Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ സുസ്ഥിരതാ നയം കർഷകരുടെ ചെലവു കൂട്ടും

rubber-plantation

കൊച്ചി ∙ റബർ കൃഷി രംഗത്തെ പരിസ്ഥിതി അനുകൂല സുസ്ഥിരതയ്ക്കു സ്വീകരിക്കേണ്ട നടപടികൾ ചെറുകിട റബർ കർഷകരുടെ ചെലവു വർധിപ്പിക്കുമെന്ന് അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിങ് കൺട്രീസ് സീനിയർ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോം ജേക്കബ്. ചെറുകിട കർഷകരുടെ ഈ അധികച്ചെലവു താങ്ങാൻ വൻകിടക്കാരും ഉപയോക്താക്കളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ റബർ മീറ്റിൽ ആഗോള റബർ സ്ഥിതിവിശേഷത്തെക്കുറിച്ച് അവതരണം നടത്തുകയായിരുന്നു അദ്ദേഹം. 2022 ആകുമ്പോഴേക്കും പുതുതായി ഉത്പാദനം തുടങ്ങുന്ന മരങ്ങൾ ലോകത്തൊന്നും  വച്ചുപിടിപ്പിച്ചിട്ടുണ്ടാവില്ല. അവസാനം മരങ്ങൾ വച്ചത് 2015ൽ ആണ്. നിലവിൽ പത്തു ലക്ഷത്തോളം ടൺ ഉത്പാദനം നടത്താൻ സാധ്യതയുള്ള മരങ്ങൾ വെട്ടുന്നില്ല. മരങ്ങൾ തന്നെ വെട്ടിമാറ്റി മറ്റു കൃഷികളിലേക്കു തിരിയുന്നു. തായ്‌ലൻഡിൽ റബർ മാറ്റി എണ്ണപ്പന കൃഷി ചെയ്യുകയാണ്. അതിനാൽ 2022 ആകുമ്പോഴേക്കും റബറിന്റെ ആവശ്യം കൂടിയില്ലെങ്കിലും ഉത്പാദനം കുറയും, വില കയറും.

അനേകം സുസ്ഥിര നയങ്ങൾ രൂപപ്പെട്ടു വരികയാണ്. അത്തരം നയം സ്വീകരിച്ച ഉത്പാദകരുടെ റബർ മാത്രമേ വാങ്ങാവൂ എന്നും അങ്ങനെയുള്ള റബർ കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നുള്ള നിർദേശം വരാൻ പോകുന്നു. ജനറൽ മോട്ടോഴ്സ് സുസ്ഥിരതാ നയങ്ങളുള്ള തോട്ടങ്ങളിലെ റബർ ഉപയോഗിച്ചുണ്ടാക്കിയ ഉത്പന്നങ്ങൾ മാത്രമേ വാങ്ങൂ എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 

സുസ്ഥിരതാ നയം ഇങ്ങനെ: 

ബാല വേല ഇല്ലെന്ന് ഉറപ്പാക്കണം. തോട്ടങ്ങളിൽ അനുവദനീയ അളവിൽ കൂടുതൽ കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാൻ പാടില്ല. ഇത്തരം നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താൻ സംവിധാനമുണ്ടാവും. സർട്ടിഫിക്കറ്റ് നൽകുന്ന ഏജൻസികൾ വരും. ചെറുകിടക്കാരെ ബോധവൽക്കരിക്കണം. കാരണം സുസ്ഥിര നയങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അവരുടെ ഉത്പന്നം എടുക്കാൻ ആളുണ്ടാവില്ല. 

സുസ്ഥിര റബർ ഉത്പാദക–ഉപഭോഗ ശൃംഖലയെക്കുറിച്ച് അവതരണം നടത്തിയ ഗ്വാട്ടിമാലയിലെ ഗ്രൂപ്പോ ഫോർട്ടലീസ സിഇഒ ഗുന്തർ ലോട്ട്മാനും ഇക്കാര്യം ചൂണ്ടിക്കാട്ടി. സുസ്ഥിര നയങ്ങൾ സ്വീകരിച്ചാൽ കാർബൺ ക്രെഡിറ്റ് ഫണ്ട് കിട്ടുമോ എന്നു കർഷകർ ചോദിച്ചെങ്കിലും വ്യക്തികൾക്ക് അതു ലഭിക്കാൻ സാധ്യതയില്ലെന്നായിരുന്നു മറുപടി.  റബർ തോട്ടങ്ങൾ  വനമായി പരിഗണി‍ച്ച് ആനുകൂല്യങ്ങൾ നൽകണമെന്ന് ലോട്ട്മാൻ ആവശ്യപ്പെട്ടു.