Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറ്റി ഗ്യാസ് പദ്ധതി: ഉദ്ഘാടനം 22ന്

Narendra Modi

കൊച്ചി ∙ വടക്കൻ കേരളത്തിൽ 7 ജില്ലകളിലും മാഹിയിലുമായുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ ഉദ്ഘാടനം 22നു 4നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ദേശവ്യാപകമായി ഒൻപതാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ 84 പദ്ധതികളിൽ 65 പദ്ധതികളുടെ ഉദ്ഘാടനമാണു പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുക. കോഴിക്കോട് – വയനാട്, മലപ്പുറം, പാലക്കാട് – തൃശൂർ, കണ്ണൂർ – കാസർകോട് – മാഹി എന്നിങ്ങനെ തിരിച്ചാണു കേരളത്തിലെ പദ്ധതികൾ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കുള്ള ടെൻഡർ നടപടികളും ഇതോടൊപ്പം ആരംഭിക്കും. വിവിധ ജില്ലകളിലെ ഉദ്ഘാടന ചടങ്ങുകളിൽ എംപിമാരായ സി.എൻ. ജയദേവൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എൻ. രാഘവൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുക്കും.

ഒൻപതാം ഘട്ടത്തിൽ 70,000 കോടിയുടെ നിക്ഷേപമാണു നടത്തുന്നത്. നിലവിൽ പൈപ്പിലൂടെ പാചക ആവശ്യത്തിനുള്ള പ്രകൃതിവാതകം ലഭിക്കുന്ന ഏക ജില്ല എറണാകുളമാണ്. 2 മാസം മുൻപാണു വടക്കൻ ജില്ലകളിലേക്കുള്ള ലൈസൻസ് ലഭിച്ചത്. എറണാകുളത്തു പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ) ഈ ജില്ലകളിലും കരാർ ലഭിച്ചത്. ഇതുവരെ പദ്ധതിക്ക് അനുമതി ലഭിച്ച ജില്ലകളെല്ലാം കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ കടന്നുപോകുന്നതോ, സാമീപ്യമുള്ളതോ ആയ ജില്ലകളായിരുന്നു. തെക്കൻ ജില്ലകളിലേക്കും അടുത്ത ഘട്ടമായി പദ്ധതി വ്യാപിപ്പിക്കും.