Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറഞ്ഞ ചെലവിൽ സുഖയാത്രയൊരുക്കാൻ റെഡ് ഐ വിമാന സർവീസുകൾ

flight

കൊച്ചി∙വരാനിരിക്കുന്നതു റെഡ് ഐ വിമാന സർവീസുകളുടെ കാലം. രാത്രിയിൽ 9നു ശേഷം  പുറപ്പെട്ടു പുലരുംമുൻപു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സർവീസുകളെയാണു റെഡ് ഐ വിമാനങ്ങൾ എന്നു വിളിക്കുന്നത്. ഹോട്ടൽ താമസം ഒഴിവാക്കാനും  നഗരത്തിലെ പകൽ സമയ ഗതാഗത കുരുക്കുകൾ പേടിക്കാതെ യാത്ര ചെയ്യാനുമുളള അവസരമാണു ഇത്തരം സർവീസുകൾ നൽകുന്നത്. അസമയത്തുളള സർവീസായതിനാൽ നിരക്ക് കുറയുമെന്ന പ്രത്യേകതയുമുണ്ട്. രാത്രി വൈകിയുളള യാത്രകൾ മൂലം കണ്ണു ചുവക്കുന്നതിൽ നിന്നാണു ഇത്തരം സർവീസിനു റെഡ് ഐ എന്ന പേരു വീണിരിക്കുന്നത്.

ശൈത്യകാല ഷെഡ്യൂളിൽ  കൊച്ചിയിൽ നിന്നും  ഒട്ടേറെ റെഡ് ഐ സർവീസുകൾ ആഭ്യന്തര സെക്ടറിൽ പുതിയതായി  വന്നിട്ടുണ്ട്. ഇൻഡിഗോയുടെ പുതിയ കൊച്ചി ഗോവ സർവീസ് രാത്രി 9.40ന് പുറപ്പെട്ട് രാത്രി 11ന് ഗോവയിലെത്തും. അവിടെ നിന്നു രാത്രി 11.30ന് പുറപ്പെട്ടു പുലർച്ചെ ഒന്നിന് കൊച്ചിയിലെത്തും. ഡിസംബർ 9ന് ആരംഭിക്കുന്ന ലക്നൗ സർവീസ് രാത്രി 9.20ന് പുറപ്പെട്ടു പുലർച്ചെ 1.15ന് ലക്നൗവിലെത്തും. ഗോ എയർ ഗോവയിലേക്കു പുറപ്പെടുന്നതു പുലർച്ചെ 3.20നാണ്. ഇൻഡിഗോയുടെ നാഗ്പുർ വിമാനം രാത്രി 9ന് പുറപ്പെട്ടു 11 മണിക്കു നാഗപുരിലെത്തും.നാഗ്പുരിൽ നിന്നു രാത്രി 11.30ന് പുറപ്പെട്ടു പുലർച്ചെ 1.30ന് കൊച്ചിയിലെത്തും. രാത്രി 10.50നുളള എയർ ഏഷ്യയുടെയും രാത്രി 12.15നുളള എയർ ഇന്ത്യയുടെയും ബെംഗളൂരു സർവീസും റെഡ് ഐ തന്നെ. പുലർച്ചെ 2.25, 3.15 എന്നിങ്ങനെയുളള സമയത്തു കൊച്ചിയിൽ നിന്നു ആഭ്യന്തര സർവീസുകളുണ്ട്.

രാജ്യത്തെ പല ടെർമിനലുകളിലും കൈകാര്യം ചെയ്യാൻ കഴിയുന്ന വിമാനങ്ങളുടെ എണ്ണം കവിഞ്ഞതിനാൽ  ടെർമിനലുകളിലെ തിരക്ക് കുറയ്ക്കാൻ കൂടിയാണു വിമാനങ്ങൾ മറ്റു തിരക്കു കുറഞ്ഞ വിമാനത്താവളങ്ങളിലേക്കു രാത്രിയിൽ ഒാപ്പറേറ്റ് ചെയ്യുന്നത്. ഇൻഡിഗോയ്ക്കു പിന്നാലെ എയർ ഇന്ത്യയും ഈ മാസം അവസാനത്തോടെ റെഡ് ഐ  സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി–ഗോവ, ഡൽഹി–കോയമ്പത്തൂർ, ബെംഗളൂരു–അഹമ്മദാബാദ് റൂട്ടുകളിൽ സാധാരണ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും റെഡ് ഐ സർവീസുകൾ എയർ ഇന്ത്യ നടത്തുക. 2015ൽ സ്പൈസ് ജെറ്റാണു റെഡ് ഐ സർവീസുകൾക്കു തുടക്കം കുറിച്ചത്.  2020ൽ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ പലതും  ശേഷിയുടെ 100 ശതമാനം കൈവരിക്കുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.തിരക്കു കുറഞ്ഞ വിമാനത്താവളങ്ങളിലേക്കു ആഭ്യന്തര സർവീസുകളുടെ ഒഴുക്കു കൂടുമെന്നാണു പ്രതീക്ഷ.