Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഎസ്ഐ സൂപ്പർ സ്‌പെഷ്യൽറ്റി ചികിത്സ: നിബന്ധനകൾ ലഘൂകരിച്ചു

ഇഎസ്ഐ ആശുപത്രികളിൽനിന്നു ലഭ്യമാകുന്ന ചികിത്സാസൗകര്യങ്ങൾ ഒട്ടും തൃപ്തികരമല്ല എന്ന പരാതി വ്യാപകമായതിനെത്തുടർന്ന് തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സ്വകാര്യ ആശുപത്രികളിൽനിന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഇഎസ്ഐ അധികൃതർ ഏർപ്പെടുത്തുകയുണ്ടായി. ആ സംവിധാനം വലിയ പരാതികൾക്ക് ഇടം നൽകാതെ തുടർന്നുവരുമ്പോൾ, 2 വർഷമെങ്കിലും ഇഎസ്ഐ അംഗത്വമുള്ള തൊഴിലാളികൾക്ക് മാത്രമായി വിദഗ്ധ ചികിത്സ പരിമിതപ്പെടുത്തി.

2016 നവംബറിൽ പ്രാബല്യത്തിൽവന്ന ആ ഭേദഗതിക്കെതിരെ വിവിധ ട്രേഡ് യൂണിയനുകളും കേരളത്തിൽനിന്നുള്ള ഇഎസ്ഐ ബോർഡ് അംഗവും ശക്തമായ എതിർപ്പുകൾ ഉന്നയിച്ചു. അതിനെത്തുടർന്ന്, വ്യവസ്ഥകളിൽ ഭാഗികമായ ഇളവുകൾ വരുത്താൻ ഇഎസ്ഐ കോർപറേഷൻ ഈയിടെ തീരുമാനിച്ചു.

കഴിഞ്ഞ 29ന് (29.10.2018) പ്രാബല്യത്തിൽ വന്ന പുതിയ വ്യവസ്ഥകൾ:

1. തൊഴിലാളി ഇഎസ്ഐ പദ്ധതിയിൽ റജിസ്റ്റർ ചെയ്ത് 6 മാസം കഴിഞ്ഞാൽ വിദഗ്ധ ചികിത്സയ്ക്കു പരിഗണിക്കും. പക്ഷേ വിദഗ്ധ ചികിത്സ ലഭ്യമാകണമെങ്കിൽ ചികിത്സ ആവശ്യമായിവരുന്ന ആനുകൂല്യ കാലയളവിന്റെ തൊട്ടുമുൻപുള്ള വരിസംഖ്യാ കാലയളവിൽ 78 ദിവസത്തെ വിഹിതമെങ്കിലും അടച്ചിട്ടുണ്ടാകണം.

2. കുടുംബാംഗങ്ങൾക്ക് വിദഗ്ധ ചികിത്സയ്ക്ക് അർഹത ഉണ്ടാകണമെങ്കിൽ തൊഴിലാളിക്ക് ഒരു വർഷത്തെ സേവന കാലയളവുണ്ടായിരിക്കണം. അതിലുൾപ്പെട്ട 2 വരിസംഖ്യാ കാലയളവുകളിൽ ഓരോന്നിലും 78 ദിവസത്തെ വിഹിതവും അടച്ചിട്ടുണ്ടാകണം.

3. തൊഴിലുടമകൾ വരിസംഖ്യ കൃത്യമായി അടയ്ക്കുകയും ഓരോ മാസത്തെയും കണക്കുകൾ ഓൺലൈനായി നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കുകയും വേണം

4. 78ദിവസത്തെ വരിസംഖ്യയെങ്കിലും അടച്ചിട്ടുള്ള വരിസംഖ്യാ കാലയളവിനോടനുന്ധിച്ചുള്ള ആനുകൂല്യകാലയളവിലേക്കു മാത്രമായിരിക്കും വിദഗ്ധ ചികിത്സ ലഭ്യമാകുന്നത്.

5. തൊഴിലപകടങ്ങളെ തുടർന്നുള്ള സൂപ്പർ സ്‌പെഷ്യൽറ്റി ചികിത്സയ്ക്കു മുകളിൽ പറഞ്ഞ നിബന്ധനകളൊന്നും ബാധകമല്ല.

6. ദീർഘകാല രോഗാനുകൂല്യം കൈപ്പറ്റുന്ന തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മറ്റു വ്യവസ്ഥകൾ നോക്കാതെ വിദഗ്ധ ചികിത്സ ലഭ്യമാകും.

7. പ്രസവാനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് പ്രസവസംബന്ധമായ അസുഖങ്ങൾക്കും വിദഗ്ധ ചികിത്സ ലഭ്യമാകാൻ മറ്റു വ്യവസ്ഥകളൊന്നും ബാധകമല്ല.

8. ഇഎസ്ഐ ആശുപത്രികളിലോ ഇഎസ്ഐസി മെഡിക്കൽ കോളേജുകളിലോ ലഭ്യമായ ചികിത്സകൾക്കും മുകളിൽ പറഞ്ഞ നിബന്ധനകൾ ബാധകമല്ല.

9. വിദഗ്ധ ചികിത്സയ്ക്കായി ഇഎസ്ഐ കോർപറേഷൻ കരാറിലേർപ്പെട്ടിട്ടുള്ള സ്വകാര്യ ആശുപത്രികളിൽനിന്നും ചികിത്സ ലഭ്യമാകുന്നതിനു വേണ്ടി മാത്രമാണു മുകളിൽ പറഞ്ഞ നിബന്ധനകൾ ബാധകം.