Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ ഉപരോധത്തിൽ ഇളവ്; എണ്ണവില 73 ഡോളറിൽ താഴെ

oil-price-falls

ദോഹ ∙ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇന്ത്യ ഉൾപ്പെടെ 8  രാജ്യങ്ങൾക്ക് ഇളവു നൽകുമെന്ന് യുഎസ്.   ഇറാനെതിരെ യുഎസ് ഉപരോധം പൂർണമായി നിലവിൽ വരുന്നതു 5ന് ആണ്. പ്രഖ്യാപനം  വന്നതോടെ  രാജ്യാന്തര വിപണിയിൽ എണ്ണ വില ആറു മാസത്തെ താഴ്ന്ന നിലയിൽ എത്തി. 

ബ്രെന്റ് ക്രൂഡ് വില ഈ ആഴ്ചയിൽ 6% താഴ്ന്ന് ബാരലിന് 72.69 ഡോളറിലെത്തി. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതു പൂർണമായും അവസാനിപ്പിക്കണമെന്നാണു ലോക രാജ്യങ്ങളോട് യുഎസ് നേരത്തേ നിർദേശിച്ചിരുന്നത്.  എന്നാൽ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി  8 രാജ്യങ്ങൾക്ക് താൽക്കാലിക ഇളവു നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. ഈ വർഷം അവസാനത്തോടെ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി 11.5 ലക്ഷം ബാരലായി കുറയുമെന്നാണു വിലയിരുത്തുന്നത്. ജൂണിലേതിനേക്കാൾ 25 ലക്ഷം ബാരൽ കുറവാണിത്. 

ഒരു രൂപ നേട്ടവുമായി രൂപ

ന്യൂഡൽഹി ∙ ഒറ്റ ദിവസം ഒരു രൂപയുടെ നേട്ടം ഉണ്ടാക്കി രൂപ. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 72.45ൽ എത്തി. ഒരു ദിവസം ഇത്തരത്തിൽ രൂപ നേട്ടമുണ്ടാക്കിയത് 5 വർഷത്തിനുള്ളിൽ ഇതാദ്യം. എണ്ണവില കുറഞ്ഞതും ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇന്ത്യക്കു ചില ഇളവുകൾ ലഭിക്കുമെന്ന വാർത്തയുമാണു രൂപയെ ശക്തിപ്പെടുത്തിയത്. ഓഹരി വിപണിയിലെ ഉണർവും മറ്റൊരു കാരണമായി.