Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബസ് തിരുവനന്തപുരത്തേക്ക്; ധാരണാപത്രം ഇന്ന് ഒപ്പുവയ്ക്കും

airbus-bizlab

തിരുവനന്തപുരം∙ എയ്റോസ്പെയ്സ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്കു ചിറകുയർത്താൻ സഹായവുമായി പ്രശസ്ത ഫ്രഞ്ച് വിമാന നിർമാണക്കമ്പനി എയർബസ് സംസ്ഥാന സർക്കാരുമായി കൈകോർക്കുന്നു. എയ്റോസ്പെയ്സ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ എയർബസ് ആരംഭിച്ച ബിസ്‍ലാബ് (Bizlab) ആക്സിലറേറ്റർ പദ്ധതിയുടെ ഇന്നൊവേഷൻ സെന്റർ തിരുവനന്തപുരത്ത് ആരംഭിക്കാൻ തീരുമാനമായി. ഇതുസംബന്ധിച്ച ധാരണാപത്രം എയർബസ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവി ആനന്ദ് ഇ. സ്റ്റാൻലിയും സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ.സജി ഗോപിനാഥും തമ്മിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഇന്ന് ഒപ്പുവയ്ക്കും.

എയർബസിന്റെ ബെംഗളൂരു സെന്ററിനു കീഴിലായിരിക്കും തിരുവനന്തപുരത്തെ ഇന്നവേഷൻ സെൻറർ പ്രവർത്തിക്കുക. അടുത്തഘട്ടത്തിൽ ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലെ നിർദിഷ്ട സ്പേസ് പാർക്കിൽ എയർബസും പങ്കാളിയായേക്കും. ഐഎസ്ആർഒയുടെ സ്പെയ്സ് കോപ്ലക്സും അടുത്ത വർഷം നിർമാണം ആരംഭിക്കും.

നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്കൊപ്പം പ്രവർത്തിച്ചു മികച്ച സംരംഭങ്ങളെ എയർബസിന്റെ ഭാഗമാക്കുന്നതാണു ബിസ്‍ലാബിന്റെ രീതി. ലോകത്തിൽ ആകെയുള്ള നാലു ബിസ്‍ലാബുകളിൽ ഒരെണ്ണമാണ് ബെംഗളൂരുവിലുള്ളത്. ഫ്രാൻസിലെ ടുളൂസ്, സ്പെയിനിലെ മാഡ്രിഡ്, ജർമനിയിലെ ഹാംബർഗ് എന്നിവിടങ്ങളിലാണു മറ്റു ലാബുകൾ.

തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആറു മാസം ബിസ്‌ലാബിൽ പരിശീലനവും മേൽനോട്ടവും നൽകുന്നതാണ് എയർബസിന്റെ ആക്സിലറേഷൻ പ്രോഗ്രാം. എയർബസിൽ പ്രവർത്തിക്കുന്ന വിദഗ്ധർ (കോച്ച്) നേരിട്ടാകും പരിശീലനം നൽകുക.