൾക്കു വായ്പ അനുവദിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നു. 

പബ്ലിക് ക്രെഡിറ്റ് റജിസ്ട്രി

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന വായ്പയുടെ വിവരങ്ങൾ ഉപയോഗിച്ചു മാത്രമായിരുന്നല്ലോ ക്രെഡിറ്റ് സ്‌കോർ കണക്ക് കൂട്ടിയിരുന്നത്. ഇനിയിപ്പോൾ പബ്ലിക് ക്രെഡിറ്റ് റജിസ്ട്രി എന്ന ഇലക്‌ട്രോണിക് വിവരശേഖരത്തിലേക്കു ഡിജിറ്റൽ പണമിടപാട് വിവരങ്ങളും കൂട്ടിച്ചേർക്കപ്പെടും. മാത്രമല്ല, പല സ്ഥാപനങ്ങളിലായി പങ്കിട്ടു കിടക്കുന്ന വിവര ശേഖരങ്ങളുടെ ശക്തി ഉപയോഗിച്ച് ബ്ലോക് ചെയിൻ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പണമിടപാട് കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവരെ എത്രയും പെട്ടെന്നു തിരിച്ചറിയുന്നതിനും സാമ്പത്തിക സേവനങ്ങൾ നിരസിക്കുന്നതിനും സാധിക്കുന്ന അവസ്ഥ അതിവിദൂരമല്ല. ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവയും പരസ്പരം മത്സരിക്കുന്നവയുമായ സ്ഥാപനങ്ങൾ പോലും ഡിജിറ്റൽ വിവരശേഖരത്തിലൂടെ സമാഹരിക്കുന്ന വിലപ്പെട്ട വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നു. 

ആപ്പുകളുടെ നിലവാരം

വാട്‌സാപ്പിൽ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്തശേഷമാണു മറ്റുള്ളവർക്കു നൽകുന്നത്. യഥാർഥത്തിൽ വിവരങ്ങൾ സ്വീകരിക്കേണ്ടുന്ന ഫോണിൽ മാത്രമേ വായിച്ചെടുക്കാവുന്ന രീതിയിൽ അവ ലഭ്യമാകുന്നുള്ളൂ. ഇത്തരം സുരക്ഷിതത്വ സംവിധാനങ്ങൾ ഡിജിറ്റൽ പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന പല മൊബൈൽ ആപ്പുകളിലും ഉൾപ്പെടുത്തിയിട്ടില്ല.

ചില ബാങ്കുകൾ പുറത്തിറക്കിയ ഡിജിറ്റൽ പണമിടപാട് ആപ്പുകൾ പോലും യുപിഐ പ്ലാറ്റ്‌ഫോം നിഷ്‌കർഷിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തവയാണ്. യുപിഐ പ്ലാറ്റ്‌ഫോം നിലവിൽ വന്നതോടെ ഒറ്റയ്‌ക്കൊറ്റയ്ക്കായി പുറത്തിറക്കിയ പല മൊബൈൽ ധനമിടപാട് ആപ്പുകളും കാലഹരണപ്പെടും. 

തെളിവുകൾ ശേഷിക്കും

സകലമാന ഇടപാടുകളും ഡിജിറ്റലാകുന്നതോടെ ഏവരുടെയും ജീവിതം സുതാര്യമാകുന്ന അവസ്ഥയുണ്ടാകും. എന്തൊക്കെ സാധനങ്ങളും സേവനങ്ങളുമാണ് ഓരോരുത്തരും വാങ്ങുന്നതെന്നും ഏതളവിലും മൂല്യത്തിലുമാണ് ഇടപാടുകൾ നടക്കുന്നതെന്നും സംശയങ്ങൾക്കിട നൽകാതെ രേഖപ്പെടുത്തപ്പെടും. കേസന്വേഷണങ്ങളിൽ മൊബൈൽ വിളികൾ പരിശോധിക്കപ്പെടുന്നതുപോലെ സാമ്പത്തിക അന്വേഷണങ്ങളിൽ ഡിജിറ്റൽ പണമിടപാടുകളും ഉൾപ്പെടുത്തും. 

മുൻകരുതൽ എടുക്കാം

പൂർണമായും ഒഴിവാക്കാൻ ആകില്ലെങ്കിൽകൂടി ഡിജിറ്റൽ ഇടപാടുകൾക്ക് അത്യാവശ്യം നൽകേണ്ടുന്ന വിവരങ്ങൾ മാത്രം ആപ്പുകളിൽ നൽകുക. യഥാർഥ ആധാർ നമ്പരിന് പകരമായി വെർച്വൽ ആധാർ നമ്പർ നൽകുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ താത്കാലിക വെർച്വൽ കാർഡുകൾ നിർമിച്ച് അവയിലെ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കുക. യുപിഐ അധിഷ്ഠിതവും യുപിഐ സുരക്ഷാ മാനദണ്ഡങ്ങൾക്കു വിധേയവുമായ മൊബൈൽ ആപ്പുകൾ മാത്രം ഡിജിറ്റൽ പണമിടപാടുകൾക്ക് ഉപയോഗിക്കണം.

ഡിജിറ്റൽ പണമിടപാട് ആപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ അത്യാവശ്യം ബാക്കി നിർത്തേണ്ടുന്ന നീക്കിയിരിപ്പു തുക മാത്രം ഉണ്ടാകാൻ ശ്രദ്ധിക്കുക. പൊതു വൈഫൈ കണക്‌ഷനുകളുപയോഗിച്ചു മൊബൈൽ ഫോണിൽനിന്നു ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കുകയും വേണം. ഗൂഗിൾ പ്ലേസ്റ്റോർ, ആപ് സ്റ്റോർ തുടങ്ങിയ അധികൃത ഇടങ്ങളിൽനിന്നു നേരിട്ട് ആപ്പുകൾ ഡൗൺ ലോഡ് ചെയ്യണം. ഇമെയിലുകൾ, ഹ്രസ്വ സന്ദേശങ്ങൾ തുടങ്ങിയവയിൽനിന്നു ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ചാൽ വ്യാജ ആപ്പുകൾ ഫോണുകളിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്.