Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ ഉപരോധം: കരുതലോടെ വിപണി

oil

ന്യൂഡൽഹി ∙ ഇറാനെതിരെ യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പ്രാബല്യത്തിലായതിനു പിന്നാലെ, ഇന്ത്യയും ചൈനയുമുൾപ്പെടെ 8രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതിക്ക് ഇളവനുവദിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ വ്യക്തമാക്കി. ഉപരോധം ഇറാനിൽ ഇന്ത്യ മുതൽമുടക്കിയിട്ടുള്ളതും തന്ത്രപ്രധാനവുമായ ചാബഹാർ തുറമുഖ പദ്ധതിയെ എങ്ങനെ ബാധിക്കുമെന്നു വ്യക്തമായിട്ടില്ല  യുഎസിന്റെ നടപടി ഖേദകരമാണെന്നു നിലപാടെടുത്ത യൂറോപ്യൻ യൂണിയനും ഫ്രാൻസും ബ്രിട്ടനും ജർമനിയും, തങ്ങളുടെ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് ഇറാനുമായി ഇടപാടുകൾ നടത്തുന്നതിനുള്ള സംരക്ഷണം ആവശ്യപ്പെടുമെന്നു വ്യക്തമാക്കി.

2015ൽ ഇറാനും യുഎൻ സുരക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളും ജർമനിയും ഒപ്പുവച്ച സംയുക്ത സമഗ്ര കർമപദ്ധതിയിൽനിന്നു പിൻമാറുകയാണെന്ന് കഴിഞ്ഞ മേയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവ പദ്ധതി ഉപേക്ഷിച്ചാൽ ആ രാജ്യത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കുമെന്നായിരുന്നു കർമപദ്ധതിയിലെ ധാരണ. അതിൽനിന്ന് ഏകപക്ഷീയമായി പിൻമാറിയ പശ്ചാത്തലത്തിലാണു കഴിഞ്ഞ ദിവസം മുതൽ യുഎസ് വീണ്ടും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.

രാജ്യാന്തര എണ്ണ വിപണിയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കാവുന്ന സ്ഥിതിയിൽ, ഇറാനുമായി പുതിയ കരാർ സാധ്യമാണെന്നു കരുതുന്നതായി മൈക് പോംപെയോ ഇന്നലെ വ്യക്തമാക്കി. യുഎസ് സമീപനം മാറ്റുകയാണെങ്കിൽ പുതിയ കരാർ സാധ്യമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറഞ്ഞു.  ചർച്ച തുടങ്ങാൻ പരസ്പര വിശ്വാസം വേണ്ട, പരസ്പര ബഹുമാനം മതി. ഫലദായകമായ ചർച്ചയ്ക്കുള്ള അടിത്തറ വേണം – സരീഫ് വിശദീകരിച്ചു.  എണ്ണയ്ക്കു പുറമെ, ഷിപ്പിങ്, ബാങ്കിങ്, ഇറാന്റെ ദേശീയ വിമാന സർവീസ് തുടങ്ങിയവയ്ക്കും എഴുനൂറോളം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം ബാധകമാണെന്ന് യുഎസ് വ്യക്തമാക്കി. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണു ലക്ഷ്യം.

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ, ജപ്പാൻ, ഇറ്റലി, ഗ്രീസ്, ദക്ഷിണ കൊറിയ, തയ്‌വാൻ, തുർക്കി എന്നീ രാജ്യങ്ങൾക്കാണ് ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യ ഈ വർഷം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ 35% കുറവുവരുത്തുമെന്ന ഉറപ്പിലാണ് ഇളവ്.  ഇന്ത്യ വാങ്ങുന്ന എണ്ണയുടെ വിലയത്രയും രൂപയായി ഇന്ത്യയിലെ ബാങ്കിൽ നിക്ഷേപിക്കണമെന്നും അതു പൂർണമായും ഇന്ത്യയിൽനിന്നു ഭക്ഷ്യവസ്തുക്കളും മരുന്നുമുൾപ്പെടെ, ഉപരോധം ബാധകമാകാത്ത വസ്തുക്കൾ വാങ്ങുന്നതിനു മാത്രം ഇറാൻ ഉപയോഗിക്കണമെന്നുമാണു വ്യവസ്ഥ.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉപരോധത്തെ അശങ്കയോടെയാണ് കാണുന്നത്. ഇറാനുമായും യുഎസുമായും ഒരുപോലെ ബിസിനസ് നടത്താൻ ഇയു കമ്പനികളെ അനുവദിക്കില്ലെന്നും യുഎസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇറാൻ കറൻസിയുടെ മൂല്യം മൂന്നിൽ രണ്ടായി കുറഞ്ഞു. കനത്ത വിലക്കയറ്റമാണ് രാജ്യത്ത്. പല വൻകിട കമ്പനികളും ഇറാനിൽനിന്ന് പിന്മാറിത്തുടങ്ങി. ടോട്ടൽ, സീമെൻസ്, റെനോ, പ്യൂഷോ എന്നിവ ഇറാൻ വിട്ടു. അതേസമയം, ഇറാനുമായുള്ള ഇടപാടുകൾ തുടരുമെന്ന് ചൈന വ്യക്തമാക്കി. ഏകപക്ഷീയമായ ഉപരോധത്തെ എതിർക്കുമെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

ഉയരാതെ  എണ്ണവില

ദോഹ ∙ ഇറാനെതിരെയുള്ള യുഎസ് ഉപരോധം നിലവിൽ വന്നെങ്കിലും രാജ്യാന്തര എണ്ണവിലയിൽ വർധനയുണ്ടായില്ല. ബ്രെന്റ് ക്രൂഡ് വില ബാരലിന് 73.35 ഡോളറാണ്. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തുടരുന്നുണ്ടെന്നാണു റിപ്പോർട്ട്. പ്രതിദിനം 15 ലക്ഷം ബാരൽ എണ്ണ ഇറാൻ കയറ്റി അയയ്ക്കുന്നുണ്ട്. അതേസമയം, ഉപരോധം ഏറെ വൈകാതെ എണ്ണവിലയിൽ പ്രതിഫലിക്കുമെന്നാണു വിലയിരുത്തൽ.

ഹസൻ റൂഹാനി, ഇറാൻ പ്രസിഡന്റ്

യുഎസ് ഉപരോധത്തെ അഭിമാനത്തോടെ മറികടക്കും. രാജ്യാന്തര നയങ്ങൾക്ക് എതിരാണ് യുഎസ് നടപടി. ഇതൊരു സാമ്പത്തിക യുദ്ധമാണ്. രാജ്യാന്തര ചട്ടങ്ങൾക്കും നിയമങ്ങൾക്കും എതിരു നിൽക്കുന്ന ഒരാൾ ആദ്യമായാണ് വൈറ്റ് ഹൗസിൽ എത്തുന്നത്.