Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദായനികുതിക്ക് ഇ–ഫയലിങ് പോർട്ടൽ

income-tax-e-filing

നികുതിദായകന് ആദായനികുതി ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥ മാറുന്നു. നികുതി അടയ്ക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഇ–ഫയലിങ് പോർട്ടൽ വഴി നൽകാം. നികുതിദായകർക്കു സമയം ലാഭിക്കാം, ഉദ്യോഗസ്ഥർക്കു ജോലിഭാരവും കുറയും. ഒട്ടേറെ പുതുമകളുമായി ആദായ നികുതി വകുപ്പ് നടപ്പാക്കിയ ഇ–അസസ്മെന്റ് രീതിക്ക് പ്രചാരം ഏറുന്നു. കടലാസ് രഹിത കണക്കുപരിശോധനാ രീതിയിൽ, നികുതി അടയ്ക്കാനും മുൻകൂർ നികുതി അടച്ചത് അധികമാണെങ്കിൽ മടക്കി നൽകാനും കഴിയും. എല്ലാ ദിവസവും പോർട്ടൽ വഴി ഇടപാടുകൾ നടത്താമെന്ന പ്രത്യേകതയുമുണ്ട്.

എന്നാൽ, ആദായനികുതി നിയമത്തിൽ പ്രകടമായ മാറ്റം വരുത്താത്തതുകൊണ്ട് നിയമവശങ്ങൾ അതേ രീതിയിൽ നിലനിൽക്കുന്നു എന്ന പോരായ്മ ഇതിനുണ്ട്. കംപ്യൂട്ടർ ശൃംഖല വഴിയുള്ള സന്ദേശങ്ങൾ, നോട്ടിസ്, ഓർഡറുകൾ തുടങ്ങിയവയ്ക്കു നിയമസാധുത വരുത്തിയിട്ടുണ്ട്.  നികുതി റിട്ടേൺ സ്വീകരിക്കുന്നത് ബെംഗളൂരു ആസ്ഥാനമായ കേന്ദ്രീകൃത ഓഫിസാണ്. റിട്ടേൺ സ്വീകരിച്ചു കഴിഞ്ഞാൽ സന്ദേശം ലഭിക്കും. നികുതിദായകൻ നൽകുന്ന വിവരങ്ങൾ തൃപ്തികരമല്ലെങ്കിൽ പൂർണ പരിശോധന (Complete Scrutiny) ആയി മാറ്റുകയും വിവരം നികുതിദായകനെ അറിയിക്കുകയും ചെയ്യും. ആവശ്യമായ വിശദീകരണം കംപ്യൂട്ടർ വഴി സമർപ്പിക്കുകയാണു ചെയ്യേണ്ടത്. വിശദീകരണം ബോധ്യപ്പെട്ടാൽ ഓഫിസർക്ക് ഫയൽ ക്ലോസ് ചെയ്യാം. മറിച്ചാണെങ്കിൽ നികുതി ഈടാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനെതിരേ 246 എ വകുപ്പു പ്രകാരം കമ്മിഷണർക്ക് (അപ്പീൽസ്) അപ്പീൽ നൽകാം.

ഇ–അസസ്മെന്റ് രീതിയിൽ നികുതിദായകൻ ആദായനികുതി ഓഫിസിൽ ഹാജരാകേണ്ട സാഹചര്യം വരുന്നില്ല. ചില അവസരങ്ങളിൽ വിളിച്ചുവരുത്തി വിവരങ്ങൾ നേരിട്ടു ചോദിക്കാറുണ്ട്. എന്നാൽ ആ സംവിധാനത്തിന് ചില പോരായ്മകളുണ്ട്.  വിശദീകരണവും തെളിവും നൽകുന്നതിന് കൂടുതൽ സമയം ആവശ്യപ്പെടുന്ന ഓപ്ഷൻ ഇ–ഫയലിങ് പോർട്ടലിൽ ഇല്ല. ഇതിനായി റെസ്പോൺസ് പോർട്ടൽ ഉപയോഗിച്ചാൽ സ്തംഭിക്കുന്ന അവസ്ഥയാണ്.

ഈ സമ്പ്രദായത്തിലേക്കു മാറാൻ ഉദ്യോഗസ്ഥർ മടിച്ചുനിൽക്കുന്നു. പെട്ടെന്ന് നോട്ടിസ് അയച്ച് ഓഫിസിൽ ഹാജരാകാൻ നികുതിദായകരോട് ആവശ്യപ്പെട്ടും നിശ്ചിത പരിശോധന പൂർണ പരിശോധന ആക്കി മാറ്റി കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെട്ട് നേ‌ാട്ടിസ് അയച്ചും ചില നടപടികൾ തുടരുന്നു.

(കോട്ടയത്തെ കുര്യൻ ആൻഡ് സുശീലൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് പാർട്ണറാണ് ലേഖകൻ)