Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ തെറ്റ്: ഷിബുലാൽ

tiecon-kerala-inauguration ‘ടൈ കോൺ കേരള 2018’ ഇൻഫോസിസ് മുൻ സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്.ഡി. ഷിബുലാൽ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യുന്നു. വി.ജി. മാത്യു, അജിത് എ. മൂപ്പൻ, സജി ഗോപിനാഥ് എന്നിവർ സമീപം.

കൊച്ചി ∙ കേരളത്തിൽ തൊഴിലവസരം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്ന് ഇൻഫൊസിസ് സ്ഥാപകരിലൊരാളും മുൻ മാനേജിങ് ‍ഡയറക്ടറുമായ എസ്.ഡി. ഷിബുലാൽ. ഐടി രംഗത്ത് ആരംഭിച്ച ഉന്നതാധികാര സമിതി (എച്ച്പിഐസി) നൽകിയ നിർദേശങ്ങൾ പാലിക്കുകയും നിരവധി വൻകിട സംരംഭങ്ങളിലേക്കു നയിക്കുകയും ചെയ്തു. കേരളത്തിൽ ഒന്നും നടക്കില്ലെന്ന പൊതുധാരണ തെറ്റാണെന്നു തെളിയിക്കാൻ കഴിഞ്ഞുവെന്നും ഷിബുലാൽ ചൂണ്ടിക്കാട്ടി.

നിക്ഷേപം ആകർഷിക്കാനായി അതിനു കഴിയുന്നവരെ നിയമിക്കണമെന്ന് ഐടിയിലെ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടിരുന്നു. അങ്ങനെ മികച്ച പ്രഫഷനലുകൾ മുഖ്യമന്ത്രിയുടെ ഫെല്ലോ എന്ന തസ്തികയിൽ നിയമിക്കപ്പെട്ടു. ഡിജിറ്റൽ കേരള രാജ്യാന്തര സമ്മേളനം നടത്തി. സംരംഭകരെ കേരളത്തിലെത്തിച്ച് അവരെ നമ്മുടെ പ്രചാരകരാക്കി മാറ്റി. ഇതിന്റെയെല്ലാം ഫലമായിട്ടാണ് നിസാൻ ഡിജിറ്റലും ടെക്ക് മഹീന്ദ്രയും ഇവൈ സെന്റർ ഫോർ എമേർജിങ് ടെക്നോളജിയുമെല്ലാം കേരളത്തിലെത്തുന്നത്.

ഒട്ടേറെ നിക്ഷേപങ്ങൾ യാഥാർഥ്യമാവാൻ പോവുകയാണെന്നും ഷിബുലാൽ പറഞ്ഞു. ടൈകോൺ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷിബുലാൽ. പഴയ രീതികളിൽ നിന്നു മാറിയുള്ള നവകേരളവും നവ ചിന്തയുമാണ് ഇപ്പോഴുള്ളത്. പ്രളയത്തിനു ശേഷം കേരളത്തെ പുനർനിർമിക്കാനുള്ള അവസരവും ഇതാണ്. ഇനി ശ്രമിക്കേണ്ടത് മാലിന്യ മുക്തമായതും കാർബൺ പുറംതള്ളൽ തീരെ ഇല്ലാത്തതുമായ കേരളമാണ്. ഭാവിയിലേക്കുള്ള വാതിലാണിതെന്ന് ഷിബുലാൽ പറഞ്ഞു.

വൻ വ്യവസായങ്ങൾ കേരളത്തിൽ വന്നില്ലെങ്കിലും സേവന രംഗത്തെ സംരംഭങ്ങൾ ആ കുറവു പരിഹരിച്ചുവെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു അഭിപ്രായപ്പെട്ടു. സേവന രംഗത്ത് സംരംഭകരുടെ വിപ്ലവമാണു കേരളത്തിൽ നടക്കുന്നത്. അതിലൂടെ അനേകം തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വീട്ടിലും ഓരോ സംരംഭകൻ എന്ന ടൈകോണിന്റെ ലക്ഷ്യം നിറവേറാൻ പ്രയാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യാ രംഗത്തെ നൂതന സ്റ്റാർട്ടപ്പുകൾ കേരളത്തെ മാറ്റിമറിക്കുമെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. പ്രളയകാലത്ത് ഒറ്റപ്പെട്ടവരെ കണ്ടെത്താനും സഹായം വിതരണം ചെയ്യാനും സ്റ്റാർട്ടപ്പുകൾ ആപ്പുകൾക്കു രൂപം നൽകി. അങ്ങനെ നാടിന്റെ പ്രശ്നങ്ങൾക്കു സ്റ്റാർട്ടപ്പുകൾ ‍പരിഹാരം കാണുകയാണെന്ന് സജി ഗോപിനാഥ് പറഞ്ഞു. ടൈ പ്രസിഡന്റ് എംഎസ്എ കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജിത് എ. മൂപ്പൻ, വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ നായർ പ്രസംഗിച്ചു.