Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയശേഷം നവീകരിക്കാൻ വിപണി റെഡി

x-default

പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 1000 കോടി രൂപ അനുവദിക്കാൻ തീരുമാനമായതോടെ, ഉയരുന്ന ഡിമാൻഡ് നേരിടാൻ തയാറെടുത്തിരിക്കുകയാണു വിപണി. പ്രളയത്തിൽ 2.5 ലക്ഷം വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നു സർക്കാരിന്റെ ഡിജിറ്റൽ സർവേ ഫലം പറയുന്നു. കേരളത്തിന്റെ വാണിജ്യ കേന്ദ്രമായ എറണാകുളത്ത് കേടുപാടുണ്ടായത് 86,818 കെട്ടിടങ്ങൾക്ക്. പ്രളയാനന്തര വിപണിയിൽ ഇതിന് ആനുപാതികമായ ചലനം ഇതുവരെ കാണാത്തതിനു കാരണം സർക്കാരിന്റെ സഹായം പൂർണമായി കിട്ടാത്തതും പ്രതികൂല കാലാവസ്ഥയുമാണെന്നു വ്യാപാരികൾ പറയുന്നു.

പ്രളയം തകർത്ത കേരളത്തിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ഇനിയും വേഗം പ്രാപിക്കാനിരിക്കുന്നതേയുള്ളൂ. പ്രളയം തകർത്ത വീടുകളിൽ അറ്റകുറ്റപ്പണികളൊഴികെ വലിയ തോതിലുള്ള പുനർനിർമാണ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നതു ശരിവയ്ക്കുന്നതാണ് വിപണിയിൽ നിന്നുള്ള കണക്കുകൾ. സർക്കാരിൽ നിന്നുള്ള ദുരിതാശ്വാസത്തുകയുടെ വിതരണം പൂർത്തിയാകാത്തതിനാൽ വീടുകളിൽ ഭൂരിഭാഗവും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു പണം ചെലവാക്കിയിട്ടില്ല. ഫർണിച്ചർ, പെയിന്റ്, പ്ലൈവുഡ് വിപണിയിൽ നേരിയ വർധന പ്രളയം കഴിഞ്ഞുള്ള സെപ്റ്റംബർ മാസത്തിലുണ്ടായെങ്കിലും ഒക്ടോബർ മാസത്തോടെ വരുമാനം താഴ്ന്നു. അതേസമയം, ഗൃഹോപകരണ വിപണിയിൽ പ്രളയത്തിനു ശേഷം കാര്യമായ ഉണർവുണ്ട്.

അറ്റകുറ്റപ്പണിക്കായി പ്ലൈവുഡ്

പ്രളയാനന്തരം വീട്ടുപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ വേണ്ടിവന്നതോടെ പ്ലൈവുഡ് വിപണിക്ക് അനക്കം വച്ചു. ജിഎസ്ടിക്കും പ്രളയത്തിനും ഒപ്പം ഒലിച്ചു പോയ പ്ലൈവുഡ് വിപണി ഉണർന്നത് സെപ്റ്റംബർ മാസത്തിൽ. വിറ്റുപോയതിൽ ഏറെയും 9 എംഎം കനമുള്ള 6*4, 6*3 ഷീറ്റുകൾ. ഇതു കൂടുതലായും ഉപയോഗിക്കുന്നത് കട്ടിലുകളുടെ നിർമാണാവശ്യത്തിനാണ്. കനം കൂടിയ ബോർഡുകളൊന്നും പോകാത്തതിനാൽ പ്രളയത്തിനു ശേഷം കാര്യമായ നവീകരണ പരിപാടികളൊന്നും വീടുകളിൽ നടന്നിട്ടില്ല എന്നു വേണം അനുമാനിക്കാൻ. എന്നാൽ ഒക്ടോബർ പകുതിയോടെ വിൽപന വീണ്ടും കുറഞ്ഞെന്നു പ്ലൈവുഡ് കമ്പനി പ്രതിനിധികൾ പറയുന്നു.

നിറം മങ്ങാതെ പെയിന്റ്

പ്രളയം കഴിഞ്ഞുള്ള സെപ്റ്റംബർ മാസത്തിൽ പെയിന്റുകളുടെ വിൽപനയിൽ വർധനയുണ്ടായതായി വ്യാപാരികൾ പറയുന്നു. സാധാരണ മാസങ്ങളിൽ 30–40 % ആണ് വിൽപനയെങ്കിൽ സെപ്റ്റംബറിൽ 60% ആയി ഉയർന്നു. വലിയ തോതിൽ വെള്ളം കയറി നാശമായ വീടുകളിലാണ് പെയിന്റടി കൂടുതലായും നടന്നത്. മറ്റു വീടുകളിൽ ചെറിയ തോതിലുള്ള പണികളും. അതുകൊണ്ടു വലിയൊരു നേട്ടം പെയിന്റ് വ്യാപാരികൾക്കും പറയാനില്ല. മാത്രമല്ല പ്രളയത്തിനു ശേഷം പിന്നെയും റെഡ് അലെർട്ടും ഓറഞ്ച് അലെർട്ടുമൊക്കെ വന്നതും വിപണിയെ കാര്യമായി ബാധിച്ചു. സെപ്റ്റംബറിൽ വിൽപന കൂടിയെങ്കിലും ഒക്ടോബർ മാസത്തോടെ ഇടിവാണുണ്ടായത്.

അനക്കം തട്ടാതെ ഫർണിച്ചർ

ഫർണിച്ചർ വിൽപനയിലും കാര്യമായ മാറ്റം പ്രളയത്തിനു ശേഷമുണ്ടായിട്ടില്ല. ഒട്ടേറെ വീടുകളിൽ ഫർണിച്ചർ നശിച്ചെങ്കിലും ഇതിനനുസരിച്ചുള്ള വിൽപനയുണ്ടായിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. ഭൂരിഭാഗം പേരും ചെറിയ അറ്റകുറ്റപ്പണികൾ നടത്തി ഫർണിച്ചർ വീണ്ടും ഉപയോഗിക്കുകയാണ്. വിലകുറഞ്ഞ കിടക്കകളാണ് പ്രളയം കഴിഞ്ഞുള്ള മാസങ്ങളിൽ വൻ തോതിൽ വിറ്റു പോയതെന്നും വ്യാപാരികൾ പറയുന്നു. പൈസയ്ക്കുണ്ടായ ഞെരുക്കം ഫർണിച്ചർ പോലെ അപ്രധാനമായ പലതും വാങ്ങുന്നതിൽനിന്നു ജനങ്ങളെ പിന്തിരിപ്പിച്ചെന്നു വേണം കരുതാൻ. വീടുകളുടെ കേടുപാടുകൾക്ക് അനുസരിച്ചാണ് തുക സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഈ തുക ലഭിക്കുന്നതോടെയേ ജനങ്ങൾ പൂർണതോതിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കൂ. അതോടെയേ വിപണിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുകയുള്ളുവെന്നു പറയുന്നു വ്യാപാരികൾ.

related stories