Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

59 മിനിറ്റിൽ കോടി രൂപ വായ്പ; മോദിയുടെ പ്രസംഗത്തിനിടെ 994 പേര്‍ക്കു പണം

Narendra Modi

ന്യൂഡൽഹി ∙ നോട്ട് റദ്ദാക്കലിന്റെയും ജിഎസ്ടിയുടെയും പശ്ചാത്തലത്തിൽ തകർച്ചയിലായ ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെ (എംഎസ്എംഇ) പുനരുദ്ധാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ 100 എംഎ‌സ്എംഇ ജില്ലകളുടെ സമഗ്ര വികസനമാണു ലക്ഷ്യം.

ഒരു കോടി രൂപ വരെ വായ്പയ്ക്ക് ബാങ്കിൽ പോകേണ്ട. പോർട്ടൽ വഴി അപേക്ഷിച്ചാൽ  59 മിനിറ്റിനകം തത്വത്തിൽ അംഗീകാരം. 72,680 ചെറുകിട സംരംഭകരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ തത്സമയ അപേക്ഷ നൽകി വായ്പ വാങ്ങിയതു 994 പേർ. 

രക്ഷാപദ്ധതി ഇങ്ങനെ

കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവരുടെ പുതിയ വായ്പയ്ക്കും അധിക വായ്പയ്ക്കും 5% പലിശയിളവ്. നിലവിൽ ഇത് 3%. 

500 കോടി രൂപയിലേറെ വിറ്റുവരവുള്ള വലിയ സ്ഥാപനങ്ങളുമായി ഇടപാടു നടത്തുന്നവർക്ക് ഇടപാടിന്റെ രസീത് ട്രേഡേഴ്സ് പോർട്ടലിൽ നൽകാം. ബാങ്കുകൾ അത് ഈടായി കണക്കാക്കും. ബിൽ വൈകുന്നതിനെക്കുറിച്ചു പരാതിയുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ പോർട്ടലിൽ രേഖപ്പെടുത്തിയാൽ സമയബന്ധിത പരി‌ഹാരം. 

പൊതുമേഖലാ സ്ഥാപനങ്ങൾ ക്രയവിക്രയത്തിന്റെ 25% ചെറുകിട, ഇടത്തരം മേഖലയുമായി നടത്തണം; 3% വനിതാ സംരംഭകരുമായും. 

ഗവൺമെ‌ന്റ് ഇ മാർക്കറ്റ് പ്ലെയ്സ് (ജെം) വഴി സാധനങ്ങൾ വിറ്റഴിക്കാൻ സൗകര്യം. 

സാങ്കേതികവിദ്യ പരിഷ്കരിക്കുന്നതിന് 6,000 രൂപ മുടക്കി രാജ്യമെങ്ങും ‘ഉപകരണമുറി’കൾ. അവയുടെ മേൽനോട്ടത്തിന് 20 മുഖ്യകേന്ദ്രങ്ങൾ. 

ഔഷധ സ്ഥാപനങ്ങൾക്കു നേരിട്ട് ഇടപാടുകാരിലെത്താൻ അന്തരീക്ഷമൊരുക്കും. ഫാർമ ക്ലസ്റ്ററുകളുടെ വികസനത്തിനു പ്രത്യേക പദ്ധതി. 

വായു മലിനീകരണ, ജല മലിനീകരണ നിയമങ്ങളനുസരിച്ച് ഒരു അനുമതി മതിയാവും. 

ഇൻസ്പെക്ടർ രാജിനു വിട 

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇൻസ്പെക്ടർ രാജിന് അന്ത്യം കുറിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു നൽകി. നേരിട്ടു പരിശോധന വേണ്ടിവന്നാൽ 48 മണിക്കൂറിനകം അതിന്റെ റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അനാവശ്യ നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു കമ്പനികാര്യ നിയമപരിഷ്കാരങ്ങൾ തുണയാകും. ഫാക്ടറിയിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനോടു സർക്കാർ കാരണം ചോദിക്കും, ഉദ്ദേശ്യവും–പ്രധാനമന്ത്രി പറഞ്ഞു.

related stories