Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ വകുപ്പുകൾക്കു സാ‌ധനം വാങ്ങൽ: ജെം നിർബന്ധമാവും

കൊച്ചി∙ സാധനങ്ങൾ വാങ്ങുന്നതിന് കേന്ദ്രം നടപ്പാക്കിയ ഗവൺമെന്റ് ഇ മാർക്കറ്റ് (ജെം) കേരളത്തിലും വിജയമായതിനെ തുടർന്ന് ഇവിടെയും ഇതു നിർബന്ധമാക്കിയേക്കും. സ്റ്റേറ്റ് പർച്ചേസ് മാന്വലിൽ ഇതിനുവേണ്ട വ്യവസ്ഥകൾ ഉൾപ്പെടുത്തി.

സർക്കാർ വകുപ്പുകളുടെ സംഭരണം സുതാര്യമാവുകയും വിലകൾ കുറയുകയും ചെയ്യുമെന്നതാണു നേട്ടം. കഴിഞ്ഞ ആറു മാസം കേരളം ജെം നടപ്പാക്കിയപ്പോൾ വില കുറഞ്ഞതായി കണ്ടിരുന്നു. പ്രാദേശികമായി ഏതാനും പേർ ചേർന്നു കാർട്ടലുണ്ടാക്കി വിലകൾ ഉയർത്തി സർക്കാരിനു സപ്ലൈ ചെയ്യാനുള്ള കരാറുകൾ തരപ്പെടുത്തുന്ന രീതി ജെമ്മിൽ ഒരിക്കലും നടക്കില്ലെന്നതാണു നേട്ടം. കാരണം ജെമ്മിലൂടെ വാങ്ങുമ്പോൾ ദേശീയതലത്തിലാണു മൽസരം. വിലകൾ ജെം പോർട്ടലിലൂടെ തന്നെ മൽസരിച്ച് ക്വോട്ട് ചെയ്യുകയാണ്. വൻ തോതിൽ ഉത്പന്നങ്ങൾ നൽകാനുള്ള കരാറാണെന്നതിനാലും വിലകൾ കുറയുന്നു. ഈ പ്രക്രിയ എല്ലാവർക്കും നേരിട്ടു കാണുകയും ചെയ്യാം.

കേന്ദ്രം ഇതു നടപ്പാക്കിയ ശേഷം ഇതിനകം 5,58,589 ഉത്പന്നങ്ങൾ അതിലൂടെ വിവിധ വകുപ്പുകൾ വാങ്ങിയിട്ടുണ്ട്. 28,883 വിൽപ്പനക്കാരും 1,48,809 ബയർമാരും ഇതുവരെയുണ്ട്. കേരളത്തിൽ ജെം നിർബന്ധമാക്കിയില്ലെങ്കിലും പരമ്പരാഗത മാർഗത്തിലൂടെയോ ജെം വഴിയോ സംഭരണം നടത്താൻ ഗവ. അനുവാദം നൽകിയിരുന്നു. അങ്ങനെ അനേകം വകുപ്പുകൾ ജെം നടപ്പാക്കി കുറഞ്ഞ വിലയ്ക്കു സാധനങ്ങൾ വാങ്ങി. ജെം നടപ്പാക്കിയ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര അവാർഡ് ലഭിക്കുകയും ചെയ്തു.

ഇതേത്തുടർന്നാണ് ഇനി ചില പ്രത്യേക മേഖലകളിലൊഴികെ മറ്റെല്ലാം രംഗത്തും പരമ്പരാഗത രീതിയിലുള്ള വാങ്ങൽ പൂർണമായും നിർത്തി ജെമ്മിലൂടെ തന്നെ വാങ്ങണം എന്നു നിഷ്ക്കർഷിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ആറു മാസം ജെം നടപ്പാക്കിയപ്പോഴുള്ള അനുഭവം എന്തായിരുന്നുവെന്നു ധനവകുപ്പ് അവലോകനം നടത്തുന്നുമുണ്ട്.

ജെമ്മിലൂടെ സാധനങ്ങൾ സപ്ലൈ ചെയ്യാൻ എല്ലാവർക്കും കഴിയില്ല. സർക്കാരിന് സാധനങ്ങൾ സപ്ലൈ ചെയ്ത് എത്ര വർഷത്തെ പരിചയമുണ്ട് എന്നതു പ്രധാനമാണ്. മൂന്നു വർഷത്തെ നികുതി റിട്ടേണും ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റും മറ്റും സമർപ്പിച്ച് റജിസ്ട്രേഷൻ നേടണം. ഇടപാടുകൾ പൂർണമായും സുതാര്യവും അഖിലേന്ത്യാ തലത്തിൽ മൽസരം കടുത്തതും ആണെന്നതിനാൽ അഴിമതി മുക്തമാണെന്നു കരുതപ്പെടുന്നു. സർക്കാർ വകുപ്പുകളിൽ നടപ്പാക്കിയാൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജെം നിർബന്ധമാവും.