Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളിത്ത പെൻഷൻ: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പദ്ധതിയിൽ

Pension

തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനു സമിതിയെ നിശ്ചയിച്ചതിനു പിന്നാലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനം. ഡിസംബർ 31നകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നു ധനകാര്യ (എക്സ്പെൻഡിച്ചർ) സെക്രട്ടറി ഷർമിള മേരി ജോസഫ് കേന്ദ്രത്തിന് ഉറപ്പുനൽകി.

നിലവിൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പുറമെ 33 പൊതുമേഖലാ സ്ഥാപനങ്ങളിലാണു പദ്ധതി ബാധകം. ബാക്കി 68 സ്ഥാപനങ്ങളെക്കൂടി പരിധിയിലാക്കും. കൂടുതൽ സ്ഥാപനങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്നു മന്ത്രി തോമസ് ഐസക്ക് മാർച്ച് 15നു നിയമസഭയിൽ പറഞ്ഞിരുന്നു. പുതിയ തീരുമാനത്തോടെ മന്ത്രിയുടെ ഉറപ്പും അട്ടിമറിക്കപ്പെട്ടു.

2013 ഏപ്രിൽ ഒന്നിനു പദ്ധതി നടപ്പാക്കുമ്പോൾ ജീവനക്കാർക്കും അധ്യാപകർക്കും പുറമെ 29 പൊതുമേഖലാ സ്ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ പദ്ധതി പുനഃപരിശോധിക്കുമെന്നു വാഗ്ദാനം നൽകിയിരുന്നെങ്കിലും സർക്കാർ അഞ്ചു പൊതുമേഖലാസ്ഥാപനങ്ങളെക്കൂടി പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നു. പദ്ധതി നടപ്പാക്കുന്ന കേന്ദ്ര ഏജൻസികളായ പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അസോസിയേഷൻ (പിഎഫ്ആർഡിഎ), നാഷണനൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) എന്നിവയുടെ ഉദ്യോഗസ്ഥർ ഇന്നലെ സെക്രട്ടേറിയറ്റിൽ പൊതുമേഖലാ സ്ഥാപന പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. ശേഷിക്കുന്ന സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കണമെന്നു കേന്ദ്ര ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്ന് ഇതിനകം ഒരു ലക്ഷം പേർ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇതിൽ പൊതുമേഖലയിൽ നിന്ന് 22000 ജീവനക്കാരേയുള്ളൂ. കൂടുതൽ പേർ അംഗമാകണമെന്ന കേന്ദ്ര ഉദ്യോഗസ്ഥർ നിർദേശിച്ചപ്പോഴാണ് ഡിസംബർ 31നകം എല്ലാ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുമെന്നു ഉറപ്പുനൽകിയത്.
പദ്ധതിയിലേക്കു മുടങ്ങാതെ പണം അടയ്ക്കുന്നതിൽ കെഎസ്ഇബിയെ ശ്ലാഘിച്ച ഉദ്യോഗസ്ഥർ കെഎസ്ആർടിസിയുടെ വീഴ്ചകൾ വിവരിച്ചു. ജീവനക്കാരിൽ നിന്നു കൃത്യമായി പെൻഷൻ വിഹിതം പിരിക്കുന്ന കെഎസ്ആർടിസി അതു പദ്ധതിയിലേക്കു നൽകുന്നില്ല. ഇതിനകം 150 കോടി രൂപയാണു കുടിശിക. ഇതിലൂടെ ജീവനക്കാർക്കു ലഭിക്കുന്ന പലിശ വരുമാനം നഷ്ടമാകും.

സർക്കാർ ജീവനക്കാർക്കു വരുമാനം; മിണ്ടാട്ടമില്ല

പങ്കാളിത്ത പെൻഷൻ പദ്ധതിയെക്കുറിച്ചു വിശദീകരിച്ച കേന്ദ്ര ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാർക്കു ലഭിക്കുന്ന വരുമാനത്തെക്കുറിച്ചു നിശബ്ദത പാലിച്ചു. കോർപറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കു 10%വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഇവർ വാദിച്ചു. പ്രോവിഡന്റ് ഫണ്ടിലെ 8% ആണു പലിശ. എന്നാൽ ബോണ്ടുകളിലും ഇക്വിറ്റികളിലുമാണു സർക്കാർ ജീവനക്കാരുടെ പണം നിക്ഷേപിക്കുന്നത്. ഇതിന് ഇപ്പോൾ 4.3% പലിശയേയുള്ളൂ. ചിലസമയത്തു നിക്ഷേപത്തേക്കാൾ മൂല്യം കുറയാറുമുണ്ട്.