Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയ്റോസ്പേസ് വ്യവസായങ്ങൾക്ക് നാനോ സ്പേസ് പാർക്ക്

ISRO

കൊച്ചി ∙ ടെക്നോസിറ്റിയിൽ നാനോ സ്പേസ് പാർക്ക് സ്ഥാപിക്കാൻ ഐഎസ്ആർഒയുമായി ധാരണ. 20 ഏക്കറിൽ സ്ഥാപിക്കുന്ന പാർക്കിൽ നിക്ഷേപം നടത്താൻ ജർമ്മനിയിൽ നിന്നുൾപ്പെടെ എയ്റോസ്പേസ് രംഗത്തെ 8 സ്റ്റാർട്ടപ് കമ്പനികൾ താൽപര്യം കാട്ടി. ടെക്നോപാർക്കിന്റെ ഭാഗമായ ടെക്നോസിറ്റിയിൽ ഉയരാൻ പോകുന്ന പാർക്കിൽ 2 ഏക്കർ ഐഎസ്ആർഒയ്ക്കു നൽകും. ബഹിരാകാശ ഗവേഷണകേന്ദ്രത്തിന് ആവശ്യമായ ഹൈടെക് ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന, നൂതന സാങ്കേതികവിദ്യ കൈവശമുള്ള വ്യവസായങ്ങളാണ് ഇവിടെ വരിക. അവ ടെസ്റ്റ് ചെയ്യാനുള്ള ലാബ് സൗകര്യം ഐഎസ്ആർഒ ഏർപ്പെടുത്തും.

എയ്റോസ്പേസ് രംഗത്തു നിക്ഷേപം നടത്താൻ വിദേശത്തു നിന്നു പോലും അന്വേഷണങ്ങളുണ്ടെന്ന് ഐടി വകുപ്പ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് നിരവധി സ്റ്റാർട്ടപ്പുകൾ ടെക്നോസിറ്റിയിലേക്കു മാറാനും തീരുമാനിച്ചിട്ടുണ്ട്. എയ്റോസ്പേസ് വ്യവസായങ്ങളുടെ വളർച്ചയുടെ നോഡൽ ഓഫിസറായി നേവിയിൽ നിന്നു വിരമിച്ച കമാൻഡർ ആർ. ഷിബുവിനെ സീനിയർ ഫെല്ലോ പദവിയിൽ നിയമിച്ചു.

തലസ്ഥാനത്തെ ദക്ഷിണ വ്യോമസേനാ കമാൻഡ് മേധാവികളുമായും ഐടി വകുപ്പ് ഇതു സംബന്ധിച്ചു ചർച്ച നടത്തി. എയ്റോസ്പേസ് വ്യവസായങ്ങളുടെ ഉൽപന്നങ്ങളിൽ പലതിന്റേയും ഉപയോക്താവ് കൂടിയാണ് വ്യോമസേന.

എയ്റോസ്പേസ് വ്യവസായങ്ങളുടെ വരവ് ശമ്പളം കൂടുതലുള്ള ഹൈടെക് തൊഴിലവസരങ്ങളിലേക്കാണു നയിക്കുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വൻകിട കമ്പനികളിലേക്ക് മലയാളികൾക്ക് തിരിച്ചു വരാനും നാനോ സ്പേസ് പാർക്ക് അവസരമൊരുക്കും.

നാനോ സ്പേസ് പാർോമക്ക് നൽകുന്ന ആകർഷണങ്ങൾ

∙ വിക്രംസാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സാമീപ്യം. അവിടെ നിന്നാണ് എയ്റോസ്പേസ് വ്യവസായങ്ങൾക്ക് മുഖ്യമായും ഓർഡറുകൾ ലഭിക്കേണ്ടത്.
∙ ഐഎസ്ആർഒയിൽ നിന്നു വിരമിച്ച നിരവധി ശാസ്ത്രജ്ഞർ തിരുവനന്തപുരം നഗരത്തിലുള്ളത് ഈ രംഗത്തെ വ്യവസായങ്ങൾക്കു പ്രയോജനകരമാണ്. അവരുടെ സാങ്കേതികജ്ഞാനവും പരിചയവും വ്യവസായങ്ങൾക്ക് ഉപയോഗപ്പെടുത്താം.
∙ ഫാബ് ലാബുകൾ ഒട്ടേറെയുള്ളതിനാൽ അതിനു ചേർന്ന ഇക്കോ സിസ്റ്റം ഇവിടെയുണ്ട്.
∙ സ്റ്റാർട്ടപ് കമ്പനികളെ നേരിട്ടു പ്രോൽസാഹിപ്പിക്കുന്ന നയമാണു സംസ്ഥാന സർക്കാരിനുള്ളത്.