Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരിവിൽപന: സർക്കാർ ലക്ഷ്യം കാണില്ലെന്നു സൂചന

ന്യൂഡൽഹി ∙ പൊതുമേഖലയുടെ ഓഹരി വിൽപനയിലൂടെ സർക്കാർ ഇക്കൊല്ലം സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്ര തുക നേടാനാവില്ലെന്നു കണക്കുകൾ. 80,000 കോടി രൂപയായിരുന്നു ലക്ഷ്യം. നിലവിലെ സൂചനകൾ പ്രകാരം ഇതിൽ 10,000–15,000 കോടി രൂപ കുറവായിരിക്കും സമാഹരണം. ബജറ്റ് ലക്ഷ്യം 80,000 കോടി രൂപയായിരുന്നു.

2017–18ൽ 72,500 കോടി രൂപ ലക്ഷ്യമിട്ടിരുന്നപ്പോൾ ഒരു ലക്ഷം കോടി സമാഹരിക്കാനായിരുന്നു. ഇക്കൊല്ലം ഇതുവരെ 10,000 കോടി രൂപയാണ് സമാഹരിക്കാനായത്. ഇത് പൊതുമേഖലാ കമ്പനികളുടെ ഓഹരി ഉൾപ്പെടുത്തിയ ഭാരത്–22 ഇടിഎഫ് എന്ന മ്യൂച്വൽ ഫണ്ട് വഴിയും 4 സ്ഥാപനങ്ങളുടെ പ്രഥമ ഓഹരി വിൽപന(ഐപിഒ)യിലൂടെയുമാണ്.

ഹഡ്കൊ, എൻബിസിസി, ഭാരത് ഇലക്ട്രോണിക്സ്, കോൾ ഇന്ത്യ എന്നിവയുടെ ഓഹരികൾ ഓഫർ ഓഫ് വെയിൽ രീതിയിൽ ഇക്കൊല്ലം വിൽക്കും. ആർവിഎൻഎൽ, നീപ്കോ, മസഗോൺ ഡോക് എന്നിവയുടെ ഐപിഒയും നടക്കും. ഒഎൻജിസി, ഇന്ത്യൻ ഓയിൽ, കൊച്ചി കപ്പൽശാല തുടങ്ങിയ കമ്പനികളുടെ ഓഹരി തിരികെ വാങ്ങൽ ഉൾപ്പെടെയുള്ള മറ്റു നടപടികളും കണക്കിലെടുത്താലും ആകെ 65,000–70,000 കോടി രൂപയേ ഇക്കൊല്ലം സമാഹരിക്കാനാവൂ എന്നാണു വിലയിരുത്തൽ.