Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെൻ, ഹാത്ത്-വേ കമ്പനികളിൽ പങ്കാളിത്തം; കേബിൾ സേവനം വിപുലപ്പെടുത്തി റിലയൻസ്

reliance-jio-logo

കൊച്ചി ∙ റിലയൻസിന്റെ ഡിജിറ്റൽ കേബിൾ സേവനം 5 കോടി വീടുകളിലേക്ക്. ജിയോ ഗിഗാ ഫൈബർ, ജിയോ സ്മാർട് ഹോം സോല്യുഷൻസ് എന്നിവയുടെ ഡിജിറ്റൽ സേവനം കേബിൾ ശൃംഖലയിലൂടെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഡെൻ നെറ്റ്‌വർക്ക്, ഹാത്ത്-വേ കേബിൾ ആൻഡ് ഡേറ്റാകോം എന്നീ കമ്പനികളിൽ റിലയൻസ് ഇൻഡസ്ട്രീസ് പങ്കാളിത്തം നേടി.

ഡെൻ, ഹാത്ത്-വേ കമ്പനികൾ നിലവിൽ കേബിൾ സേവനം നൽകുന്ന 750 നഗരങ്ങളിലെ 2.4 കോടി വീടുകളിൽ ഇനി മുതൽ ജിയോ ജിഗാഫൈബർ, ജിയോ സ്മാർട് ഹോം സൊല്യൂഷൻസ് സംവിധാനങ്ങളിലൂടെ കേബിൾ സേവനങ്ങൾ നൽകാൻ ഇരു കമ്പനികളുമായും റിലയൻസ് പങ്കാളിത്തമുറപ്പാക്കും.

ഡെൻ നെറ്റ്‌വർക്കിന്റെ 66% ഓഹരി 2045 കോടി രൂപയ്ക്കു റിലയൻസ് ലിമിറ്റഡ് സ്വന്തമാക്കി. 2940 കോടി രൂപയ്ക്കാണ് ഹാത്ത്-വേ കേബിൾ ആൻഡ് ഡാറ്റാകോമിന്റെ 51.3% ഓഹരികൾ വാങ്ങിയത്. 37.3% ഓഹരികളോടെ ഹാത്ത്-വേയുടെ സംയുക്ത നിയന്ത്രണത്തിലുള്ള ജിടിപിഎൽ ഹാത്ത്-വേ ലിമിറ്റഡിലും, ഹാത്ത്-വേ ഭവാനി കേബിൾടെൽ ആൻഡ് ഡേറ്റകോംമിലും പങ്കാളിത്തമുണ്ടാകും.

വലിയ സ്‌ക്രീനുള്ള ടെലിവിഷനുകളിൽ അൾട്രാ ഹൈ ഡെഫനിഷൻ എന്റർടെയ്ൻമെന്റ് സംവിധാനങ്ങൾ, മൽട്ടി-പാർട്ടി വിഡിയോ കോൺഫറൻസിങ്, വെർച്വൽ റിയാലിറ്റി ഗെയിമിങ്, ഡിജിറ്റൽ ഷോപ്പിങ്, സ്മാർട് ഹോം സൊല്യൂഷൻസ്, തുടങ്ങിയ സേവനങ്ങളാകും ജിയോജിഗാ ഫൈബർ വഴി വീടുകളിൽ നൽകുക.

രാജ്യത്തെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുക വഴി കേബിൾ ഉപഭോക്താക്കൾ, കേബിൾ ഓപ്പറേറ്റർമാർ, തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും മികച്ച സേവനമാകും ലഭ്യമാകുക. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ വീടുകൾക്കു നൽകുകയാണ് ലക്ഷ്യമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

റിലയൻസ് ഇൻ‌ഡസ്ട്രീസ്: ലാഭം 9516 കോടി

മുംബൈ ∙ നടപ്പു സാമ്പത്തിക വർഷം ജൂലൈ–സെപ്റ്റംബർ കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസ് 9516 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ വർധന 17%. മൊത്തം വരുമാനം 55% വർധിച്ച് 1.56 ലക്ഷം കോടി രൂപയിലെത്തി. പെട്രോകെമിക്കൽ ബിസിനസിന്റെ പ്രവർത്തന ലാഭം 64% ഉയർന്ന് 8120 കോടിയായി.

റിലയൻസ് റീട്ടെയ്‌ൽ, ജിയോ പ്രവർത്തന ലാഭം മൂന്നു മടങ്ങ് വർധിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് റീട്ടെയ്‌ൽ, ജിയോ എന്നിവ ഗ്രൂപ്പിന്റെ പ്രവർത്തന ലാഭത്തിൽ 15% പങ്കാളിത്തമാണ് വഹിക്കുന്നത്. എന്നാൽ റിഫൈനറി യൂണിറ്റിന്റെ പ്രവർത്തന ലാഭം 20% കുറഞ്ഞ് 5322 കോടിയിലെത്തി.