Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോബിൻ ഡെൻഹോം ടെസ്‌ല ചെയർപഴ്സൻ

robyn-denholm റോബിൻ ഡെൻഹോം

ന്യൂയോർക്ക് ∙ പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ അധ്യക്ഷപദവിയിലേക്ക് ബോർഡിലെ രണ്ടു വനിതാ അംഗങ്ങളിലൊരാളായ റോബിൻ ഡെൻഹോം (55) നിയമിതയായി. ടെസ്‍ല സ്ഥാപകനായ ഇലൻ മസ്ക് വിവാദത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോഴാണ് പുതിയ നിയമനം. മസ്ക് സിഇഒ സ്ഥാനത്തു തുടരും. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ടെൽസ്ട്രയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സ്ഥാനം വഹിക്കുന്ന ഡെൻഹോം ആ പദവി രാജിവച്ച് ഉടൻ തന്നെ ടെസ്‌ല അധ്യക്ഷപദവി ഏറ്റെടുക്കും. 2014ലാണ് ഡെൻഹോം ടെസ്‍ല ഡയറക്ടർ ബോർഡ് അംഗമാകുന്നത്. 

ടെസ്‌ലയെ സ്വകാര്യ ഉടമസ്ഥതയിലാക്കുന്നതു സംബന്ധിച്ച് ഇലൻ മസ്ക് നടത്തിയ ചില ട്വീറ്റുകൾ വിവാദമാവുകയും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തതിന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ മസ്കിനു പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് മൂന്നു വർഷത്തേക്കാണ് മസ്ക് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്.