Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോട്ടങ്ങളിൽ പുനർനിക്ഷേപമില്ല, ഉൽപാദനം കുറയുന്നു

Munnar Tea Estate

കൊച്ചി ∙ കനത്ത മഴയിലും പ്രളയത്തിലും തോട്ടം മേഖലയിലെ 4 പ്രധാന വിളകൾക്ക് 3070 കോടിയുടെ നഷ്ടമുണ്ടായതായി അസോസിയേഷൻ ഓഫ് പ്ളാന്റേഴ്സ് ഒഫ് കേരള (എപികെ) പഠനത്തിൽ കണ്ടെത്തി. ഏലം, റബർ, കാപ്പി, തേയില എന്നിവയ്ക്കാണ് ഇത്രയും നഷ്ടം നേരിട്ടത്.

താൽക്കാലിക നഷ്ടവും, വിള നഷ്ടവും, ദീർഘകാല നഷ്ടവും, കാർഷികോപകരണങ്ങൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം ചേർത്താണിത്. ഏലത്തിന് 1080 കോടിരൂപ, റബറിന് 1604 കോടി, തേയിലയ്ക്ക് 209.6 കോടി, കാപ്പിക്ക് 176.6 കോടിയും നഷ്ടമുണ്ട്. ഇടുക്കി ജില്ലയിലാണ് പരമാവധി നഷ്ടം. കുരുമുളകിനും മറ്റു വിളകൾക്കും വൻ നഷ്ടമുണ്ടായെങ്കിലും പഠനത്തിൽ ഈ 4 വിളകളെ മാത്രമാണു പരിഗണിച്ചതെന്ന് എപികെ ചെയർമാൻ തോമസ് ജേക്കബ് അറിയിച്ചു.

നാശനഷ്ടവും വിലിയിടിവും മൂലം തോട്ടം മേഖലയിൽ ആരും പുനർനിക്ഷേപം നടത്താത്ത സ്ഥിതിയാണ്. റബർ, തേയില തോട്ടങ്ങൾ റീപ്ളാന്റ് ചെയ്യുന്നില്ല. ഈ സാഹചര്യം മാറാൻ തോട്ടം മേഖലയ്ക്കു കർഷകർക്കു വായ്പ കൊടുക്കുന്ന അതേ പലിശ നിരക്കിൽ വായ്പ നൽകാൻ നടപടിയുണ്ടാകണമെന്ന് എപികെ ആവശ്യപ്പെട്ടു. തോട്ടങ്ങളും കാർഷിക മേഖലയിലാണ്. മാത്രമല്ല പാട്ടത്തിനുള്ള തോട്ടങ്ങളിൽ വ്യത്യസ്ത കാർഷിക വിളകൾ കൃഷി ചെയ്യാനും അനുവദിക്കണം. തോട്ടങ്ങളിൽ പത്ത് ഏക്കർ വരെ ടൂറിസത്തിനായി ഉപയോഗിക്കാമെന്ന നിയമത്തിൽ ഇതുവരെ  നടപടികളുണ്ടായിട്ടില്ല. തോട്ടങ്ങളിൽ റീപ്ളാന്റിങ് നടക്കാത്തതിനാൽ ഉൽപാദനക്ഷമത കുറയുകയാണ്. 2012ൽ തോട്ടം മേഖലയുടെ വരുമാനം 12000 കോടിയായിരുന്നു. ഇത് 7000 കോടിയായി കുറഞ്ഞു. 

റബർ തോട്ടങ്ങളുടെ 20% വരെ ഇപ്പോൾ വെട്ടാത്ത അവസ്ഥയാണ്. വിലിയിടിവാണു കാരണം. 2016–17ൽ റബർ വില ആർഎസ്എസ് 4ന് ശരാശരി കിലോഗ്രാമിന് 135.4 രൂപയായിരുന്നെങ്കിൽ 2017–18ൽ 129.8 രൂപയായി. ഉൽപാദനച്ചെലവാകട്ടെ കേരളത്തിൽ കിലോഗ്രാമിന് 172 രൂപ മുതൽ 175 രൂപ വരെയാണ്.

തോട്ടം മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എപികെ വാർഷിക സമ്മേളനം ഇന്ന് ആറിന് കസിനോ ഹോട്ടലിൽ ചേരും. മന്ത്രി ഇ.പി. ജയരാജൻ മുഖ്യാതിഥിയായിരിക്കും.