Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ വോലറ്റിലെ പണം അപ്രത്യക്ഷമായാൽ

Mobile-wallet-1

ചോദ്യം:

സ്റ്റോറിൽനിന്ന് ഇയർഫോൺസ് വാങ്ങാനാണ് മൊബൈൽ വോലറ്റ് ഉപയോഗിച്ചത്. വോലറ്റിൽനിന്നു പണം കിഴിവ് ചെയ്തതായി മൊബൈൽ ആപ്പിൽ തെളിഞ്ഞു. എന്നാൽ കച്ചവടക്കാരനു പണം കിട്ടിയില്ല. തുടർന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം നൽകുകയായിരുന്നു. മൊബൈൽ വോലറ്റുകൾക്ക് തെറ്റു പറ്റുമ്പോൾ നമ്മുടെ പണം നഷ്ടപ്പെടുമോ? തെറ്റായി കിഴിവു ചെയ്‌തെടുക്കുന്ന പണം തിരികെ നൽകുന്നതിന് റിസർവ് ബാങ്ക് നിബന്ധനകൾ ഉണ്ടോ? ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമായ സീറോ ലയബിലിറ്റി സംരക്ഷണം മൊബൈൽ വോലറ്റുകൾക്ക് ലഭ്യമാണോ?

ഉത്തരം:

മൊബൈൽ വോലറ്റുകൾ തെറ്റായി അക്കൗണ്ടിൽനിന്നു കിഴിവു ചെയ്‌തെടുക്കുന്ന പണം തിരികെ നൽകുന്നതിന് റിസർവ് ബാങ്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. മൊബൈൽ വോലറ്റ് കമ്പനികളുടെ വെബ്‌സൈറ്റുകളിൽ പരാതി സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. അക്കൗണ്ടിൽനിന്നു പണം പോവുകയും അത് ഉദ്ദേശിച്ച ആൾക്കു കിട്ടാതിരിക്കുകയും ചെയ്താൽ ഉടൻ തന്നെ മൊബൈൽ വോലറ്റ് കമ്പനിക്ക് ഹ്രസ്വ സന്ദേശമായോ ഇ-മെയിലായോ പരാതി നൽകണം. 2 പ്രവൃത്തി ദിവസത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ വിശദമായ പരാതി ഇ-മെയിലിൽ നൽകണം. 

എടിഎം ഇടപാടുകളിലും മറ്റും സംഭവിക്കുന്ന തെറ്റുകളിൽ 7 ദിവസത്തിനുള്ളിൽ പണം തിരികെ നൽകണമെന്ന് റിസർവ് ബാങ്ക് നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും മൊബൈൽ വോലറ്റുകളെ സംബന്ധിച്ച് ഇത്തരം മാനദണ്ഡങ്ങൾ ലഭ്യമല്ല. സീറോ ലയബിലിറ്റി സംരക്ഷണം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അനധികൃതമായും കൃത്രിമമായും നടത്തുന്ന ഇലക്‌ട്രോണിക് ഇടപാടുകൾക്കു മാത്രമേ ലഭിക്കുകയുള്ളൂ. മൊബൈൽ വോലറ്റ് ഇടപാടുകൾ ഇതിന്റെ പരിധിയിൽ വരുന്നില്ല. ‌

കച്ചവട സ്ഥാപനങ്ങളിൽ

മൊബൈൽ വോലറ്റ് കമ്പനികളിൽനിന്ന് ഓൺലൈൻ ഇടപാടുകൾക്ക് ഉൾപ്പെടെ പണം നൽകുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ കച്ചവടക്കാരുടെ അക്കൗണ്ടുകളിൽ പണമെത്തും. നെറ്റ് കണക്ടിവിറ്റി, കംപ്യൂട്ടർ ശൃംഖലയുടെ തകരാറുകൾ തുടങ്ങിയ കാരണങ്ങളാൽ മാത്രമാണ് താമസമുണ്ടാകുക. കച്ചവട സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു പണം മാറിയിട്ടില്ലെങ്കിൽ അക്കാര്യം ഉടൻ തന്നെ മൊബൈൽ വോലറ്റ് കമ്പനിയുടെ സെർവറുകൾക്ക് അറിയാനാകുന്നതിനാൽ വോലറ്റ് അക്കൗണ്ടിലേക്ക് താമസം കൂടാതെ തിരികെ വരവുവയ്‌ക്കേണ്ടതാണ്. വോലറ്റ് ഉപയോഗിച്ചു നൽകിയ ഓർഡർ റദ്ദാക്കുക, ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ പണം തിരികെ എത്താൻ 2 ദിവസം എടുക്കും.

ബാങ്ക് അക്കൗണ്ടിൽനിന്ന് ട്രാൻസ്ഫർ

എല്ലാ മൊബൈൽ വോലറ്റുകളിലും പണം നിറയ്ക്കുന്നത് ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്ന് നെറ്റ് ബാങ്കിങ്ങിലൂടെ ട്രാൻസ്ഫർ ചെയ്താണ്. ബാങ്ക് അക്കൗണ്ടിൽ നൽകുന്ന നിർദേശം അനുസരിച്ച് ഒരു പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയാണു വോലറ്റിൽ പണമെത്തുക. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കിഴിവു ചെയ്യുകയും വോലറ്റിൽ പണം എത്തുകയും ചെയ്യാതിരിക്കുന്ന സന്ദർഭങ്ങളിൽ സാങ്കേതിക തകരാറുകളാണു മുഖ്യ കാരണമാകുക. 

ബാങ്കുകളും വോലറ്റ് കമ്പനികളും തമ്മിൽ തങ്ങളുടെ അക്കൗണ്ടുകൾ ദിവസംതോറും താരതമ്യം ചെയ്യപ്പെടുന്നതിനാൽ വോലറ്റിലേക്ക് പോകാതിരുന്ന പണം തൊട്ടടുത്ത ദിവസം തന്നെ അക്കൗണ്ടിൽ വരവുവച്ചുനൽകും. മൊബൈൽ വോലറ്റുകളിൽനിന്നു പണം തിരികെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ സാധാരണ ഗതിയിൽ താമസമുണ്ടാകാറുണ്ട്. നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഇലക്‌ട്രോണിക് സംവിധാനമായ യുപിഐയിൽ പ്രവർത്തിക്കുന്ന മൊബൈൽ വോലറ്റ് ആപ്പുകളിൽ ഇടപാടുകൾ ഒത്തുനോക്കി അന്തിമമാക്കുന്ന സംവിധാനങ്ങൾ അപ്പപ്പോൾ നടക്കുന്നതിനാൽ തിരികെ ലഭിക്കുന്ന പണം താമസം കൂടാതെ അക്കൗണ്ടിൽ പ്രതിഫലിക്കും.

വോലറ്റുകളിൽനിന്നു വോലറ്റുകളിലേക്ക്

മൊബൈൽ വോലറ്റുകൾ വഴി കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വോലറ്റ് കമ്പനിയുടെ ആപ്പിൽനിന്നു മറ്റൊരു വോലറ്റ് കമ്പനിയുടെ ആപ്പിലേക്കു പണം അയയ്ക്കാൻ സാധിക്കുന്ന രീതിയിൽ യുപിഐ സംവിധാനം ശക്തിപ്പെടുത്തിയിരിക്കുന്നു. അടുത്ത ഘട്ടത്തിൽ വോലറ്റുകളുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിലേക്കും ക്രെഡിറ്റ് കാർഡുകളിലേക്കും കൂടി പണം കൈമാറ്റം നടപ്പിലാക്കും. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ, വോലറ്റുകൾക്ക് സംഭവിക്കുന്ന തെറ്റുകൾ മൂലം ഇടപാടുകാർക്ക് പണം നഷ്ടപ്പെടാതിരിക്കാനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും കൂടി റിസർവ് ബാങ്ക് ഏർപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം.

സി.എസ്. രഞ്ജിത്, ടി.സി. 14/578(1), പി.എച്ച്.ആർ. എ - 43, 'റെയിൻ ഡ്രോപ്‌സ്', പൊതുജനം റോഡ്, കുമാരപുരം, മെഡിക്കൽ കോളജ്. പിഒ, തിരുവനന്തപുരം - 695 011. (: 0471 2554288, 2558288 മൊബൈൽ: 9447038248.