Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5ജി: സ്പെക്ട്രം നിരക്ക് കുറയ്ക്കാൻ സമ്മർദം

5G-spectrum

ന്യൂഡൽഹി ∙ 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിൽ  കേന്ദ്ര ടെലികോം മന്ത്രാലയത്തിനു മുന്നിലുള്ള ഏറ്റവും വലിയ തലവേദന റേഡിയോ തരംഗങ്ങളുടെ (സ്പെക്ട്രം) നിരക്ക്. ഉയർന്ന നിരക്കിലാണു തരംഗ വിൽപ്പനയെങ്കിൽ ലേലത്തിൽ പങ്കെടുക്കില്ലെന്നു മുൻനിര കമ്പനികൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിറ്റൽ കമ്യൂണിക്കേഷൻ മേഖലയിലെ ലൈസൻസ് നിരക്ക്, സ്പെക്ട്രം നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ പുനഃപരിശോധിക്കുമെന്ന് ഈയിടെ അംഗീകാരം നൽകിയ ദേശീയ ടെലികോം നയത്തിലുണ്ട്. 5ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട ടെലികോം നിയന്ത്രണ അതോറിറ്റിയുടെ(ട്രായ്) ശുപാർശയിലും നിരക്കു കുറയുമെന്നാണു സൂചന. ഇതൊക്കെയാണെങ്കിലും എത്രത്തോളം നിരക്കു കുറയും എന്നു വ്യക്തമായ ശേഷം ലേലം നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാനാണു മുൻനിര കമ്പനികളുടെ തീരുമാനം.

ഉയർന്ന തുക നൽകി സ്പെക്ട്രം സ്വന്തമാക്കുന്നതു  കമ്പനികളുടെ നഷ്ടം വർധിപ്പിക്കുകയാണ്. മൽസരം വർധിച്ചതോടെ ഡേറ്റയുടെയും മറ്റും നിരക്ക് വളരെ കുറയ്ക്കേണ്ടി വന്നു. ലേലത്തിൽനിന്നു കമ്പനികളെ പിന്നോട്ടു വലിക്കുന്നതും ഇതു തന്നെ. 2016ൽ 3ജി, 4ജി സ്പെക്ട്രത്തിന്റെ ലേലം നടത്തിയപ്പോൾ ലക്ഷ്യമിട്ടതിന്റെ 40% മാത്രമാണു സർക്കാരിനു ലഭിച്ചത്. ആകെ 5.63 ലക്ഷം കോടി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്തു  ലഭിച്ചതു 65,789 കോടി രൂപ മാത്രം. വിവിധ ഫ്രീക്വൻസികളിലായി 2353 മെഗാഹെട്സ് വിൽക്കാൻ വച്ചെങ്കിലും 965 മെഗാഹെട്സ് മാത്രമാണ് അന്നു വിറ്റുപോയത്.

5ജിയുമായി ബന്ധപ്പെട്ട സ്പെക്ട്രത്തിന്റെ ശുപാർശ ട്രായ് സമർപ്പിച്ചപ്പോൾ 43% നിരക്കു കുറച്ചതും ഇക്കാരണത്താൽ തന്നെ. 5ജിയുടെ ഒരു മെഹാഹെട്സ് യൂണിറ്റിനു 492 കോടി രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 5ജിക്കാവശ്യമായ 3300–3600 മെഗാഹെട്സ് സ്പെക്ട്രം വാങ്ങണമെങ്കിൽ 9840 കോടി രൂപ കമ്പനികൾ ചെലവഴിക്കേണ്ടി വരും. എത്ര കമ്പനികൾ ഇതിനു തയാറാകുമെന്നതു കണ്ടറിയണം.

എയർടെൽ, വോഡഫോൺ–ഐഡിയ, റിലയൻസ് ജിയോ എന്നിവരാണു രാജ്യത്തെ ടെലികോം ശ്യംഖലയുടെ പ്രധാന  ഭാഗവും കൈവശം വച്ചിരിക്കുന്നത്. സർക്കാർ  കൈവശമുള്ള ബിഎസ്എൻഎല്ലിനു 4ജി സ്പെക്ട്രം പോലും ലഭിച്ചത് ഈയിടെ. അതിനാൽ തന്നെ നിരക്കു വീണ്ടും കുറയ്ക്കണമെന്നു കമ്പനികൾ വാശിപിടിച്ചാൽ സർക്കാരിനു വഴങ്ങേണ്ടി വരും. ഈ വർഷം അവസാനത്തോടെ സ്പെക്ട്രം ലേലം നടപടികൾ ആരംഭിക്കാമെന്നാണു  ടെലികോം മന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ  അതിനു മുൻപു തന്നെ നിരക്കു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള ചർച്ചകളിലാണു മന്ത്രാലയം.