Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ ‘ഇന്ത്യയിൽ’ വ്യാജന്മാർ വിലസുന്നു

digital-duplicate

ന്യൂഡൽഹി ∙ വ്യാജന്മാരുടെ ആക്രമണത്തിൽ കുലുങ്ങി കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതികളും. എല്ലാ കുടുംബങ്ങൾക്കും പാചകവാതക കണക്‌ഷൻ നൽക‌ാൻ ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ) പദ്ധതിയുടെ പേ‌രിലടക്കം തട്ടിപ്പു വ്യാപകമായതോടെ സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ദൗത്യം വെട്ടിലായി. ജാഗ്രതാ നിർദേശവുമായി വിവര സാങ്കേതിക മന്ത്രാലയം രംഗത്തെത്തി.

പാചകവാതക കണക്‌ഷനുള്ള വിതരണാവകാശം വ്യാജ‌മായി നൽകിയ വെബ്‌സൈറ്റാണ് ഏറ്റവും ഒടുവിൽ തലവേദന തീർത്തത്. ഉജ്വല യോജനയുടെ ഔദ്യോഗിക സൈറ്റിനു സമാനമായ വെബ് വിലാസമുണ്ടാക്കിയായിരുന്നു (ഉജ്വലയിൽ ജെ യുടെ ഇരട്ടിപ്പ് ഒഴിവാക്കി) തട്ടിപ്പ്. ഡിജിറ്റൽ ഇന്ത്യയുടെ ഔദ്യോഗിക ‌വെബ്‌സൈറ്റെന്നു തോന്നിക്കുന്ന ഇഗ്രാംഡിജിറ്റൽ.കോ.ഇൻ ആയിരുന്നു മറ്റൊന്ന്.

ബയോമെട്രിക് ഡിവൈസുകൾ വിതരണം ചെയ്യുന്നതിന്റെ പേരിലായിരുന്നു ഇവരുടെ തട്ടിപ്പ്. സർക്കാരിന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ നിയമനോത്തരവ് നൽകിയതടക്കമുള്ള ഇടപാടുകൾ വേറെ. സർക്കാർ പദ്ധതികളുടെ പേരു പകർത്താൻ ശ്രമം നടന്നിട്ടുണ്ടോയെന്ന കാര്യം സ്ഥി‍രമായി പരിശോധനാ വിധേയമാക്കണമെന്ന നിർദേശമാണു വിവര സാങ്കേതിക മന്ത്രാലയം ന‌ൽകുന്നത്. ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ നടപടിക്കു പരാതി നൽകുന്നതിനു പുറമേ, നാഷനൽ ഇന്റർനെറ്റ് എക്സ്‍ചേഞ്ച് ഓഫ് ഇന്ത്യയെ സമീപിക്കണമെന്നും നിർദേശമുണ്ട്.

തട്ടിപ്പു മാതൃകകളിൽ ചിലത് ഇങ്ങനെ:

വ്യാജ വെബ്സൈറ്റ് തയാറാക്കുമ്പോൾ സർക്കാർ പദ്ധതികളുടെയും മ‌ന്ത്രാലയങ്ങളുടെയും പേരിനോടു സമാനത പുലർത്തുക. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടെ ചിത്രം മുതൽ സർക്കാരിന്റെ ഔദ്യോഗിക ലോഗോ വരെ അനധികൃതമായി ഉപയോഗിക്കുക. അംഗീകാരം ഉണ്ടെന്നു തോന്നിക്കാൻ കേന്ദ്രസർ‌ക്കാർ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ നൽകുക. സർക്കാർ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾ തിരഞ്ഞുപിടിച്ചു ജോലി വാഗ്ദാനം നൽകുക.