Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്: ലഭിച്ചത് 273 കോടിയുടെ നിക്ഷേപം

Startup

കൊച്ചി ∙ സംസ്ഥാനത്തെ സ്റ്റാർട്ടപ് സംരംഭങ്ങളിൽ കഴിഞ്ഞ സെപ്റ്റംബർ വരെ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപം. ടൈ കേരളയും ഇൻക്– 42 എന്നിവ ചേർന്നു തയാറാക്കിയ കേരള സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ടാണു നിക്ഷേപത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തുള്ളത് 1,402 സ്റ്റാർട്ടപ് സംരംഭങ്ങളാണ്. ഇതിൽ 59 സംരംഭകർക്കു നിക്ഷേപം ലഭിച്ചു. 50 സംരംഭകരുമായി നിക്ഷേപകർ കരാറിലായിട്ടുണ്ട്.

സംസ്ഥാനത്തെ ആകെ സംരംഭങ്ങളിൽ 40 ശതമാനവും ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. 35 ശതമാനമാണ് ഐടി സ്റ്റാർട്ടപ്പുകൾ. ആരോഗ്യമേഖലയിൽ 11% സംരംഭങ്ങളും വിദ്യാഭ്യാസ മേഖലയിൽ 9% സംരംഭങ്ങളുമുണ്ട്. ഹാർഡ് വെയർ ആൻഡ് ഐഒടി, കൃഷി, ഓട്ടമോട്ടിവ്, ട്രാവൽ ആൻഡ് ടൂറിസം, ഫുഡ് ആൻഡ് ബവ്റിജസ്, മീഡിയ, കൺസൽറ്റിങ് തുടങ്ങിയ മേഖലയിലാണു മറ്റു സംരംഭങ്ങൾ.

സ്ത്രീസംരംഭകരുടെ എണ്ണം രണ്ടക്കത്തിൽ എത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 13% സംരംഭങ്ങളാണു വനിതകൾ സ്ഥാപകരായൊ സഹസ്ഥാപകരായൊ ഉള്ളത്. ആകെ സ്റ്റാർട്ടപ് സംരംഭങ്ങളുടെ 60 ശതമാനവും ഇൻകുബേറ്റ് ചെയ്യപ്പെട്ടവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ സംരംഭങ്ങളിൽ 37 ശതമാനവും കൊച്ചി ആസ്ഥാനമായുള്ളവയാണ്. 23% സംരംഭങ്ങളാണു തിരുവനന്തപുരത്തുള്ളത്. കോഴിക്കോടാണു സംരംഭങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. അൻപതിൽ കൂടുതൽ ജീവനക്കാരുള്ളത് 2% സംരംഭങ്ങളിൽ മാത്രമാണ്. 53% സ്റ്റാർട്ടപ്പുകളിലും അഞ്ചിൽ താഴെയാണു ജീവനക്കാർ.

2020 ആകുമ്പോഴേക്കും സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ 500 കോടി രൂപ നിക്ഷേപ ഫണ്ടായി സ്വരൂപിക്കുമെന്നും ഇക്കോ സിസ്റ്റം റിപ്പോർട്ട് പറയുന്നു.