Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന് ഇരട്ട നേട്ടം വാങ്ങാൻ പണം നൽകണം, കുടിക്കാൻ ഫൈൻ നൽകണം

liquor-sketch

പത്തനംതിട്ട∙ മദ്യം വിറ്റു കിട്ടുന്ന കാശുമാത്രമല്ല സർക്കാരിന് വരുമാനമായി ഖജനാവിലെത്തുന്നത്, വാങ്ങിക്കുന്നവർ കുടിച്ചാലും കിട്ടും സർക്കാരിന് പണം. ‘ബവ്റിജസി’ൽ ക്യൂ നിന്ന് മദ്യം വാങ്ങി പൊതുസ്ഥലത്ത് വച്ച് പരസ്യവും രഹസ്യവുമായി ഒക്കെ കുടിച്ച് പിടിയിലായവർ അടച്ച പിഴ നാലുവർഷം കൊണ്ട് 12.83 കോടിയിലിധികമാണെന്നാണ് എക്സൈസിന്റെ പ്രാഥമിക കണക്ക്.

എക്സൈസിന്റെ മാത്രം കണക്കിൽ 2015 മുതൽ 2018 ഓഗസ്റ്റ് വരെ  21,662 കേസുകളാണ് സംസ്ഥാനത്ത് പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഉള്ള കേസ്. പൊതുസ്ഥലത്തു മദ്യപിച്ചാൽ ആ ‘കുടി കൂട്ടായ്മ’യിലെ ഓരോരുത്തരും 5000 രൂപ പിഴയൊടുക്കണം. കേസ് ഒന്നായിട്ടാകും രജിസ്റ്റർ ചെയ്തിട്ടുള്ളത്.  കോടതിയിലെത്തുമ്പോൾ ഓരോരുത്തർക്കും പിഴയീടാക്കിയാണ് കേസ് അവസാനിപ്പിക്കുക. കോടതിയിൽ നിന്നുള്ള അന്തിമകണക്കു കൂടിയെത്തുമ്പോൾ പിഴത്തുക ഇതിലും കൂടും.

കേസിൽ കോടതിയിൽ പോകുന്ന നാണക്കേട് ഓർത്ത് എക്സൈസ് ഓഫിസിൽ വന്നുതന്നെ 5000 രൂപ വീതം അടച്ച് തലയൂരിയവർ  നാലുവർഷത്തിനിടെ 1297 കേസുകളിലുണ്ട്.  ഓരോ കേസിലും ഒന്നിൽ കൂടുതൽ വ്യക്തികളുണ്ട്. ഇൗ ഇനത്തിൽ പിടികൂടി ഉടനെ ഖജനാവിലെത്തിയ പണം 61.11 ലക്ഷത്തിലധികം രൂപയാണ്. ബാറുകൾ അടഞ്ഞുകിടന്നവർഷങ്ങളിൽ കേസുകൾ വർധിച്ചു.  2015ൽ 4504 കേസുകളിൽ നിന്നും 2016ൽ കേസുകൾ 9500 ആയി ഉയർന്നു. 2017ൽ 6556 കേസുകളും രജിസ്റ്റർ ചെയ്തു. 2018ൽ ഇതുവരെ 1300  കേസുകളാണ് എക്സൈസ് എടുത്തത്.

കയ്യിൽ വയ്ക്കാവുന്നത്

പ്രായപൂർത്തിയായ ഒരാൾക്ക് മൂന്ന് ലിറ്റർ ഇന്ത്യൻനിർമിതവിദേശ മദ്യവും അഞ്ചര ലിറ്റർ ബീയറുമാണ് വാങ്ങാനും സൂക്ഷിക്കാനുമാകുക. ഇതിൽ കൂടുതൽ കയ്യിൽ നിന്നുപിടിച്ചാൽ കേസെടുക്കാം. ചിലർ രണ്ടുപ്രാവശ്യം ക്യൂ നിന്ന് ഇതിൽ കൂടുതൽ വാങ്ങി വീട്ടിലേക്ക് പോകുന്നവഴിയും പിടിയിലായി കേസിൽപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപാനത്തിന് പിഴയടച്ച് വീട്ടിൽ പോകാം. അനധികൃത മദ്യവിൽപനയ്ക്ക് കേസെടുത്താൽ പിഴയിൽ നിൽക്കില്ല. ജാമ്യം കിട്ടാത്ത വകുപ്പാണ്. പിടിക്കുന്നവരുടെ കയ്യിൽ നിന്ന്   കുപ്പിയും ഗ്ലാസും പണവും പിടിക്കണമെന്നുമാത്രം. അതിനൊക്കെ എക്സൈസിന്റെ കയ്യിൽ വകുപ്പുമുണ്ട്.