Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിനിർത്തൽ നൽകിയത് ആശ്വാസം; പ്രധാന വിഷയങ്ങളിൽ തീരുമാനം പിന്നീട്

urjit-jaitley

ന്യൂഡൽഹി ∙ കർക്കശ വായ്പാനയം പുനഃപരിശോധിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം അടിസ്ഥാനസൗകര്യ വികസനത്തിന് ഉണർവാകും. നോട്ട് റദ്ദാക്കലിനും ജിഎസ്ടിക്കും പിന്നാലെ തകർന്ന ചെറുകിട, ഇടത്തരം വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഇതു വഴിവയ്ക്കും. പൊതുമേഖലാ ബാങ്കുകൾ പ്രതിസന്ധിയിലായതോടെയാണു റിസർവ് ബാങ്ക് വായ്പാനയം കർക്കശമാക്കിയത്. ഇതോടെ, അടിസ്ഥാനസൗകര്യം ഉൾപ്പെടെ ആഭ്യന്തര വളർച്ചയ്ക്കു കരുത്തേകുന്ന മേഖലകൾക്കു പണമില്ലാതായി. വായ്പാ നയത്തിനെതിരെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പരസ്യമായി രംഗത്തു വന്നിരുന്നു.

ചെറുകിട, ഇടത്തരം മേഖലയുടെ തകർച്ച തൊഴിലവസരങ്ങളെയും ബാധിച്ചിരുന്നു. 59 മിനിറ്റ് കൊണ്ട് ഒരു കോടി രൂപ വരെ ‌വായ്പ നൽകാനുള്ള പദ്ധതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്ര‌ഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. ബോർഡ് യോഗം തീരുന്നതിനു മുമ്പുതന്നെ ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചിരുന്നു. ആശങ്കകളുടെ പശ്ചാത്തലത്തിലും വിപണിയിൽ കാര്യമായ മുന്നേറ്റമാണുണ്ടായത്. സെൻസെക്സിൽ 317.72 പോയിന്റും നിഫ്റ്റിയിൽ 81.20 പോയിന്റും വർധന രേഖപ്പെടുത്തി. പല ബാങ്കുകളുടെയും ഓഹരികളിൽ ശ്രദ്ധേയമായ വർധനയുണ്ടായി.

വ്യാപാരം ആരംഭിക്കുമ്പോൾ വിദേശനാണ്യ വിപണിയിൽ രൂപ ദുർബലമാകുന്നതാണു കണ്ടത്. യുഎസ് ഡോളറിന് ഇറക്കുമതിക്കാരിൽനിന്നു പ്രിയം വർധിച്ചതാണു കാരണം. വ്യാപാരം അവസാനിക്കുമ്പോഴേക്കു രൂപ നില മെച്ചപ്പെടുത്തുകയുണ്ടായി. ഇടപാടുകൾ അവസാനിക്കുമ്പോൾ രൂപയുടെ നിരക്ക് 61.67ൽ എത്തിയിരുന്നു.

റിസർവ് ബാങ്കിന്റെ കരുതൽ ശേഖരം, ബാങ്കുകളുടെ കരുതൽ ധനാനുപാതം തുടങ്ങിയ വിഷയങ്ങളിൽ പിന്നാലെ തീരുമാനമെന്നാണു ധാരണ. ഈ ‌പ്രധാന വിഷയങ്ങളിൽ താൽക്കാലിക വെടിനിർത്തലുണ്ടായതും സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസം.

ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും ഭരണസമിതിയംഗം എസ്. ഗുരുമൂർത്തിയും നടത്തിയ പരസ്യപ്രസ്താവനകളാണു സർക്കാർ – റിസർവ് ബാങ്ക് തർക്കത്തിന്റെ ഗൗരവം പുറത്തു കൊണ്ടുവന്നത്. ബാങ്കിന്റെ സ്വയംഭരണാധികാരമില്ലാതാക്കുന്നത് ആപൽക്കരമാകുമെന്നായിരുന്നു ആചാര്യയുടെ മുന്നറിയിപ്പ്. ഏഴാം വകുപ്പു പ്രയോഗിച്ചു റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം പിടിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആദ്യ സൂചനകൾ നൽകിയതും അദ്ദേഹമാണ്.

കർക്കശ വായ്പാനയം, വികസനത്തിനു വിലങ്ങുതടിയാകുന്നുവെന്നായിരുന്നു ഗുരുമൂർത്തിയുടെ പക്ഷം. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കു പണം കിട്ടുന്നില്ലെന്നും കേന്ദ്ര ബാങ്കിന്റെ സമീപനം കൂടുതൽ ഉദാരമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത് സർക്കാർ–ബാങ്ക് പക്ഷങ്ങൾ ഏറ്റുമുട്ടലിന്റെ പാതയിലാണെന്നു സൂചന നൽകി.