Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: കേരള ബാങ്കുകൾ ഉടൻ വായ്പ നൽകണമെന്ന് കേന്ദ്രം

representative image

കൊല്ലം ∙ പ്രളയാനന്തര പുനർനി‍ർമാണ പ്രവർത്തനങ്ങൾക്കുള്ള കേരളത്തിന്റെ പദ്ധതിക്കു വായ്പ നൽകുന്നതിൽ കാലതാമസവും വീഴ്ചയും വരുത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഉടനടി നടപടി സ്വീകരിക്കാൻ ബാങ്കുകൾക്കു കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം. കെട്ടിക്കിടക്കുന്ന വായ്പാ അപേക്ഷകളിൽ 10 ദിവസത്തിനകം തീരുമാനമെടുക്കാൻ എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ മേധാവിമാരോട് കേന്ദ്രം ആവശ്യപ്പെട്ടു. കുടുംബശ്രീയുടെ കീഴിലുള്ള സ്വയംസഹായ സംഘങ്ങളും ഇടത്തരം– ചെറുകിട സംരംഭങ്ങളും (എംഎസ്എംഇ) പ്രളയത്തിനു ശേഷം നൽകിയ അപേക്ഷകളിൽ കാലതാമസം വരുത്തിയതായി സർക്കാർ കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്കു നൽകിയ പരാതിയെ തുടർന്നാണു നടപടി.

കുടുംബശ്രീ സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകാനും ഇതിന് 9% പലിശ സംസ്ഥാന സർക്കാരിൽ നിന്ന് ഈടാക്കാനുമാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിയെ (എസ്എൽബിസി) അറിയിച്ചിരുന്നത്. എന്നാൽ, സഹകരണ ബാങ്കുകൾ ഒഴികെയാരും സഹകരിച്ചില്ല. പൊതുമേഖലാ ബാങ്കുകൾ കാരണമില്ലാതെ കാലതാമസം വരുത്തിയതായാണു സർക്കാരിന്റെ പരാതി. പ്രളയത്തെത്തുടർന്നു നാശനഷ്ടം നേരിട്ട എംഎസ്എംഇയ്ക്ക് നിലവിലുള്ള വായ്പകൾ പുനഃക്രമീകരിക്കാനും പുതിയവ അനുവദിക്കാനും സർക്കാർ അനുമതി നൽകിയിരുന്നു. ഇതു സംബന്ധിച്ച് സെപ്റ്റംബർ 20നു ചേർന്ന എസ്എൽബിസിയെടുത്ത തീരുമാനങ്ങൾ നടപ്പായില്ല.

സഹായ വായ്പാ വിതരണക്രമം (ഒക്ടോബർ 12 വരെ)

വായ്പയ്ക്കായി അപേക്ഷ നൽകിയ കുടുംബശ്രീ സംഘങ്ങൾ: 16,258

ഇതു വഴി വായ്പാ ഗുണഭോക്താക്കളാകുന്നവർ: 1,30,064

അപേക്ഷ നൽകിയത്: 24 ബാങ്കുകൾക്ക്

വായ്പ ലഭിച്ച കുടുംബശ്രീ സംഘങ്ങൾ: 1419

വായ്പ ലഭിച്ച ഗുണഭോക്താക്കൾ: 10,010

ആകെ ലഭിച്ച വായ്പാത്തുക: 80 കോടി രൂപ

പുനഃക്രമീകരണത്തിന് അർഹമായ എംഎസ്എംഇ വായ്പകളുടെ എണ്ണം: 1,37,172

പുനഃക്രമീകരണത്തിന് അർഹമായ വായ്പാത്തുക: 2492.07കോടി രൂപ

പുനഃക്രമീകരണം ചെയ്ത വായ്പ അക്കൗണ്ടുകൾ: 2769

പുനഃക്രമീകരിച്ച വായ്പാത്തുക: 119.42 കോടി രൂപ

പ്രളയബാധിത എംഎസ്എംഇകൾക്ക് അനുവദിച്ച  പുതിയ വായ്പകൾ: 363

അനുവദിച്ച വായ്പാത്തുക: 40.9 കോടി രൂപ

related stories