Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒക്ടോബറിൽ വൻ ജിഎസ്ടി വരവ്

Goods and Services Tax - GST

തിരുവനന്തപുരം ∙ പ്രളയം കണക്കിലെടുത്ത് രണ്ടു മാസത്തെ നികുതി ഒരുമിച്ചടയ്ക്കാൻ പ്രത്യേക അനുമതി ലഭിച്ചതിനാൽ ഒക്ടോബറിൽ സംസ്ഥാനത്തെ ജിഎസ്ടി വരുമാനം കുതിച്ചുയർന്നു. സംസ്ഥാനത്തു പിരിക്കുന്ന ജിഎസ്ടിയും സംസ്ഥാനത്തിനു പുറത്തു നിന്നു വരുന്ന ഉൽപന്നങ്ങൾക്കു നൽകേണ്ട ഐജിഎസ്ടിയും ചേർ‌ത്ത് ഒക്ടോബറിൽ കേരളത്തിനു ലഭിച്ചത് 1817 കോടി രൂപയാണ്. 2017 ഒക്ടോബറിലെ വരുമാനത്തെ അപേക്ഷിച്ച് 254 കോടി രൂപ അധികം ലഭിച്ചു. വർധന 16%. 

ഓഗസ്റ്റിലെ റിട്ടേൺ‌ സമർ‌പ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത് സെപ്റ്റംബർ 25 ആയിരുന്നു. എന്നാൽ പ്രളയം കണക്കിലെടുത്തു കേരളത്തിലെ വ്യാപാരികൾക്ക് റിട്ടേൺ സമർപ്പിക്കാൻ ഒക്ടോബർ അഞ്ചു വരെ സമയം നീട്ടി നൽകിയിരുന്നു. സെപ്റ്റംബറിലെ റിട്ടേൺ ഒക്ടോബർ 10 നു മുൻപും സമർപ്പിക്കേണ്ടിയിരുന്നു. ഇങ്ങനെ ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും നികുതി മിക്ക വ്യാപാരികളും ഒക്ടോബറിൽ ഒടുക്കിയതോടെ നികുതി വരുമാനം കുതിച്ചുയർന്നു. 

മാസം ജിഎസ്ടിയായി ശരാശരി 750 കോടിയും ഐജിഎസ്ടിയായി 850 കോടി രൂപയുമാണു സംസ്ഥാനത്തിനു ലഭിക്കുന്നത്. എന്നാൽ ഒക്ടോബറിലെ ഐജിഎസ്ടി വരുമാനം 1068 കോടിയായി വർധിച്ചതിനു പിന്നിൽ‌ ജിഎസ്ടി സ്ക്വാഡുകൾ വാഹന പരിശോധന ശക്തമാക്കിയതു കാരണമാണെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പാലക്കാട്ടു മാത്രം 10 കോടി രൂപയുടെ നികുതി വെട്ടിപ്പാണു കഴിഞ്ഞ മാസം പിടികൂടിയത്. ആമസോൺ, ഫ്ലിപ്കാർട്ട് അടക്കമുള്ള ഓൺലൈൻ വ്യാപാരികൾ ഐജിഎസ്ടിക്കൊപ്പം 1% ആദായനികുതി മുൻകൂറായി അടയ്ക്കണമെന്ന വ്യവസ്ഥ കഴിഞ്ഞ മാസം നടപ്പാക്കിയതും ഗുണമായി.